/sathyam/media/post_attachments/9TRaHM4Pzmj6z1TXh4Ve.jpg)
റായ്‌പൂർ:എഐസിസി വര്‍ക്കിംങ്ങ് കമ്മിറ്റിയില്‍ കയറിപ്പറ്റാന്‍ കരുക്കള്‍ നീക്കി റായ്‌പൂരില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ തിരക്കിട്ട നീക്കങ്ങള്‍. പ്ലീനറി സമ്മേളനത്തില്‍ വര്‍ക്കിംങ്ങ് കമ്മിറ്റികളുടെ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പാണെങ്കിലും സമ്മേളനത്തിനിടെ കസേര ഉറപ്പിക്കാന്‍ ഡല്‍ഹിയില്‍ ചരടുവലികള്‍ സജീവമായി.
അതിനിടെ ഡോ. ശശി തരൂരും രമേശ് ചെന്നിത്തലയും വര്‍ക്കിംങ്ങ് കമ്മിറ്റിയില്‍ പരിഗണന ഉറപ്പിച്ചതായും അഭ്യൂഹങ്ങളുണ്ട്. പാര്‍ട്ടിയ്ക്കകത്തും പുറത്തും വന്‍ ജനപിന്തുണയുള്ള തരൂരിനെ അകറ്റി നിര്‍ത്തുന്നത് അണികള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കാനിടയാക്കും എന്ന വികാരം നേതൃത്വത്തില്‍ ശക്തമാണ്.
കേരളത്തില്‍ നിന്നും എകെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും പ്രവര്‍ത്തകസമിതിയില്‍ നിന്നും ഒഴിവാകുമ്പോള്‍ അടുത്ത മുതിര്‍ന്ന നേതാവെന്ന പരിഗണനയാണ് രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമാകുന്നത്. അതുമാത്രമല്ല, പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വിജയത്തിനായി പരസ്യമായി രംഗത്തിറങ്ങിയ ചെന്നിത്തലയ്ക്ക് ഖാര്‍ഗെയുടെ പിന്തുണയുമുണ്ട്. അതിനാല്‍ തന്നെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും ഒഴിയമ്പോള്‍ പകരം ചെന്നിത്തലയെ പരിഗണിക്കാതെ സാധ്യമല്ലെന്ന സ്ഥിതിയുമുണ്ട്.
വില്ലനാകുന്നത് 'സമുദായം' !
വര്‍ക്കിംങ്ങ് കമ്മറ്റിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ കേരള നേതാക്കളെ പരിഗണിക്കുമ്പോള്‍ പലര്‍ക്കും വില്ലനാകുന്നത് 'സമുദായ' പിന്തുണകള്‍ തന്നെ. നിലവില്‍ പദവി ഉറപ്പിച്ചവരൊക്കെ നായര്‍ സമുദായക്കാരാണ്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍ വര്‍ക്കിംങ്ങ് കമ്മിറ്റിയില്‍ കസേര ഉറപ്പാണ്.
ശശി തരൂരിനെ ഒഴിവാക്കാനാകില്ല, രമേശ് ചെന്നിത്തലയെ മാറ്റി നിര്‍ത്തിയാല്‍ അത് വലിയ അപാകതയായി ചിത്രീകരിക്കപ്പെടും. മൂന്നു പേരും ഒരേ സമുദായക്കാര്‍. 2 ക്രിസ്ത്യാനികള്‍ പദവി ഒഴിയുന്നിടത്താണ് (പിസി ചാക്കോയെകൂടി പരിഗണിക്കുമ്പോള്‍ 3 ഉണ്ടായിരുന്നത്.) 2 നായര്‍ സമുദായാംഗങ്ങള്‍ പകരക്കാരാകുന്നത്.
ആ സമവാക്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍ നിന്നുള്ള ആളും അണികളും ഒപ്പമില്ലാത്ത ചില നേതാക്കളുടെ കരുനീക്കങ്ങള്‍ റായ്‌പൂരില്‍ അരങ്ങു തകര്‍ക്കുന്നത്.
