മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ എത്തുന്നത് ഏറെ അപ്രതീക്ഷിതമായാണ്. എംഎല്‍എമാരെ ഒപ്പം നിര്‍ത്തി വിമത നീക്കത്തിലൂടെ ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാഡി സഖ്യത്തെ നിലംപരിശാക്കിയത് ഏക്‌നാഥ് ഷിന്‍ഡെയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് കരുതിയിടത്താണ്, ഏവരെയും അമ്പരപ്പിച്ച് ആ സ്ഥാനത്തേക്ക് ഷിന്‍ഡെയെത്തുന്നത്.
മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ജവാലിയില്‍ 1964 ഫെബ്രുവരി ഒന്‍പതിനാണ് ഷിന്‍ഡെയുടെ ജനനം. മദ്യശാലയില്‍ വിതരണക്കാരനായും ഓട്ടോറിക്ഷ ഡ്രൈവറായും ജോലിനോക്കി പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടക്കം കുറിച്ച ഷിന്‍ഡെ ശിവസേനയുടെ കരുത്തുറ്റ നേതാവായി മാറിയത് വളരെ പെട്ടെന്നായിരുന്നു.
ആനന്ദ് ഡിഗെയ്ക്ക് ശേഷം പാര്‍ട്ടിയുടെ താനെ ജില്ലയിലെ അനിഷേധ്യ നേതാവായി ഷിന്‍ഡെ ഉയരുകയായിരുന്നു. 1980കളുടെ തുടക്കത്തിലാണ് ശിവസേനയിൽ സജീവമായത്. താനെ കോർപറേഷൻ അംഗമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങി. ആനന്ദ് ഡിഗെയാണ് ഷിന്ദയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് ബാല്‍താക്കറെയുടെ പ്രിയം പിടിച്ചുപറ്റി. രാജ് താക്കറെ, നാരായൺ റാണെ തുടങ്ങിയവർ പാർട്ടി വിട്ടപ്പോൾ ശിവസേനയിൽ കൂടുതൽ ശക്തനായി.
2004ൽ ആദ്യമായി എംഎല്‍എയായി. 2000 ജൂണിൽ നടന്ന ബോട്ടപകടത്തിൽ രണ്ടു മക്കൾ മരിച്ചതോടെ ഷിൻഡെ രാഷ്ട്രീയം വിട്ടിരുന്നു. നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണു വീണ്ടും രാഷ്ട്രീയത്തിലെത്തിയത്. 1990-കളില്‍ നഗരസഭ അംഗമായി തീര്‍ന്ന ഷിന്ദേ പിന്നീട് തുടര്‍ച്ചയായി നാല് തവണ എം.എല്‍.എയായി. 2004, 2009, 2014, 2019 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലാണ് ഷിന്‍ഡെ വിജയക്കൊടി പാറിച്ചത്.
ഫഡ്‌നവിസ് മന്ത്രിസഭയില്‍ അംഗമായി. 2014ൽ ബിജെപിയുമായി തെറ്റി ശിവസേന പ്രതിപക്ഷത്തായപ്പോൾ ഷിൻഡെ പ്രതിപക്ഷ നേതാവായി. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതോടെ നഗര വികസനം എന്ന സുപ്രധാന വകുപ്പ് ലഭിച്ചു. എന്നാല്‍ ആ വകുപ്പില്‍ ഉദ്ധവ് നടത്തിയ ഇടപെടലുകള്‍ ഷിന്‍ഡെയെ വിമതനാക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.