/sathyam/media/post_attachments/any8VIhfGKwZeBJASZ87.jpg)
അഗര്‍ത്തല: ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോൺഗ്രസ്. സഖ്യം അധികാരത്തിലെത്തിയാല്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന ഗോത്രവര്‍ഗ്ഗ നേതാവ് മുഖ്യമന്ത്രിയാവുമെന്ന് അജയ് കുമാര്‍ കൈലാശഹറിലെ സംയുക്തറാലിയില്‍ പറഞ്ഞു. തൃപുര, സിക്കിം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയാണ് അജയ് കുമാര്‍.
സംസ്ഥാനത്ത് ബിജെപിക്ക് അഞ്ച് സീറ്റുകള്‍ പോലും ജയിക്കാന്‍ കഴിയില്ലെന്നും അജയ് കുമാര്‍ അവകാശപ്പെട്ടു. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തില്‍ നിന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഒഴിഞ്ഞുമാറിയിരുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സി.പി.എം. നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല. ഗോത്രവിഭാഗത്തിൽ നിന്നുള്ള സിപിഎം നേതാവ് ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.