രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മമതാ ബാനര്‍ജി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ആരംഭിച്ചു; മഹാത്മാ ഗാന്ധിയുടെ ചെറുമകനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് ഇടതു പാര്‍ട്ടികള്‍! സ്ഥാനാർത്ഥിയാകാനില്ലെന്ന് ആവര്‍ത്തിച്ച് ശരദ് പവാര്‍; രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ അഭിപ്രായമറിയാൻ മോദിക്ക് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ആരംഭിച്ചു. യോഗത്തില്‍ 17 പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

Advertisment

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎല്‍), ആര്‍എസ്പി, ശിവസേന, എന്‍സിപി, ആര്‍ജെഡി, എസ്.പി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജെഡിഎസ്, ഡിഎംകെ, ആര്‍എല്‍ഡി, മുസ്ലിംലീഗ്, ജെഎംഎം തുടങ്ങിയ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മഹാത്മാ ഗാന്ധിയുടെ ചെറുമകനായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേര് ഇടതുപാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ചു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയിലാണ് മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കൂടിയായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേര് ഇടത് പാര്‍ട്ടികള്‍ നിര്‍ദേശിച്ചത്. പവാര്‍ ഇതിനോട് എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നാണ് വിവരം.

രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന് മമതാ ബാനർജി വിളിച്ച പ്രതിപക്ഷ സംഘടനകളുടെ യോഗത്തിലും ശരദ് പവാര്‍ നിലപാട് ആവര്‍ത്തിച്ചു.  സ്ഥാനാർത്ഥിയാകാനില്ലെന്ന് ഇടത് നേതാക്കളെ നേരത്തെ തന്നെ ശരദ് പവാർ അറിയിച്ചിരുന്നു. സമവായ സ്ഥാനാർത്ഥി എന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന നിലപാടാണ് ശരദ് പവാർ അറിയിച്ചത്.

ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ ഇടതുനേതാക്കളെ അറിയിച്ചു. പകരം ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശമാണ് നേരത്തെ പവാർ മുന്നോട്ടുവെച്ചത്.

അതേസമയം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത് സംബന്ധിച്ച കാര്യം തന്നോട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആലോചിക്കാന്‍ സമയം വേണമെന്നാണ് നേതാക്കളെ അറിയിച്ചതെന്നും ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതികരിച്ചു.

2017-ല്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധി മത്സരിച്ചിരുന്നു. എന്നാല്‍ വെങ്കയ്യ നായിഡുവിനോട് അദ്ദേഹം പരാജയപ്പെട്ടു. 77-കാരനായ ഗോപാല്‍കൃഷ്ണ ഗാന്ധി ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലും ഇന്ത്യയുടെ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ട്.

അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രതിപക്ഷത്തിന്റെ അഭിപ്രായമറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നെന്നു കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ വെളിപ്പെടുത്തി.

‘കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌‍‌നാഥ് സിങ്ങുമായി ഞാൻ സംസാരിച്ചിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ അഭിപ്രായമറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ മുന്നോട്ടു വയ്ക്കുന്ന നിർദേശമെന്താണ്? ആരാണു സ്ഥാനാർഥിയാവുക എന്നു തിരിച്ചു ചോദിച്ചു. ഏകകണ്‌‌ഠമായി, വിവാദങ്ങളില്ലാതെ, ഒരു പേര് ഞങ്ങൾ നിർദേശിച്ചാൽ സർക്കാർ അത് അംഗീകരിക്കുമോ എന്നും അദ്ദേഹത്തോടു ചോദിച്ചിട്ടുണ്ട്’– എന്നാണു വാർത്താ ഏജൻസിയായ എഎൻഐയോടു ഖർഗെ പറഞ്ഞത്.

രാഷ്ട്രപതി സ്ഥാനാർഥിയെ നിർത്തുന്നത് ആലോചിക്കാൻ 22 പാർട്ടികളെയാണു മമത യോഗത്തിലേക്കു ക്ഷണിച്ചിട്ടുള്ളത്.

ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെ മമതാ ബാനര്‍ജി സ്വീകരിച്ചു. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രണ്‍ദീപ് സിങ് സുര്‍ജെവാല, ജയ്‌റാം രമേശ് തുടങ്ങിയ നേതാക്കളാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നത്.

തെലങ്കാന രാഷ്ട്ര സമിതി, ആം ആദ്മി പാര്‍ട്ടി, ബിജു ജനതാ ദള്‍,വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മമത വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല.

2017ലെ തിരഞ്ഞെടുപ്പിൽ കെ.ചന്ദ്രശേഖര റാവുവിന്റെ െതലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), ജഗൻ മോഹൻ റെഡ്ഡിയുടെ ൈവഎസ്ആർ കോൺഗ്രസ്, നവീൻ പട്നായിക്കിന്റെ ബിജെഡി എന്നീ പാർട്ടികളുടെ പിന്തുണ ബിജെപിക്കായിരുന്നു. ജൂലൈ 18നാണു രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 21ന് ഫലം പ്രഖ്യാപിക്കും.

Advertisment