ഹിജാബ് നിരോധനവും ഹലാൽ വിവാദവും അനാവശ്യം, വേണ്ടിയിരുന്നില്ല: ബി.എസ് യെദിയൂരപ്പ

New Update

publive-image

മൈസൂരു: കര്‍ണാടകയിലെ ഹിജാബ് നിരോധനവും ഹലാലുമായി ബന്ധപ്പെട്ട വിവാദങ്ങളും അനാവശ്യമായിരുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പ. തുടക്കം മുതൽ ഈ വിഷയങ്ങളിൽ തന്റെ നിലപാട് ഇതായിരുന്നുവെന്നും, ഇത്തരം കാര്യങ്ങളെ താൻ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു യെദിയൂരപ്പ. ‘ഹിന്ദുക്കളും മുസ്ലിംങ്ങളും സഹോദരന്മാരെ പോലെ ജീവിക്കണം. ഹിജാബ്, ഹലാൽ വിവാദങ്ങളൊന്നും ആവശ്യമുള്ളവ ആയിരുന്നില്ല.

ഞാൻ അത്തരം വിവാദങ്ങളെ പിന്തുണയ്ക്കുന്നില്ല. മുൻപും ഉണ്ടായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരന്മാരെ പോലെ ജീവിക്കണം എന്ന നിലപാടാണ് ഞാൻ തുടക്കം മുതൽക്കേ എടുത്തത്’, അദ്ദേഹം പറഞ്ഞു. മെയ് 10 ന് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുന്മുഖ്യമന്ത്രിയുടെ ഈ തുറന്നു പറച്ചിൽ എന്നതും ശ്രദ്ധേയം.

അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാടക ബി.ജെ.പിയില്‍ പ്രതിസന്ധി പുകയുകയാണ്. ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇപ്പോഴും കൊഴിഞ്ഞുപോക്ക് തുടരുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ നേതാക്കള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് കണ്ടില്ലെന്നു നടിച്ചാണ് ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നത്. ഇനിയും 12 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപിക്ക് പ്രഖ്യാപിക്കാന്‍ ഉള്ളത്.

Advertisment