‘പാലം തകര്‍ന്നതല്ല, തകര്‍ത്തതാണ്’: നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തിൽ വിശദീകരണവുമായി തേജസ്വി യാദവ്‌

New Update

publive-image

പട്‌ന: ബിഹാറില്‍ ഗംഗാനദിയ്ക്ക് കുറുകെ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്ത്. പാലത്തിന്റെ രൂപകൽപ്പനയിൽ വിദഗ്ധര്‍ ഗുരുതരപിഴവുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാലം തകര്‍ക്കുകയായിരുന്നു എന്ന് തേജസ്വി യാദവ് വ്യക്തമാക്കി.

Advertisment

പാലത്തിന്റെ രൂപകല്‍പനയില്‍ സാരമായ സാങ്കേതികപാളിച്ചകളുണ്ടെന്ന് റൂര്‍ക്കി ഐഐടിയില്‍ നിന്നുള്ള സാങ്കേതികവിദഗ്ധര്‍ കണ്ടെത്തിയതായും അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ തൂണിന്റെ ഒരുഭാഗം തകര്‍ത്തിരുന്നതായും തേജസ്വി യാദവ് പറഞ്ഞു. കഴിഞ്ഞ വർഷം ഇടിമിന്നലേറ്റ് പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് ഐഐടിയില്‍ നിന്നുള്ള വിദഗ്ധസംഘത്തെ പരിശോധനക്കായി നിയോഗിച്ചതെന്നും വാർത്താസമ്മേളനത്തിൽ തേജസ്വി അറിയിച്ചു.

കഴിഞ്ഞകൊല്ലം ഏപ്രില്‍ 30നായിരുന്നു പാലത്തിന്റെ ഭാഗം അടര്‍ന്നുവീണത്. അക്കാലത്ത് പ്രതിപക്ഷനേതാവായിരുന്ന താന്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നതായും അധികാരത്തിലെത്തിയ ഉടനെ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും തേജസ്വി യാദവ് പറഞ്ഞു. ഞായറാഴ്ചയാണ് ബിഹാറിലെ ഭഗല്‍പുരില്‍ അഗുവാനി-സുല്‍ത്താന്‍ഗഞ്ജ് പാലം തകർന്ന് വീണത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Advertisment