ത്രിപുരയില്‍ ബി.ജെ.പിക്ക് അധികാരത്തുടര്‍ച്ച, സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു; കന്നിയങ്കത്തില്‍ കരുത്ത് കാട്ടി തിപ്ര മോത പാര്‍ട്ടി ! മേഘാലയയില്‍ എന്‍പിപിയുടെ മേധാവിത്തം; നാഗാലാന്‍ഡില്‍ അധികാരമുറപ്പിച്ച് എന്‍ഡിപിപി-ബിജെപി സഖ്യം

New Update

publive-image

Advertisment

അഗര്‍ത്തല: ത്രിപുരയില്‍ ഭരണം ഉറപ്പിച്ച് കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി. 31 സീറ്റുകളില്‍ വിജയിച്ച ബിജെപി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. 11 സീറ്റുകളിലാണ് സിപിഎം വിജയിച്ചത്. കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ വിജയിച്ചു. തിപ്ര മോത മാര്‍ട്ടി 13 സീറ്റുകളിലും, ഇന്‍ഡീജിനയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര ഒരു സീറ്റിലും വിജയം സ്വന്തമാക്കി.

സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു. സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. കന്നിയങ്കത്തില്‍തന്നെ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ തിപ്ര മോത പാർട്ടി കരുത്തറിയിച്ചു.

മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) 20 സീറ്റുകളില്‍ വിജയിച്ചു. കൂടാതെ അഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മറുകണ്ടം ചാടിയെത്തിയ കോൺഗ്രസ് എംഎൽ‌എമാരുടെ ബലത്തിൽ കരുത്ത് തെളിയിക്കാനിറങ്ങിയ തൃണമൂലിന് പ്രതീക്ഷിച്ച ജയം നേടാനായില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നാല് സീറ്റുകളില്‍ വിജയിച്ചു. ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ 21 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് ജയിച്ചത് അഞ്ച് സീറ്റിൽ മാത്രമാണ്.

ബിജെപി രണ്ട് സീറ്റുകളില്‍ വിജയിച്ചു. കൂടാതെ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടും രണ്ട് സീറ്റുകളില്‍ വീതം ജയിച്ചു. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി 11 സീറ്റുകളില്‍ ജയിച്ച് കരുത്ത് കാട്ടി. വോയിസ് ഓഫ് ദ പീപ്പിള്‍സ് പാര്‍ട്ടി നാല് സീറ്റുകള്‍ സ്വന്തമാക്കി.

നാഗാലാന്‍ഡില്‍ അധികാരം ഉറപ്പിച്ച്‌ ബിജെപി 12 സീറ്റുകളിലും, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി 23 സീറ്റുകളിലും ജയിച്ചു. രണ്ട് സീറ്റുകളില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി ലീഡ് ചെയ്യുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ആറു സീറ്റ് സ്വന്തമാക്കി. കൂടാതെ, ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ജനതാദള്‍ (യുണൈറ്റഡ്) ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു.

ലോക് ജന്‍ശക്തി പാര്‍ട്ടി (രാം വിലാസ്)യും, നാഗ പീപ്പിള്‍സ് ഫ്രണ്ടും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അത്താവലെ)യും രണ്ട് സീറ്റുകളില്‍ വീതം ജയിച്ചു. ചരിത്രത്തിലാദ്യമായി രണ്ട് വനിതാ എംഎല്‍എമാര്‍ നാഗാലാന്‍ഡ് നിയമസഭയിലെത്തുമെന്ന് ഉറപ്പായി. എൻഡിപിപിക്കുവേണ്ടി ദിമാപുർ–III യിൽ നിന്ന് മത്സരിച്ച ഹെകാനി ജഖാലു, വെസ്‌റ്റേണ്‍ അംഗാമിയിൽനിന്നു ജനവിധി തേടിയ സല്‍ഹൗതുവോനുവോ ക്രൂസ് എന്നിവരാണ് ചരിത്രം കുറിച്ചത്.

Advertisment