/sathyam/media/post_attachments/0ZpiRr2Hp1dwgapRJqkk.jpg)
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. ഇരുപത്തഞ്ചോളം പേര്‍ മരിച്ചു. അസമിലും മേഘാലയയിലുമാണ് വ്യാപക നാശനഷ്ടമുണ്ടായത്. അസമിൽ മാത്രം മുങ്ങിമരിച്ചത് ഒമ്പതു പേരാണ്. 29 ജില്ലകളിലായി ഏഴുലക്ഷത്തോളം പേർ നിലവിൽ പ്രളയബാധിതരാണ്. മഴയിൽ വീടുനഷ്ടപ്പെട്ട 74,705 പേരെ 234 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചു.
മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിലെ ഗാംബെഗ്രെ ബ്ലോക്ക് ഏരിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും രണ്ടര വയസ്സുള്ള ഒരു കുട്ടിയും മണ്ണിനടിയിലായി. സൗത്ത് ഗാരോ ഹിൽസിലെ ബുഗി നദിക്കു കുറുകെയുള്ള പാലം ഒലിച്ചുപോയി.
ഗാരോ ഹിൽസിലെ മൂന്നാമത്തെ വലിയ നദിയാണ് ബുഗി. റുഗ ഗ്രാമത്തെ ജെജിക ഗ്രാമവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു പാലവും ഇതായിരുന്നു. പാലം തകർന്നതോടെ ഈ ഗ്രാമങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ജൂൺ 10-11 തീയതികളിൽ അരുണാചൽ പ്രദേശിലും അടുത്ത അഞ്ച് ദിവസങ്ങളിൽ അസമിലും മേഘാലയയിലും ഒറ്റപ്പെട്ട അതിശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.