രാജ്യത്ത് കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; അടുത്ത അഞ്ച് ദിവസം താപനില താഴാൻ സാധ്യത

New Update

publive-image

ഡൽഹി: രാജ്യത്തുടനീളം കനത്ത മഴക്ക് സാധ്യതയെന്നും അടുത്ത അഞ്ച് ദിവസത്തേക്ക് താപനില താഴാൻ സാധ്യതയെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി). പശ്ചിമ ബംഗാൾ, സിക്കിം, ഉത്തരാഖണ്ഡ്, തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ്, ഗോവ എന്നിവ ഉൾപ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച കനത്ത മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment

രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് എന്നിവ അടക്കമുള്ള നിരവധി പ്രദേശങ്ങളിൽ ആലിപ്പഴം പെയ്തു. അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്ത്യയിലുടനീളമുള്ള താപനില സാധാരണ നിലക്ക് താഴെയായിരിക്കുമെന്നുംരാജ്യത്ത് ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ ഇടിയും മിന്നലോടും കൂടിയ വ്യാപകമായ മഴ ലഭിക്കും. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആലിപ്പഴ വർഷമുണ്ടാകും.

മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. പശ്ചിമ ബംഗാൾ, സിക്കിം, ഒഡീഷ എന്നിവയുൾപ്പെടെ കിഴക്കൻ ഇന്ത്യയുടെ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യതയുണ്ട്.

കർണാടക, തീരദേശ ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്നാട് എന്നിവ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കും. അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നീ വടക്കു കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ആഴ്ചയിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.

Advertisment