Advertisment

സ്വന്തം സഹപ്രവർത്തകരുടെ കുത്തേറ്റ ക്ഷതത്തില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും തമ്പാന്‍ മരണം വരെ മോചിതനായിരുന്നില്ല. അത് ചെയ്തവരോടുള്ള കുടിപ്പകയും മരണം വരെ നിലനിന്നു. കുളിമുറിയില്‍ വഴുതി വീണാണു മരിച്ചതെങ്കിലും ജീവിതത്തില്‍ പ്രതാപ വർമ്മ തമ്പാന്‍റെ നാവോ നിലപാടുകളോ വഴുതിയിട്ടില്ല. തമ്പാന്‍ ഒരു വൃത്തത്തില്‍ ഒതുങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. വെടിയുണ്ട വാക്കുകളാകുമ്പോള്‍ കൊള്ളുന്നവര്‍ക്കു നോവും. അങ്ങനെയെങ്കിൽ നിഷേധിയും ധിക്കാരിയും ആയിരുന്നു തമ്പാന്‍ - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അര്‍ഹതപ്പെട്ട ആദരവ് കിട്ടാതെയാണ് കോണ്‍ഗ്രസ് നേതാവ് ജി. പ്രതാവ വര്‍മ്മ തമ്പാന്‍ 62 -ാമത്തെ വയസില്‍ യാത്രയായതെന്ന് കണ്ടപ്പോള്‍ വിഷമം തോന്നി. കോണ്‍ഗ്രസിലെ കമ്മ്യൂണിസ്റ്റായിരുന്നു അഥവാ നക്സലൈറ്റായിരുന്നു തമ്പാന്‍.

എന്തും ആരുടെ മുഖത്തു നോക്കിയും പറയും. ഏതു സംഘര്‍ഷത്തിലും പോര്‍വിളിയുമായി മുന്നിലുണ്ടാകും. തല്ലാനും കൊള്ളാനും തയ്യാര്‍. എ ഗ്രൂപ്പായിരുന്നു തമ്പാന് എല്ലാം. ജീവിതത്തില്‍ ഗ്രൂപ്പുമാറ്റത്തെക്കുറിച്ച് മനസില്‍ പോലും ചിന്തിക്കാത്ത അപൂര്‍വ്വം കോണ്‍ഗ്രസുകാരില്‍ ഒരാള്‍.

കോണ്‍ഗ്രസിന്‍റെ കൊല്ലം ഡി.സി.സി പ്രസിഡന്‍റായി തമ്പാന്‍ 2012 മുതല്‍ 2014 വരെ. കുളിമുറിയില്‍ വഴുതി വീണാണു മരിച്ചതെങ്കിലും ജീവിതത്തില്‍ തമ്പാന്‍റെ നാവോ നിലപാടുകളോ വഴുതിയിട്ടില്ല. യൂത്തു കോണ്‍ഗ്രസില്‍ തമ്പാന്‍ വഹിക്കാത്ത പദവികളില്ല. രണ്ടു പ്രധാന പ്രതിസന്ധികളില്‍ എ ഗ്രൂപ്പ് തമ്പാനെ കൈവിട്ടുകളഞ്ഞെങ്കിലും തമ്പാന്‍ എ ഗ്രൂപ്പിനെ ഉപേക്ഷിച്ചില്ല.

കൊല്ലം ഡി.സി.സി പ്രസിഡന്‍റാക്കിയത് എ.കെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും തന്നെ. എ ക്വാട്ടയില്‍. പക്ഷെ തമ്പാന്‍ ഒരു വൃത്തത്തില്‍ ഒതുങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. വെടിയുണ്ട വാക്കുകളാകുമ്പോള്‍ കൊള്ളുന്നവര്‍ക്കു നോവും. എ-ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചു തമ്പാനെ വകവരുത്തി. പ്രസിഡന്‍റ് സ്ഥാനം തെറിച്ചു. പക്ഷെ തമ്പാന്‍ റിബലായില്ല. എ നേതാക്കള്‍ സംരക്ഷിക്കാതിരുന്നിട്ടും.


ഒടുവിലത്തെ കെ.പി.സി.സി പുനസംഘടനയില്‍ തമ്പാന്‍ പരിഗണി ക്കപ്പെട്ടില്ല. എ ഗ്രൂപ്പിന്   ഭൈമീ കാമുകന്‍ മാരേറെ യുണ്ടാ യിരുന്നു. തമ്പാ ന്‍ ദുഖിതനായി. ആ ദുഖം കണ്ടെത്തിയത് കെ.സി വേണുഗോപാലായി രുന്നു. അങ്ങിനെയാണ് മരിക്കുമ്പോഴും കൈയ്യാളിയ കെ.പി.സി.സി ജന റല്‍ സെക്രട്ടറി പദത്തിലെത്തിയത്.


2001 മുതല്‍ 2006 വരെ ചാത്തന്നൂര്‍ എം.എല്‍.എ ആയിരുന്നു. കോണ്‍ഗ്രസ് കുടുംബമായിരുന്നു തമ്പാന്‍റേത്. വി.എം സുധീരന്‍ യൂത്തു കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയിരുന്നപ്പോൾ സഹ ഭാരവാഹിയായിരുന്നു തമ്പാന്‍റെ ജ്യേഷ്ഠന്‍ ജയപ്രകാശ് പണിക്കര്‍. അഭിഭാഷകനായിരുന്ന തമ്പാന്‍ ഡോക്ടറേറ്റും നേടി.

