ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇ.ഡി. ആസ്ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറോളം സോണിയയെ ചോദ്യം ചെയ്തു. അവരുടെ ആരോഗ്യനില കൂടി കണക്കിലെടുത്താണ് ചോദ്യം ചെയ്യൽ പെട്ടെന്ന് അവസാനിപ്പിച്ചതെന്ന് ഇഡി വൃത്തങ്ങൾ വിശദീകരിച്ചു. ആവശ്യമെങ്കിൽ ഇനിയും സോണിയയെ സമൻസ് നൽകി വിളിപ്പിക്കുമെന്നും ഇഡി വ്യക്തമാക്കി.
ചോദ്യം ചെയ്യല്ലിൽ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് വരിച്ചു. ഡല്‍ഹിയിലും തിരുവനന്തപുരത്തും ട്രെയിൻ തടഞ്ഞും പ്രതിഷേധമുണ്ടായി. മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം സോണിയയെ ചോദ്യം ചെയ്യില്ലെന്ന സൂചന നേരത്തെ തന്നെ ഇ.ഡി. വൃത്തങ്ങള്‍ നല്‍കിയിരുന്നു.
അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും വേണ്ടി വന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര പറഞ്ഞു. ഏതെങ്കിലും ഒരു ബിജെപി നേതാവിനെ ഇഡി ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
ബിജെപിയുടെ ഭരണത്തിൽ ജനം അസന്തുഷ്ടരാകുമ്പോൾ ഗാന്ധി കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിടാനാണ് അവർ ശ്രമിക്കുന്നത്. രാജ്യത്തിന് ആവശ്യമായ മാറ്റം കൊണ്ടുവരാൻ തനിക്ക് സാധിക്കുമെന്ന് ജനത്തിന് തോന്നിയാൽ തീർച്ചയായും രാഷ്ട്രീയത്തിൽ ഇറങ്ങിയിരിക്കും. ഇഡിയോട് എങ്ങനെ ഇടപെടണമെന്ന് സോണിയയ്ക്ക് ഉപദേശം നൽകിയിട്ടുണ്ടെന്നും വദ്ര പറഞ്ഞു.