ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കൂടിക്കാഴ്‌ച 30 മിനിറ്റ് നീണ്ടുനിന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള മുതിര്‍ന്ന നേതാക്കൾക്കൊപ്പമാണ് ഫഡ്നാവിസ് ഗവര്‍ണറെ കാണാൻ എത്തിയത്.
ഇന്ന് രാവിലെ ഡൽഹിയിൽ നിര്‍ണായക കൂടിക്കാഴ്ചകൾ നടത്തിയ ശേഷമാണ് ഫഡ്നാവിസ് മുംബൈയിലെത്തി ഗവര്‍ണരെ കാണുന്നത്. രാവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി ജനറൽ സെക്രട്ടറി അരുണ് സിംഗും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അവിടെ നിന്നും ആഭ്യന്തരമന്ത്രി അമിത് ഷായേയും ഫഡ്നാവിസ് സന്ദര്‍ശിച്ചു.
ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ എംഎൽഎമാരുടെ സംഘത്തോടൊപ്പം മുംബൈയിൽ ഗവർണറുമായി കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് ബിജെപി നേതാക്കൾ ഒത്തുചേർന്നത്. അതേസമയം, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിശ്വാസവോട്ടെടുപ്പിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുമെന്ന അഭ്യൂഹം ശക്തമായത്. വിശ്വാസവോട്ടെടുപ്പിനെതിരെ ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി ഗുവാഹത്തിയിലുള്ള ശിവസേനയുടെ വിമത എംഎൽഎമാര്‍ മറ്റന്നാൾ രാവിലെ മുംബൈയിൽ തിരിച്ചെത്തും എന്നാണ് വിവരം.