ന്യൂഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നേക്കുമെന്ന ആശങ്കയില്‍ ഹരിയാനയിലെ എംഎല്‍എമാരെ ഛത്തീസ്ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഛത്തീസ്‌ഗഢിലെ ഒരു റിസോര്‍ട്ടില്‍ നാളെ മുതല്‍ മുറികള്‍ ബുക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എപ്പോഴാണ് എംഎല്‍എമാരെ മാറ്റുകയെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും എന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇതുണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ എ.എന്‍.ഐ.യോട് പറഞ്ഞു.
ഹരിയാനയില്‍ രണ്ട് സീറ്റുകളിലാണ് മത്സരം നടക്കുന്നത്. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ഓരോ സീറ്റില്‍ വിജയിക്കാനാകുമെങ്കിലും, ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ഒരു സീറ്റില്‍ ബി.ജെ.പി.യുടെ കൃഷ്ണലാല്‍ പന്‍വര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അജയ് മാക്കനെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതില്‍ ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കടക്കം അതൃപ്തിയുണ്ട്.
അജയ് മാക്കനെ പരാജയപ്പെടുത്താന്‍ ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയ മാധ്യമ സ്ഥാപന മേധാവി കാര്‍ത്തികേയ ശര്‍മയുടെ പിതാവിന്റെയും ഭാര്യാപിതാവിന്റെയും കോണ്‍ഗ്രസ് ബന്ധവും കോണ്‍ഗ്രസിന് തലവേനയാണ്. ഈ സാഹചര്യം ബിജെപി മുതലാക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്.