നായര്‍ക്കു പകരം ഈഴവ സമുദായത്തെ പരിഗണിക്കണമെന്ന വാദവുമായി മുല്ലപ്പള്ളി രാമചന്ദ്രനും പട്ടികജാതിക്കാരനെ പരിഗണിക്കണമെന്ന വിലപേശലുമായി കൊടിക്കുന്നില്‍ സുരേഷും ക്രിസ്ത്യാനിയെ പരിഗണിക്കണമെന്ന ആവശ്യവുമായി ആന്‍റോ ആന്‍റണിയും അണിയറ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. മൂന്നും കോണ്‍ഗ്രസില്‍ ഒരണയ്ക്ക് മൂല്യം ഇല്ലാത്തവരാണെന്നതാണ് യാഥാര്‍ഥ്യം.
/sathyam/media/post_attachments/Ga3GWXpRVu9V7P51Xmnk.jpg)
മല്ലപ്പള്ളിയുടെ പ്രതീക്ഷ ഈഴവനാണെന്നതാണ്. 3 നായര്‍ വരുമ്പോള്‍ ഊഴവന്‍ പിണങ്ങുമെന്നും തന്നെ നിയമിച്ചാല്‍ ഊഴവര്‍ മുഴുവന്‍ കോണ്‍ഗ്രസിനു പിന്നില്‍ അണിനിരക്കുമെന്നുമുള്ള ധാരണ സൃഷ്ടിക്കുകയാണ് മുല്ലപ്പള്ളി അനുയായികളുടെ ലക്ഷ്യം.
അദ്ദേഹം കെപിസിസി അധ്യക്ഷനായിരിക്കെയാണ് സംസ്ഥാനത്താദ്യമായി യുഡിഎഫ് 'തുടര്‍ പരാജയം' ഏറ്റുവാങ്ങിയതെന്ന കാര്യം അവര്‍ മറക്കുന്നു. സോണിയാ ഗാന്ധിയുടെ പിന്തുണയാണ് മുല്ലപ്പള്ളിയുടെ പ്രതീക്ഷ.
കൊടിക്കുന്നില്‍ സോണിയ, രാഹുല്‍, ഖാര്‍ഗെ എന്നിവരുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. ആന്‍റോ ആന്‍റണിയുടെ നീക്കങ്ങള്‍ പ്രിയങ്കാ ഗാന്ധിയുടെയും കെസി വേണുഗോപാലിന്‍റെയും പിന്തുണയോടെ കസേര ഉറപ്പിക്കാനാണ്. ക്രിസ്ത്യന്‍ പരിഗണനയുടെ പേരില്‍ ആന്‍റോയെ പരിഗണിച്ചാല്‍ പ്രബല വിഭാഗം ക്രിസ്ത്യന്‍ സമുദായക്കാര്‍ കോണ്‍ഗ്രസിന് എതിരാകുമെന്ന യാഥാര്‍ഥ്യമാണ് നാട്ടിലുള്ളത്. അതവിടെ വേണ്ടവിധം ധരിപ്പിക്കാനും നേതാക്കള്‍തന്നെ രംഗത്തുണ്ട്.
അതേസമയം 3 ക്രൈസ്തവര്‍ ഒഴിവാകുമ്പോള്‍ ഒരു ക്രിസ്ത്യാനിയെ പരിഗണിക്കണമെന്ന ചിന്ത ഹൈക്കമാന്‍റിനുണ്ടായാല്‍ ഹൈബി ഈഡന്‍, റോജി എം ജോണ്‍ എന്നിവര്‍ പരിഗണിക്കപ്പെടാന്‍ ഇടയുണ്ടെന്ന് സൂചനയുണ്ട്. 50 -ാം വയസില്‍ താഴെ, യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്ന മാനദണ്ഡമാണ് ഹൈബിയ്ക്കും റോജിയ്ക്കും ഗുണമാകുന്നത്. മാത്രമല്ല, രണ്ടുപേരും എൻഎസ്‌യു മുന്‍ ദേശീയ അധ്യക്ഷന്‍മാരാണ്. ആ നിലയ്ക്കുള്ള പരിഗണനയും ഇവര്‍ക്കുണ്ടാകും. ഈ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടു തന്നെയാകും പ്രധാനം.
എന്തായാലും പ്ലീനറി സമ്മേളനത്തില്‍ വര്‍ക്കിംങ്ങ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുറപ്പാണ്. അതേസമയം വര്‍ക്കിംങ്ങ് കമ്മിറ്റിയുടെ അംഗസംഖ്യ ഉയര്‍ത്താനുള്ള ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനത്തില്‍ ഉണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us