/sathyam/media/post_attachments/rUqsfLCYRIThoIgZl93D.jpg)
റായ്‌പൂർ:കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിനെത്തി റായ്‌പൂരില്‍ ഗ്രൂപ്പ്കളിയുമായി സംസ്ഥാന നേതാക്കള്‍. പ്ലീനറി സമ്മേളനത്തിന്‍റെ ശോഭകെടുത്തുന്ന വിധമുള്ള പ്രതികരണങ്ങളാണ് കെപിസിസി വര്‍ക്കിംങ്ങ് പ്രസിന്‍റ് കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയത്. കെപിസിസി അംഗങ്ങളെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് പ്ലീനറി സമ്മേളന വേദിയില്‍ പുറത്തുവന്നത്.
കെപിസിസി അംഗങ്ങളെ നിശ്ചയിച്ചതില്‍ ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നതാണ് എ, ഐ ഗ്രൂപ്പുകളുടെ പരിഭവത്തിന് കാരണം. ഐ ഗ്രൂപ്പിന്‍റെ അതൃപ്തി രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയപ്പോള്‍ എ ഗ്രൂപ്പിനായി പ്രതികരിച്ചത് പിസി വിഷ്ണുനാഥായിരുന്നു. എന്നാല്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടെന്നും അത് എന്താണെന്നുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്നുമായിരുന്നു വിഷ്ണുനാഥിന്‍റെ പ്രതികരണം.
അസ്ഥാനത്തും അസമയത്തുമുള്ള പ്രതികരണത്തില്‍ വിഷ്ണുനാഥ് മിതത്വം പാലിച്ചെങ്കില്‍ അച്ചടക്കത്തിന്‍റെ പരിധികള്‍ ലംഘിച്ച് തനിസ്വഭാവം കാണിച്ചുകൊണ്ടായിരുന്നു കൊടിക്കുന്നിലിന്‍റെ പ്രതികരണം.
വര്‍ക്കിംങ്ങ് പ്രസിഡന്‍റായ തന്നോടുപോലും ആലോചിക്കാതെയാണ് ലിസ്റ്റ് പുറത്തുവിട്ടതെന്നും എഐസിസിക്ക് പരാതി നല്‍കിയെന്നും പ്ലീനറി സമ്മേളനവേദിയില്‍ കൊടിക്കുന്നില്‍ പ്രതികരിച്ചതോടെ സമ്മേളനത്തിന്‍റെ ഫോക്കസ് തന്നെ മാറി.
ചാനലുകളില്‍ ഉള്‍പ്പെടെ 'കെപിസിസിയില്‍ കടുത്ത ഭിന്നത, തുറന്നടിച്ച് കൊടിക്കുന്നില്‍...' എന്നൊക്കെയായി ഹെഡ്‍ലൈന്‍. എങ്ങനെയാണെങ്കിലും വാര്‍ത്തയില്‍ പേരുവരുത്തണമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇതൊക്കെ ആഹ്ളാദം പകരും.
പക്ഷേ പ്ലീനറി സമ്മേളനത്തെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിനെയും പ്രതീക്ഷയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് കോണ്‍ഗ്രസ് അണികളില്‍ അത് നിരാശയുണ്ടാക്കി. അതേസമയം പാര്‍ട്ടിക്കും മീതെ ഗ്രൂപ്പുകളെ വളരാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിവാദങ്ങളുടെ മുനയൊടിച്ചു.
ആദ്യം ലിസ്റ്റ് പുറത്തുവിടുന്നില്ലെന്നായിരുന്നു പരാതി. ലിസ്റ്റ് വന്നാല്‍ പിന്നെ ലിസ്റ്റിനും അത് പുറത്തുവിട്ടവര്‍ക്കുമെതിരെയാകും പരാതി പ്രളയം.
കെപിസിസിയിലെ അഭിപ്രായഭന്നതകള്‍ പ്ലീനറി സമ്മേളന വേദിയില്‍ വച്ച് പുറത്തുവരുമ്പോള്‍ അത് സമ്മേളനത്തിന്‍റെ വാര്‍ത്തകളുടെ പ്രാധാന്യവും ശോഭയും നശിപ്പിക്കുകയാണ് ചെയ്യുന്നത്.
26 വയസുമുതല്‍ ലോക്സഭാംഗവും കേന്ദ്രമന്ത്രിയും വരെയായ കൊടിക്കുന്നിലിന് ഇനി ഒന്നും നഷ്ടപ്പെടാനില്ലായിരിക്കാം. പക്ഷേ തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടിവന്ന അണികള്‍ക്ക് നഷ്ടപ്പെടാന്‍ ബാക്കി ഉണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us