രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്നും വർധന

New Update

publive-image

ഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്നും വർധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായി ഉയർന്നു. ആശുപത്രികളിലെ കോവിഡ് പ്രതിരോധ സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ മോക്ഡ്രിൽ സംഘടിപ്പിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35199 ആയി.

Advertisment

3.39 % ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കിൽ ഇന്നത് 6.91% ആയി ഉയർന്നിട്ടുണ്ട്. ഡൽഹി, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ആണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്. ഒമിക്രോണിൻ്റെ വകഭേദമായ എക്സ്ബി ബി വൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ സംവിധാനങ്ങളുടെ പര്യാപ്തത ഉറപ്പ് വരുത്താൻ ഇന്നും നാളെയുമായി രാജ്യത്തെ ആശുപത്രികളിൽ മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ സംഘടിപ്പിച്ച മോക്ഡ്രിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നേരിട്ടെത്തി വിലയിരുത്തി. ഓക്സിജൻ ലഭ്യത, ബെഡുകളുടെ എണ്ണം, ആരോഗ്യ പ്രവർത്തകരുടെ നൈപുണ്യം എന്നിവയും മോക്ഡ്രിൽ വഴി വിലയിരുത്തുന്നുണ്ട്.

രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങൾ നിർബന്ധമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയേക്കും. മോക്ഡ്രിൽ നാളെ പൂർത്തിയായ ശേഷമായിരിക്കും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ അന്തിമ തീരുമാനം.

Advertisment