ശിവസേനയ്ക്കും ഉദ്ധവ് താക്കറേയ്ക്കും ബിജെപി കൊടുത്തത് എട്ടിന്റെ പണിതന്നെ ! 2019ല്‍ കൂടെ നിന്നിട്ട് അധികാരത്തിനായി വഴി പിരിഞ്ഞനാൾ മുതൽ ഉദ്ധവ് അമിത് ഷായുടെ നോട്ടപ്പുള്ളി ! മഹാരാഷ്ട്രയില്‍ ഇനി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും ! ഉദ്ധവ് ആളില്ലാ നേതാവായി പ്രതിപക്ഷത്തിരിക്കും. ഏകനാഥ് ഷിന്‍ഡേ സൂറത്തിലെത്തും വരെ ഉദ്ദവും അഖാഡി സര്‍ക്കാരും ഒന്നും അറിഞ്ഞില്ല ! കോണ്‍ഗ്രസിനെയും എന്‍സിപിയെയും വിട്ട് ശിവസേനയെ തന്നെ ഇല്ലാതാക്കിയത് അമിത്ഷായുടെ ബുദ്ധി. ഇനി സേനയെന്ന പാര്‍ട്ടിയുടെ ഭാവി തന്നെ തുലാസില്‍. മഹാനാടകത്തിന് അന്ത്യമായി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: ഒരാഴ്ച നീണ്ട മഹാനാടകത്തിന് പരിസമാപ്തി. നാളെ വിശ്വാസ വോട്ടിന് കാത്തുനില്‍ക്കാതെ ഉദ്ദവ് താക്കറെ രാജിവച്ചു. വളരെ വൈകാരികമായി പ്രതികരിച്ചാണ് ഉദ്ദവ് മുഖ്യമന്ത്രി കസേരയില്‍ നിന്നിറങ്ങിയത്.

Advertisment

ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചത്. രണ്ടുവര്‍ഷവും 212 ദിവസത്തിനു ശേഷമാണ് സഖ്യസര്‍ക്കാര്‍ ഭരണം വിട്ടൊഴിയുന്നത്.

മഹാരാഷ്ട്രയില്‍ മഹാസഖ്യത്തിന്റെ സര്‍ക്കാര്‍ താഴെ വീണതോടെ ബിജെപിക്ക് ഇത് മധുര പ്രതികാരമാണ്. 2019ല്‍ സേനാ-ബിജെപി സഖ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷം സേന പിന്‍മാറിയത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചിരിക്കുന്നതിനിടെയാണ് ഉദ്ദവ് താക്കറെ മറുകണ്ടം ചാടി സര്‍ക്കാര്‍ ഉണ്ടാക്കിയത്.

എന്നാല്‍ പ്രതികാരം ചെയ്യാന്‍ ബിജെപി കാത്തുനില്‍ക്കുകയായിരുന്നു. ശിവസേനയെ തന്നെ ദുര്‍ബലപ്പെടുത്തി ഭരണം തിരികെ പിടിക്കാനായിരുന്നു ബിജെപി തക്കം പാര്‍ത്തിരുന്നത്.

ഭരണം മുന്നോടുപോകുമ്പോള്‍ സേനയിലെ അസ്വസ്ഥരെ ബിജെപി തെരഞ്ഞു പിടിച്ചു. ഏക്‌നാഥ് ഷിന്‍ഡേ സൂറത്തിലേക്ക് പോകുന്നതുവരെ സ്വന്തം കാല്‍ചുവട്ടിലെ മണ്ണിളകിയത് താക്കറേ അറിഞ്ഞില്ല. ഉദ്ദവിന്റെ മകന്‍ ആദിത്യയ്ക്ക് ജനപിന്തുണ ഇല്ലാതെ പോയതും ഉദ്ദവിന് തിരിച്ചടിയായി.

ഭരണം തിരിച്ചു പിടിക്കാന്‍ നാല്‍പത് എംഎല്‍എമാര്‍ മാത്രം മതിയായിരുന്നപ്പോഴും കോണ്‍ഗ്രസിനെയും എന്‍സിപിയെയും പിളര്‍ത്തി ആളെ പിടിക്കാന്‍ ബിജെപി തയ്യാറായില്ല. അവര്‍ കാത്തിരുന്നത് ശിവസേനയെ തന്നെയായിരുന്നു.

ഒടുവില്‍ എംഎല്‍എസി തെരഞ്ഞെടുപ്പിന് പിന്നാലെ 18 ശിവസേന എംഎല്‍എമാരുമായി ഷിന്‍ഡേ ഗുജറാത്തിലെ സൂറത്തിലേക്ക് കടന്നു. അവിടെ നിന്ന് ഗുവാഹാട്ടിയിലേക്ക് കടന്ന് എംഎല്‍എമാരുമായി ആഡംബര ഹോട്ടലില്‍ കഴിഞ്ഞു. ഇതിനിടെ എംഎല്‍എമാരുടെ എണ്ണം കൂടി.

ഒടുവില്‍ ഉദ്ദവ് താക്കറെ വീഴുമ്പോള്‍ ബിജെപി ചിരിക്കുന്നു. അന്ന് തങ്ങളെ കൂടെ നിന്ന് ചവിട്ടി വീഴ്ത്തിയ സേനയെ ഇന്ന് ഇല്ലാതാക്കിയാണ് ബിജെപി അധികാരത്തിലേക്ക് മടങ്ങി വരുന്നത്. മഹാരാഷ്ട്രയില്‍ സേനാ രാഷ്ട്രീയത്തിന്റെ പ്രസക്തി ഇനി ഇല്ലാതാകാനാണ് സാധ്യത.

Advertisment