/sathyam/media/post_attachments/VuQoWA30lZKP5upkgwvK.jpg)
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. തിങ്കളാഴ്ച അഗര്‍ത്തലയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
മുഖ്യമന്ത്രിയായിരുന്ന മാണിക് സാഹയുടെ നേതൃത്വത്തിലാണ് ബി.ജെ.പി. ത്രിപുരയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ സൂചനകൾ ഉണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പിന്തുണയ്ക്കുന്നവരാണു പ്രതിമാ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
മാണിക്കോ പ്രതിമയോ- ഇവരില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് എം.എല്‍.എമാര്‍ക്കിടയില്‍ തര്‍ക്കം രൂപപ്പെട്ടിരുന്നു. എങ്കിലും തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ച മണിക്ക് സാഹക്ക് തന്നെയായിരുന്നു മുൻതൂക്കം. ഒടുവില്‍ തീരുമാനമായതോടെ ത്രിപുരയിൽ ബിജെപി സർക്കാരിനെ നയിക്കുന്നത് ആരെന്ന കാര്യത്തിൽ തുടർന്ന ആശയക്കുഴപ്പത്തിനു വിരാമമായി.