ഭോപ്പാലിൽ ബഹുനിലകെട്ടിടത്തിൽ തീപിടിത്തം; സൈന്യത്തിന്റെ ഇടപെടലിൽ തീ അണച്ചു

New Update

publive-image

Advertisment

ഭോപ്പാൽ: ഭോപ്പാലിൽ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. വ്യോമസേനയുടെയും സൈന്യത്തിന്റെയും ഇടപെടലിൽ 14 മണിക്കൂർ നീണ്ട പരിശ്രമത്തിനുശേഷമാണ് തീ അണയ്ക്കാനായത്. വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനവും ഉപയോഗിച്ചാണു തീ നിയന്ത്രിച്ചത്.

സത്‌പുര ഭവനിലായിരുന്നു തീപിടിത്തം. സർക്കാരിന്റെ വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ മൂന്നാംനിലയിലെ ഒരു ഓഫിസിലായിരുന്നു ആദ്യം തീ കണ്ടത്. ഇവിടെനിന്നും മറ്റു നിലകളിലേക്കു തീ പടരുകയായിരുന്നു. കൃത്യസമയത്തു കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനായതിനാൽ ആർക്കും പരുക്കുകളില്ല.

ഇടയ്‌ക്ക് ഇടയ്ക്കായി എസിയിൽനിന്നും ഗ്യാസ് സിലിണ്ടറുകളിൽനിന്നും ചെറുസ്‌ഫോടനങ്ങളുമുണ്ടായതാണ് തീപിടിത്തത്തിന്റെ രൂക്ഷത വർധിപ്പിച്ചത്. ആരോഗ്യവകുപ്പിന്റെ ഓഫിസും തീപിടിത്തത്തിൽ നശിച്ചു. ഇവിടെയുൾപ്പെടെ നിരവധി ഫയലുകൾ നശിച്ചതായാണു വിവരം. തീ നിയന്ത്രണവിധേയമാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.

ഇതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ സഹായം അഭ്യർഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അദ്ദേഹം സാഹചര്യങ്ങൾ വിശദീകരിച്ചിരുന്നു. വ്യോമസേനയുടെ എഎൻ–52 വിമാനം, എംഐ–15 ഹെലികോപ്റ്റർ എന്നിവയാണ് തീയണയ്ക്കുന്നതിനായി ഉപയോഗിച്ചത്.

നിലവിൽ തി അണയ്ക്കാനായെങ്കിലും കെട്ടിടത്തിന്റെ പല ഭാഗങ്ങളിൽനിന്നായി പുക ഉയരുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം അന്വേഷിക്കുന്നതിനായി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുമരാമത്ത്‌ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അഗ്നിരക്ഷാസേന വകുപ്പ് എഡിജി എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതേസമയം അഴിമതികൾ മറയ്ക്കുന്നതിനായി കെട്ടിടത്തിന‌ു തീയിട്ടതാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.

Advertisment