മുംബൈ: വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം ഏറെ അപ്രതീക്ഷിതമായിരുന്നു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് പ്രഖ്യാപനം നടക്കിയത്. ഫഡ്നാവിസ് സർക്കാരിൻ്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ പ്രഖ്യാപനം. രാത്രി 7.30 നാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക.
‘‘2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സർക്കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിർത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന തീരുമാനിച്ചത്.’’– ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
'കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം ഉപേക്ഷിക്കാന്‍ ശിവസേന എം.എല്‍.എമാര്‍ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു. സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എമാരേക്കാളും താക്കറെ മുന്‍ഗണന നല്‍കിയത് മഹാവികാസ് അഘാഡി സഖ്യത്തിലെ നേതാക്കള്‍ക്കാണ്. അതുകൊണ്ടാണ് ശിവേസന എംഎല്‍എമാര്‍ക്ക് അവരുടെ ശബ്ദം ഉയര്‍ത്തേണ്ടി വന്നതെ'ന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.
'ഞങ്ങളുടെ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ സമീപിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ് കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹത്തെ ബോധിപ്പിച്ചിരുന്നു. ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപിയുമായി സ്വാഭാവിക സഖ്യം ഞങ്ങള്‍ ആവശ്യപ്പെട്ടത്' ഷിന്‍ഡെ പറഞ്ഞു.