ഡല്‍ഹി: ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കനത്ത തിരിച്ചടിയായി രണ്ടു മുതിര്‍ന്ന നേതാക്കളുടെ വിമതനീക്കം. മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മ, ഗുലാം നബി ആസാദ് എന്നിവര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഗുലാം നബി സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുമ്പോട്ടു പോകുമ്പോള്‍ ആനന്ദ് ശര്‍മ്മയുടെ കണ്ണ് ബിജെപിയിലാണ്. ഇരുവരെയും പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള നീക്കം കോണ്‍ഗ്രസ് ഒരു ഭാഗത്ത് നടത്തുന്നുണ്ട്. പക്ഷേ അതിനോട് അനുകൂല പ്രതികരണം ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് സൂചന.
വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, കശ്മീര്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇരുവരും നിര്‍ണ്ണായക നീക്കം നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. വാര്‍ത്തകളെ ഇരുവരും തള്ളുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടന്നെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുമ്പോഴും വിളിച്ചിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. തങ്ങള്‍ ഇരുവരും ഹിമാചല്‍ സ്വദേശികളാണെന്നും ഒരുമിച്ച് പങ്കെടുക്കുന്ന ചടങ്ങുണ്ടെന്നുമൊക്കെയുള്ള ന്യായീകരണമാണ് ആനന്ദ് ശര്‍മ്മ നടത്തിയത്.
നവംബറിലാണ് ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്. അതു മുന്നില്‍ കണ്ടുള്ള നീക്കത്തിലാണ് ആനന്ദ് ശര്‍മ്മ. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയാല്‍ ഉയര്‍ത്തിക്കാട്ടാവുന്ന ഒരു മുഖമായി ആനന്ദ് ശര്‍മ്മയെ അവതരിപ്പിക്കാമെന്ന പ്രതീക്ഷ ബിജെപിയ്ക്കുമുണ്ട്.
ഈ നിലയില്‍ കാര്യങ്ങള്‍ മുമ്പോട്ടു പോയാല്‍ ഒന്നോ രണ്ടോ മാസത്തിനകം അദ്ദേഹം പാര്‍ട്ടി വിടാനാണ് സാധ്യത. കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗേ ആനന്ദ് ശര്‍മ്മയെ കണ്ടിരുന്നു. സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഖാര്‍ഗേ ആനന്ദ് ശര്‍മ്മയെ കണ്ടത്.
പാര്‍ട്ടി പുനസംഘടനയില്‍ അര്‍ഹമായ പദവി നല്‍കാമെന്ന് ഖാര്‍ഗേ ആനന്ദ് ശര്‍മയോട് വ്യക്തമാക്കിയിരുന്നു. ഇതിന് അദ്ദേഹം തയ്യാറാകുമോ എന്നു കണ്ടറിയണം.
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപി പിന്തുണയോടെ മത്സരിക്കാനാണ് ഗുലാം നബി ആസാദിന്റെ പദ്ധതിയെന്നാണ് സൂചന. കശ്മീര്‍ കേന്ദ്രീകരിച്ച് ചെറിയ പാര്‍ട്ടികളുമായി ഗുലാം നബി ആസാദ് നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതിനിടെ കാശ്മീരിലെ പുതിയ പിസിസി അധ്യക്ഷനായി ആസാദിന്റെ വിശ്വസ്തനെ നിയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന.
വികര്‍ റസൂര്‍ വാനിയാണ് പരിഗണനാ പട്ടികയില്‍ മുമ്പന്‍. ആസാദിന്റെ വിശ്വസ്തനായ റസൂര്‍ വാനിയെ നിയമിച്ചാല്‍ ആസാദിനൊപ്പം കൊഴിഞ്ഞു പോകുന്നവരുടെ എണ്ണം കുറയുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്.