കര്‍ണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബി.ജെ.പി വിടുന്നു; സ്വതന്ത്രനായി മത്സരിക്കും

New Update

publive-image

ബെംഗളൂരു: കർണാടകയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പാർട്ടി വിടും. ഷെട്ടാര്‍ ഇന്ന് എം.എൽ.എ സ്ഥാനം രാജിവെയ്ക്കും. ഹുബ്ബള്ളി-ധർവാഡ് സീറ്റിൽ സ്ഥാനാർഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഈ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ജഗദീഷ് ഷെട്ടാറിന്‍റെ തീരുമാനം.

Advertisment

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇനി പ്രഖ്യാപിക്കാനുള്ളത് 12 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ്. രണ്ട് ഘട്ടമായാണ് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചത്. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തില്‍ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

മറ്റുള്ളവർക്കായി വഴിമാറണമെന്ന് പാർട്ടി തന്നോട് ആവശ്യപ്പെടുകയും സ്ഥാനാര്‍ഥിയാക്കില്ലെന്ന് സൂചന നല്‍കുകയും ചെയ്തതിൽ അസ്വസ്ഥനാണെന്ന് ജഗദീഷ് ഷെട്ടാർ നേരത്തെ പ്രതികരിച്ചിരുന്നു. ഷെട്ടാർ ആറ് തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് സ്ഥാനാര്‍ഥി മഹേഷ് നൽവാദിനെ പരാജയപ്പെടുത്തിയത്.

"കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഞാൻ വിജയിച്ചത്. എന്റെ അയോഗ്യത എന്താണ്? എന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കളങ്കവുമില്ല. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്?"- 2012ൽ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍ ചോദിച്ചു.

ബി.ജെ.പി ടിക്കറ്റ് നൽകാത്തതിനാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ജഗദീഷ് ഷെട്ടാര്‍ വ്യക്തമാക്കി- "ഞാൻ ബി.ജെ.പിയോട് വിശ്വസ്തത കാണിച്ചിട്ടുണ്ട്. അടുത്തിടെ നടത്തിയ സർവേയില്‍ പോലും എനിക്ക് മുൻതൂക്കമുണ്ട്. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ വിളി വന്നതോടെ ഞാൻ നിരാശനാണ്".

താന്‍ പിടിവാശിയുള്ള ആളല്ലെന്നും എന്നാല്‍ പാര്‍ട്ടി തന്നെ അപമാനിച്ചതിനാല്‍ ഇത്തവണ പിടിവാശിയുണ്ടെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു- "ഞാൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എപ്പോഴും പറയാറുണ്ട്. എനിക്ക് വേദനിച്ചതിനാൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നു. ഞാന്‍ ഇന്ന് സ്പീക്കറെ കാണും".

Advertisment