ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തിരഞ്ഞെടുത്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞതിനു ശേഷം മാത്രമേ ദ്രൗപദിയെ വിജയിയായി പ്രഖ്യാപിക്കുകയുള്ളൂ. ഇതിനകം 5,77,777 വോട്ടുകള്‍ ദ്രൗപദിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചില സംസ്ഥാനങ്ങളിൽ കൂടി വോട്ടുകൾ ഇനി എണ്ണാൻ ബാക്കിയുണ്ടെങ്കിലും മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന ദ്രൗപദി മുര്‍മു ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വിജയം ഉറപ്പായതിന് പിന്നാലെ ദ്രൗപദി മുര്‍മുവിനെ നേരിൽ കണ്ട് അനുമോദനം അറിയിച്ചു.
വോട്ടെണ്ണലിന്റെ രണ്ടുഘട്ടത്തിലും ദ്രൗപദി തന്നെയായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്. എം.പിമാര്‍ പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറിലും നിയമസഭാംഗങ്ങള്‍ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറിലുമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്.
രണ്ടാം റൗണ്ടിലും മുർമുവിന് വൻ ലീഡ് ലഭിച്ചിരുന്നു. ഇംഗ്ലിഷ് അക്ഷരമാലക്രമത്തിൽ ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ മുർമുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിൻഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണ്.
ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ ബിജെഡി, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ശിവസേന, ജെഎംഎം എന്നീ പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിനു കിട്ടി.
ഒഡീഷയിലെ മയൂർഭഞ്ചിലെ ഒരുൾനാടൻ ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോൾ കുറിക്കപ്പെടുന്നത് പുതുചരിത്രമാണ്. ഇന്ത്യയുടെ രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ് ദ്രൗപദി മുര്‍മു. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും.
ദ്രൗപതി മുര്‍മു
ഒഡീഷ സ്വദേശിയായ ദ്രൗപതി മുര്‍മു 1958 ജൂണ്‍ 20ന് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിലാണ് ജനിച്ചത്. 2000 മുതൽ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുർമു റൈരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഓണററി അസിസ്റ്റന്റ് ടീച്ചറായും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചു.
രാഷ്ട്രീയ ജീവിതം
കൗണ്‍സിലറായാണ് ദ്രൗപതി മുര്‍മു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. റൈരംഗ്പുര്‍ നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ വൈസ് ചെയര്‍പേഴ്‌സണായി പിന്നീട് മാറി. 2013ൽ എസ്ടി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി അവർ ഉയർന്നു. 2002 മുതൽ 2009 വരെയും 2013-ലും മയൂർഭഞ്ജിന്റെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു.
ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളേജിൽ നിന്ന് ആർട്‌സ് ബിരുദധാരിയായ അവർ രണ്ട് പതിറ്റാണ്ടോളം രാഷ്ട്രീയത്തിലും സാമൂഹിക സേവനത്തിലും ചെലവഴിച്ചു. ഒഡീഷ നിയമസഭയിൽ നിന്ന് മികച്ച നിയമസഭാംഗത്തിനുള്ള നീല്‍കണ്ഠ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡ് ഗവര്‍ണര്‍
2000-ൽ ജാർഖണ്ഡ് രൂപീകൃതമായതിനുശേഷം അഞ്ച് വർഷത്തെ കാലാവധി (2015-2021) പൂർത്തിയാക്കിയ ആദ്യ ഗവർണറാണ് ദ്രൗപതി മുര്‍മു. ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണറായ ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. സന്താൾ വശജയാണ് ദ്രൗപദി.
തിരിച്ചടികള്‍ നേരിട്ട ജീവിതം
ശ്യാം ചരണ്‍ മുര്‍മു എന്നയാളെയാണ് ദ്രൗപതി മുര്‍മു വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെയും രണ്ട് ആണ്‍മക്കളുടെയും വിയോഗം ഇവരെ ഏറെ തളര്‍ത്തി. എന്നാല്‍ പ്രതിസന്ധികളോട് പൊരുതാനായിരുന്നു ദ്രൗപതിയുടെ തീരുമാനം. ആ നിശ്ചയാദാര്‍ഢ്യം അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍ കരുത്ത് പകര്‍ന്നു. ആദ്യമായി ഗോത്ര വിഭാഗത്തിൽ നിന്ന് ഒരു വനിത റായ്സിന കുന്നിലെത്തുമ്പോൾ ഒരു പുതുചരിത്രമാണ് ഇതോടെ കുറിക്കപ്പെടുന്നത്.