പ്ലീനറിയില്‍ തിളങ്ങി തരൂര്‍; തരൂരിന് 'ലൈക്ക'ടിച്ച് വേണുഗോപാല്‍; അപകടം മണത്ത് ചെന്നിത്തലയുടെ വിട്ടുനില്‍ക്കല്‍ ! പ്ലീനറി സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ സൂചനകള്‍ വ്യക്തം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

റായ്പൂർ : പ്രവർത്തകരുടെ വികാരം ഹൈക്കമാൻഡ് തിരിച്ചറിയുന്നു, അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിലെത്തിയേക്കും. പ്ലീനറി സമ്മേളനത്ത അഭിസംബോധന ചെയ്യാൻ തരൂരിന് അവസരം നൽകിയതും അദ്ദേഹത്തിൻെറ പ്രസംഗം എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫേസ്ബുക്ക് ലൈവ് ചെയ്തതുമെല്ലാം തരൂർ കോൺഗ്രസിൻ‍െറ പരമോന്നത സമിതിയിലേക്ക് എത്തുന്നതിന്റെ സൂചനയായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

Advertisment

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്നും അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുളള പൂർണ ചുമതല കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗേയ്ക്ക് നൽകാനും സ്റ്റീയറിങ്ങ് കമ്മിറ്റിയിൽ ധാരണയായിരുന്നു. ഖാർഗേക്കും തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുന്നതിനോട് താൽപര്യമാണ്. അതുകൊണ്ടു തന്നെ ശശി തരൂർ പ്രവർത്തക സമിതിയിലേക്കുളള ബർത്ത് ഏതാണ്ട് ഉറപ്പിച്ചമട്ടാണ്.


എന്നാൽ തരൂരിൻെറ പ്രവർ‍ത്തക സമിതിയിലേക്കുളള കടന്നുവരവ് സംസ്ഥാനത്തെ മുൻനിര നേതാക്കളിൽ ഒരാളുടെയെങ്കിലും സാധ്യതകളെ തകിടം മറിക്കുമെന്ന് ഉറപ്പാണ്. തരൂർ പ്രവർത്തക സമിതിയിൽ എത്തിയാൽ‍ രമേശ് ചെന്നിത്തലയുടെ സമിതി അംഗത്വത്തിനാകും തടസം നേരിടുക.


ഇതിൻെറ സൂചന ലഭിച്ചിട്ടെന്നോണം ഇന്ന് ഉച്ചയ്ക്ക് ശേഷം പ്ലീനറി യോഗത്തിൽ നിന്ന് ചെന്നിത്തല വിട്ടുനിൽക്കുകയും ചെയ്തു. പാർട്ടിയുടെ മുൻ അധ്യക്ഷരായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്ലീനറി സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കുമ്പോഴാണ് ശനിയാഴ്ച ഉച്ചയോടെ ചെന്നിത്തല സമ്മേളന ഹാൾ‍ വിട്ടത്. ഇത് എല്ലാവരുടെയും ശ്രദ്ധയിൽ പെടുകയും സംസാരം ആകുകയും ചെയ്തു.

പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ വെട്ടിപ്പോകാനുളള സാധ്യത മാത്രമല്ല ചെന്നിത്തലെയെ പ്രകോപിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് പ്ലീനറി ക്ഷണിതാക്കളെ തെരഞ്ഞെടുത്ത രീതിയിലും അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ട്. കെ.സി.വേണുഗോപാലിനും ശശി തരൂരിനും എല്ലാം വേദിയിൽ ഇടം കിട്ടിയപ്പോൾ സദസിൽ ഇരിക്കേണ്ടി വന്നതിലും രമേശിന് പ്രയാസമുണ്ട്. ഇതെല്ലാം കൊണ്ടാണ് പ്ലീനറി സമ്മേളനത്തിൽ നിന്ന് മാറിനിൽക്കാൻ കാരണമെന്നാണ് കേരളത്തിൽ നിന്നുളള നേതാക്കൾക്കിടയിലെ സംസാരം.


