ഗുവാഹത്തി: നെയ്ഫിയു റിയോ സർക്കാരിൽ ചേരാനുള്ള നാഗാലാൻഡിലെ എന്‍സിപി എംഎൽഎമാരുടെ നിർദ്ദേശം പാർട്ടി തലവൻ ശരദ് പവാർ അംഗീകരിച്ചു. എന്നാല്‍ സര്‍ക്കാരില്‍ എന്‍സിപിയെ ഉള്‍പ്പെടുത്തുമോയെന്ന് ബിജെപി-എൻഡിപിപി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യം വ്യക്തമാക്കിയിട്ടില്ല.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിൽ ഏഴും നേടി എൻസിപി പ്രതിപക്ഷ പാർട്ടികളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബാക്കിയുള്ള അഞ്ച് സ്ഥാനാർത്ഥികളും മികച്ച വോട്ടുകൾ നേടി. മാർച്ച് നാലിന് കൊഹിമയിൽ നടന്ന എൻസിപിയുടെ നാഗാലാൻഡ് നിയമസഭാ കക്ഷിയുടെ ആദ്യ യോഗത്തിൽ പാർട്ടി സർക്കാരിന്റെ ഭാഗമാകണമോ അതോ പ്രധാന പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുമോ എന്നതിനെ കുറിച്ച് ചർച്ച നടന്നിരുന്നു.
സംസ്ഥാനത്തിന്റെ വിശാലതാൽപ്പര്യത്തിനും തങ്ങളുടെ എം.എൽ.എമാർ എൻ.ഡി.പി.പിയുടെ മുഖ്യമന്ത്രി നെയ്ഫിയു റിയോയുമായി പങ്കിടുന്ന നല്ല ബന്ധത്തിനും പാർട്ടി സർക്കാരിന്റെ ഭാഗമാകണമെന്ന അഭിപ്രായമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർക്കും അതിന്റെ പ്രാദേശിക ഘടകത്തിനും ഉള്ളതെന്ന് എൻ.സി.പി വ്യക്തമാക്കിയിരുന്നു.