/sathyam/media/post_attachments/yVlYuOHeKpEgH2r70oIP.jpg)
ഡല്‍ഹി: അഴിമതിക്കാര്‍ എത്ര ശക്തരാണെങ്കിലും ഒരു മടിയുമില്ലാതെ നടപടിയെടുക്കണമെന്ന് സി.ബി.ഐയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.ബി.ഐയുടെ അറുപതാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ പ്രതികരണം."അഴിമതിക്കാര്‍ വർഷങ്ങളായി സർക്കാരിന്റെയും സംവിധാനത്തിന്റെയും ഭാഗമാണ്. ഇന്നും ചില സംസ്ഥാനങ്ങളിൽ അഴിമതിക്കാര്‍ അധികാരത്തിലുണ്ട്.
എന്നാൽ നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു അഴിമതിക്കാരനെയും വെറുതെ വിടാൻ പാടില്ല. നമ്മുടെ ജോലിയില്‍ അലംഭാവം പാടില്ല. ഇത് രാജ്യത്തിന്റെയും നാട്ടുകാരുടെയും ആഗ്രഹമാണ്" എന്നാണ് പ്രധാനമന്ത്രി സി.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
അന്വേഷണ ഏജൻസികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസങ്ങളില്‍ ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ പിന്തുണച്ച് രംഗത്തെത്തിയത്.
"സി.ബി.ഐ എന്ന പേര് എല്ലാവരുടെയും ചുണ്ടിൽ ഉണ്ട്. അത് സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഒരു ബ്രാൻഡ് പോലെയാണ്. അഴിമതിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്നതാണ് സി.ബി.ഐയുടെ പ്രധാന ഉത്തരവാദിത്വം. അഴിമതി പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും നിരവധി കുറ്റകൃത്യങ്ങൾക്ക് വഴിതുറക്കുകയും ചെയ്യുന്നു. നീതിയുടെയും ജനാധിപത്യത്തിന്‍റെയും പാതയിലെ വലിയ തടസ്സമാണത്"- പ്രധാനമന്ത്രി വിശദീകരിച്ചു.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അഴിമതിയുടെ പാരമ്പര്യമാണ് ഇന്ത്യക്ക് ലഭിച്ചത്. അത് നീക്കം ചെയ്യുന്നതിനു പകരം ചിലർ ഈ രോഗത്തെ പരിപോഷിപ്പിച്ചു. അഴിമതിയുടെ പുതിയ റെക്കോർഡ് ആരു സ്ഥാപിക്കുമെന്ന കാര്യത്തിൽ മത്സരം നടക്കുന്നുണ്ട്. നയങ്ങളിലെ വീഴ്ച വികസനത്തെ സ്തംഭിപ്പിച്ചെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us