തമ്പാന്‍റെ ജീവിതത്തില്‍ മരണത്തെ മുഖാമുഖം കണ്ടത് ഐ ഗ്രൂപ്പുകാരുടെ കഠാര വയറ്റില്‍ കുത്തിയിറക്കിയപ്പോഴാണ്. അന്ന് ടി. ശരത്ചന്ദ്രപ്രസാദായിരുന്നു ഐ ഗ്രൂപ്പിന്‍റെ നേതാവ്. ഇരുവരും തമ്മിലുള്ള കുടിപ്പക മരണം വരെ നിലനിന്നു. ഒരിക്കലും പിന്നീടിരുവരും മുഖാമുഖം കാണാറില്ല; കണ്ടാല്‍ മിണ്ടാറില്ല.

യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം പാളയത്തെ സര്‍വ്വകലാശാല ആസ്ഥാനത്തിനു മുമ്പില്‍. ഗ്രൂപ്പു യുദ്ധം കൊടുമ്പിരികൊണ്ട കാലം.

കെ. കരുണാകരനും എ.കെ ആന്‍റണിയും കളത്തിലിറങ്ങിയാണ് അന്ന് ഗ്രൂപ്പുകളിച്ചിരുന്നത്. എ-ഐ പോര്‍വിളി യൂണിവേഴ്സിറ്റിക്കു മുമ്പില്‍ നടക്കുമ്പോഴാണ് കൊടുങ്കാറ്റുപോലെ തമ്പാന്‍ വന്നിറങ്ങുന്നത്. പോര്‍വിളി, തെറിവിളി, തമ്മില്‍ തല്ല്...


കലാപകലുഷിതം. ഇടയില്‍ തമ്പാന്‍റെ വയറ് ഒരു ഐ ഗ്രൂപ്പുകാരന്‍ കുത്തിപ്പിളര്‍ന്നു. ശരത് പറഞ്ഞുവിട്ട ആളാണു തന്നെ കുത്തിയതെന്ന് തമ്പാന്‍ അന്നും മരിക്കും വരെയും വിശ്വസിച്ചു. ശരത് മറുത്തു പറയാനൊട്ടു പോയിട്ടുമില്ല. കുത്തിയത് ഒരു ശരത് അനുയായി. പക്ഷേ തമ്പാന് നഷ്ടപ്പെട്ടത് ഓജസും തേജസുമായിരുന്നു.


ആ കുത്തിന്‍റെ ക്ഷതത്തില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും തമ്പാന്‍ ഒരിക്കലും മോചിതനായില്ല. അന്ന് ഐ ഗ്രൂപ്പുകാര്‍ കരുക്കള്‍ നീക്കിയത് പന്തളം സുധാകരന്‍റെ എം.എല്‍.എ ക്വോട്ടേഴ്സ് ഓള്‍ഡ് ബ്ലോക്കിലെ 37 -ാം നമ്പര്‍ മുറിയില്‍ വച്ചായിരുന്നു.

പക്ഷെ എന്നിട്ടും പന്തളത്തോട് തമ്പാനു വൈരാഗ്യമുണ്ടായിരുന്നില്ല. രമേശ് ചെന്നിത്തല, പന്തളം സുധാകരന്‍ എന്നിവര്‍ യൂത്തു കോണ്‍ഗ്രസ് പ്രസിഡന്‍റായപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തമ്പാന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ശരതിനോടുള്ള വൈരാഗ്യം തമ്പാന്‍ ഒട്ടും ഉപേക്ഷിച്ചതുമില്ല.


മരണത്തിനു കീഴടങ്ങേണ്ട രോഗങ്ങളൊന്നും ഇപ്പോള്‍ തമ്പാനുണ്ടായിരുന്നില്ല. അങ്ങനെ വന്നാല്‍ മരണത്തിന്‍റെ മുഖത്തു നോക്കി ഷര്‍ട്ട് പൊക്കിക്കാട്ടി ഈ നെഞ്ചിലൂടെ കയറിപ്പോടാ എന്നു പറയുമായിരുന്നു തമ്പാന്‍.


കൊല്ലത്ത് വെടിവെച്ച പോലീസിനു നേരെ ചീറിപ്പാഞ്ഞു നെഞ്ചു കാട്ടി പറഞ്ഞതുപോലെ. നിഷേധിയും ധിക്കാരിയും ആയിരുന്നു തമ്പാന്‍. അതായിരുന്നു തമ്പാന്‍റെ ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും അടയാളങ്ങള്‍.

മാധ്യമങ്ങള്‍ ആഘോഷിച്ചില്ല. പ്രളയമാകാം കാരണം. പക്ഷേ ഒരാഘോഷങ്ങളും ഇല്ലെങ്കിലും പ്രതാപവര്‍മ്മ തമ്പാന്‍ എന്ന നിഷേധിയെ സുഹൃത്തുക്കള്‍ ഏറെക്കാലം ഓര്‍ക്കും, തീര്‍ച്ച.

  • ഓണററി എഡിറ്റർ 
Advertisment