കേരളത്തിൽ നിന്ന് ശശി തരൂരിന് പുറമേ കെ.സി. വേണുഗോപാലും പ്രവർത്തക സമിതിയിൽ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഭാരത് ജോഡോ യാത്രയുടെ മുഖ്യ ആസൂത്രകനായി പ്രവർത്തിച്ച വേണുഗോപാലിനെ തഴയാൻ സാധ്യത വിരളമാണ്.


പ്ലീനറി സമ്മേളനത്തിന്റെ സംഘാടക മികവും വേണുഗോപാലിന്റെ തിളക്കം വർധിപ്പിക്കും. ഇതിന് പുറമേ രമേശ് ചെന്നിത്തലയെ കൂടി സമിതിയിലേക്ക് പരിഗണിച്ചാൽ ജാതി സമവാക്യങ്ങളെ ദോഷകരമായി ബാധിക്കും. എ.കെ.ആൻറണി, ഉമ്മൻ ചാണ്ടി, പി.സി.ചാക്കോ എന്നിവരുടെ ഒഴിവിലേക്കാണ് ഇവർ മൂവരും വരേണ്ടത്. മൂവരും നായർ സമുദായാംഗങ്ങളാണ്. അതാണ് രമേശിൻെറ സാധ്യതകളെ പിന്നോട്ടുവലിക്കുന്നത്. ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ആരെയെങ്കിലും പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താനും സാധ്യത വിരളമാണ്.

ആൻേറാ ആന്റണി ഉൾപ്പെടെയുളളവർ ഇതിനായി ശ്രമിക്കുന്നുണ്ട്. സംവരണ വിഭാഗങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷും സ്വന്തം നിലയ്ക്ക് സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇങ്ങനെയെല്ലാം വരുമ്പോൾ ചെന്നിത്തല തഴയപ്പെടാനാണ് കൂടുതൽ സാധ്യത. പ്ലീനറി സമ്മേളനത്തിലേക്ക് ക്ഷണിതാക്കളെ നിശ്ചയിച്ചതിൽ കൂടിയാലോചനയില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് വിവാദം ആക്കിയതും ചെന്നിത്തലയെ ദോഷകരമായി ബാധിക്കാനാണ് സാധ്യത.

ഇതേ വിഷയത്തിൽ കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നിൽ സുരേഷിനെ പ്രതികരണവുമായി ഇറക്കിയതിലും ചെന്നിത്തലക്ക് പങ്കുണ്ടെന്നാണ് ആരോപണം. ക്ഷണിതാക്കളെ നിശ്ചയിക്കുന്നതിന് മുൻപ് ഗ്രൂപ്പ് മാനേജർമാരോട് ആലോചിച്ചില്ല എന്നതാണ് രമേശിൻെറ ക്ഷോഭത്തിന് കാരണം. കൂടിയാലോചനയില്ലെന്ന പ്രതികരണത്തിൻെറ അർത്ഥം അതാണെന്ന് വ്യക്തമാണ്.

സംസ്ഥാന നേതൃത്വത്തിനെതിരെ പ്ലീനറി സമ്മേളന വേദിയിൽ വെച്ചുതന്നെ പരസ്യമായി പ്രതികരിച്ചതോടെ പ്രവർത്തക സമിതിയിലേക്ക് കേരളാ നേതൃത്വം ചെന്നിത്തലയെ പിന്തുണക്കാനുളള സാധ്യത വിരളമാണ്. ഗ്രൂപ്പ് മാനേജർമാരോട് ലിസ്റ്റ് വാങ്ങി അതേപടി പ്രസിദ്ധീകരിക്കുന്ന ഏർപ്പാട് നിർത്തിയെന്നും കുറച്ച് കാലമായി ചെയ്യുന്നില്ലെന്നും പറഞ്ഞ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശിൻെറ വാദങ്ങളെ തളളുകയും ചെയ്തിട്ടുണ്ട്.

Advertisment