ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു. നേരത്തെ യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി തിരഞ്ഞെടുത്തിരുന്നു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ദ്രൗപതി മുര്‍മു തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെന്ന് വ്യക്തമാണ്.
ആരാണ് ദ്രൗപതി മുര്‍മു?
ഒഡീഷ സ്വദേശിയായ ദ്രൗപതി മുര്‍മു 1958 ജൂണ്‍ 20ന് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിലാണ് ജനിച്ചത്. 2000 മുതൽ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുർമു റൈരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഓണററി അസിസ്റ്റന്റ് ടീച്ചറായും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചു.
രാഷ്ട്രീയ ജീവിതം?
കൗണ്‍സിലറായാണ് ദ്രൗപതി മുര്‍മു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. റൈരംഗ്പുര്‍ നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ വൈസ് ചെയര്‍പേഴ്‌സണായി പിന്നീട് മാറി. 2013ൽ എസ്ടി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി അവർ ഉയർന്നു. 2002 മുതൽ 2009 വരെയും 2013-ലും മയൂർഭഞ്ജിന്റെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു.
ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളേജിൽ നിന്ന് ആർട്‌സ് ബിരുദധാരിയായ അവർ രണ്ട് പതിറ്റാണ്ടോളം രാഷ്ട്രീയത്തിലും സാമൂഹിക സേവനത്തിലും ചെലവഴിച്ചു. ഒഡീഷ നിയമസഭയിൽ നിന്ന് മികച്ച നിയമസഭാംഗത്തിനുള്ള നീല്‍കണ്ഠ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡ് ഗവര്‍ണര്‍
2000-ൽ ജാർഖണ്ഡ് രൂപീകൃതമായതിനുശേഷം അഞ്ച് വർഷത്തെ കാലാവധി (2015-2021) പൂർത്തിയാക്കിയ ആദ്യ ഗവർണറാണ് ദ്രൗപതി മുര്‍മു. ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണറായ ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. സന്താൾ വശജയാണ് ദ്രൗപദി.
തിരിച്ചടികള്‍ നേരിട്ട ജീവിതത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയിലേക്ക്
ശ്യാം ചരണ്‍ മുര്‍മു എന്നയാളെയാണ് ദ്രൗപതി മുര്‍മു വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെയും രണ്ട് ആണ്‍മക്കളുടെയും വിയോഗം ഇവരെ ഏറെ തളര്‍ത്തി. എന്നാല്‍ പ്രതിസന്ധികളോട് പൊരുതാനായിരുന്നു ദ്രൗപതിയുടെ തീരുമാനം. ആ നിശ്ചയദാര്‍ഢ്യമാണ് അവരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നതിലേക്ക് എത്തിച്ചത്.
ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നില്ല. ഏകദേശം 20 പേരുകളായിരുന്നു ബിജെപിയുടെ പരിഗണനയിലുണ്ടായിരുന്നത്. അതില്‍ ദ്രൗപതി മുര്‍മുവും ഉള്‍പ്പെടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, എന്‍ഡിഎയും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ആ അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ വിരാമമായി.