റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്പൂരിലെ മെയ്ഫെയർ ലേക്ക് റിസോർട്ട് കുറച്ച് സമയത്തേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ 'പോളിംഗ് സ്റ്റേഷനായി' മാറി. റായ്പുരിലെ റിസോര്‍ട്ടില്‍ കഴിയുന്ന ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇവിടെ റിഹേഴ്‌സല്‍ നടത്തിയത്. 29 എംഎല്‍എമാര്‍ റിഹേഴ്‌സലില്‍ പങ്കെടുത്തു.
മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഉൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാരെല്ലാം വോട്ടിങ്ങിനുള്ള ഈ റിഹേഴ്സലിൽ പാസായി. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കനും രാജ്യസഭാംഗം ദീപേന്ദർ സിംഗ് ഹൂഡയും പോളിംഗ് ബൂത്തിനകത്ത് പാർട്ടിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി പ്രവർത്തിച്ചു.
ചൊവ്വാഴ്ചയാണ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ റായ്പൂരിൽ എത്തിയത്. പാർട്ടിയിലെ സഹ എംഎൽഎമാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വോട്ടിങ്ങിനുള്ള റിഹേഴ്സലുകളിൽ പങ്കാളിയായ ശേഷമാണ് ഹൂഡ മടങ്ങിയത്. കോൺഗ്രസ് ചുമതലയുള്ള വിവേക് ബൻസാൽ, സംസ്ഥാന അധ്യക്ഷൻ ചൗധരി ഉദയ്ഭാൻ എന്നിവരും ഹൂഡയെ അനുഗമിച്ചു. കോൺഗ്രസ് എംഎൽഎമാരുടെ അംഗബലം 31 ആണ്.
വ്യക്തിപരമായ കാരണങ്ങളാൽ കിരൺ ചൗധരിയും എതിര്‍പ്പ് മൂലം കുൽദീപ് ബിഷ്‌ണോയിയും റായ്പൂരിലേക്ക് പോയില്ല. നിലവിൽ 29 എംഎൽഎമാരാണ് മേഫെയറിലുള്ളത്. അവർക്ക് റിസോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല. ഈ എംഎൽഎമാരുടെ സുരക്ഷയ്ക്കായി റിസോർട്ടിന് പുറത്ത് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കന് വിജയിക്കാൻ വേണ്ടത് 31 എംഎൽഎമാരുടെ വോട്ട് മാത്രം. 31 വോട്ടുകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.