ശബരിമലയില്‍ സ്ത്രീകളെ കയറ്റിയേ അടങ്ങൂ എന്നു വാശിപിടിച്ച പിണറായിയും അതിനെ എതിര്‍ത്ത വെള്ളാപ്പള്ളിയും ഇപ്പോൾ നവോത്ഥാനത്തിന്‍റെ ശില്‍പികളായി ഒരുമിച്ചെന്നത് വിരോധാഭാസം. വെള്ളാപ്പള്ളിക്കു പ്രോട്ടോക്കോള്‍ തരപ്പെടുത്താനിപ്പോള്‍ തന്നെ ചുറ്റും കേന്ദ്ര സേനയുണ്ടല്ലോ. മോഡിയില്‍ ഒരു കാലും പിണറായിയില്‍ മറുകാലും വച്ചുള്ള ഈ കളിക്കെന്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കണം ? ചാപിള്ളയായ നവോഥാന സംരക്ഷണം ഇനി മറ്റാർക്കുവേണ്ടി ? 2019 ല്‍ കിട്ടിയ അടിപോരെന്നുണ്ടോ ? നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ശബരിമലയില്‍ രണ്ടു വനിതാ ആക്ടിവിസ്റ്റുകളെ പോലീസ് വേഷമണിയിച്ച് അകത്തു കടത്തി തൊഴീച്ച് ആചാരങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം ചീറ്റിപ്പോയപ്പോഴാണ് സര്‍ക്കാരും മുഖ്യമന്ത്രിയും കേരളത്തില്‍ നവോത്ഥാനമൊന്നു സംരക്ഷിച്ചുകളയാം എന്നു തീരുമാനിച്ച് ഉറച്ച് ഇറങ്ങിപ്പുറപ്പെട്ടത്.

ശബരിമലയില്‍ സ്ത്രീകളെ കയറ്റിയേ അടങ്ങൂ എന്നു വാശിപിടിച്ച പിണറായിയും അതിനെ നഖശിഖാന്തം എതിര്‍ത്ത വെള്ളാപ്പള്ളിയും നവോത്ഥാനത്തിന്‍റെ ശില്‍പികളായി ഒരുമിച്ചെന്നത് വിരോധാഭാസം.

എസ്.എന്‍. ട്രസ് കേസുകളിലും അഴിമതി-കൊലപാതക ആരോപണങ്ങളിലും പെട്ട് നട്ടം തിരിഞ്ഞ വെള്ളാപ്പള്ളിക്ക് പിണറായിയുടെ തണല്‍ ആവശ്യവുമായിരുന്നു. വെള്ളാപ്പള്ളിയെ വരുതിയിലാക്കാന്‍ പിണറായിക്കും അത് സുവര്‍ണാവസരമായി.


പിണറായി കണ്ണുരുട്ടിയപ്പോള്‍ മിക്ക മുസ്ലിം-ക്രൈസ്തവ സംഘടനകളും പി. രാമഭന്ദ്രനെ പോലെയുള്ള മാനസാന്തരം വന്ന കോണ്‍ഗ്രസുകാരും പുന്നല ശ്രീകുമാറിനെപ്പോലെയുള്ള ഭിക്ഷാംദേഹികളും നവോത്ഥാനത്തിന്‍റെ പതാക വാഹകരായി.


ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും മന്നവുമൊക്കെ പിന്തിരിപ്പന്‍മാരും പിണറായി, വെള്ളാപ്പള്ളി തുടങ്ങിയവര്‍ അഭിനവ നവോത്ഥാന നായകരുമായി.

ഈ നവോത്ഥാന സംരക്ഷണ സമിതിയേക്കുറിച്ച് കുറേക്കാലം ഒന്നും കേള്‍ക്കാനുണ്ടായിരുന്നില്ല. എട്ടു മാസത്തിനു ശേഷം നവോത്ഥാന ചിന്തകള്‍ക്കു ജീവന്‍ വച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണെന്ന് ചില ശത്രുക്കള്‍ പറയുന്നു.

എന്തായാലും 2022 ഓഗസ്റ്റ് 4 നു മുഖ്യമന്ത്രിയുടെയും വെള്ളാപ്പള്ളിയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പക്ഷേ മുസ്ലിം-ക്രൈസ്തവ സംഘടനകളൊന്നും പങ്കെടുത്തില്ല.

പുന്നല ശ്രീകുമാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് കണ്‍വീനര്‍ സ്ഥാനം ഒഴിയുകയും ചെയ്തു. പതിവുപൊലെ പിണറായിയുടെ അച്ചടിച്ച പ്രസംഗത്തിലെ അവകാശവാദങ്ങളും വെള്ളാപ്പള്ളിയുടെ 'ബഡായി'കളുമല്ലാതെ ഒന്നം സംഭവിച്ചുമില്ല.

അല്‍പം ചരിത്രം

1991 ലാണ് ഹൈക്കോടതിയുടെ മുമ്പില്‍ ശബരിമലയിലെ വനിതാ പ്രവേശനം വിധിക്കു വരുന്നത്. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെ നിലനില്‍ക്കുന്ന ആചാരത്തെ ഹൈക്കോടതി ന്യായീകരിച്ചു.

ഇതിനെതിരെ സുപ്രീം കോടതിയില്‍ റിട്ടു വന്നു. 2018 സെപ്തംബര്‍ 28 ന് ശബരിമലയില്‍ ശരീരശാസ്ത്രപരമായ കാരണങ്ങള്‍കൊണ്ട് സ്ത്രീകള്‍ക്കു പ്രവേശനം നിരോധിച്ചതിനെ സുപ്രീം കോടതി റദ്ദു ചെയ്തു.

ഭരണഘടനാ വിരുദ്ധം. സ്ത്രീ-പുരുഷ തുല്യത ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 14 -ാം അനുഛേദത്തിന്‍റെയും മതസ്വാതന്ത്ര്യം അനുവദിക്കുന്ന 25 -ാം അനുഛേദത്തിന്‍റെയും ലംഘനമാണെന്നതായിരുന്നു സുപ്രീം കോടതി വിധി.

അടുത്ത മാസം 10 വനിതാ ആക്ടിവിസ്റ്റുകള്‍ (ഇവരാരും ഭക്തരായിരുന്നില്ല) ശബരിമലയില്‍ കയറാന്‍ നോക്കി. ഭക്തര്‍ ആ ശ്രമം പരാജയപ്പെടുത്തി. 2019 ജൂണ്‍ 2 ന് രണ്ടു വിമോചന പോരാളികളായ വനിതകള്‍ പോലീസ് വേഷമണി‍ഞ്ഞ് സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും ഒത്താശയോടെ ശബരിമലയില്‍ കയറാന്‍ നോക്കി.

publive-image

ഉടന്‍ ക്ഷേത്രം അടക്കുകയും ശുദ്ധികലശം നടത്തുകയും ചെയ്തു. സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തിനനുകൂല നിലപാടെടുത്തതോടെ എന്‍.എസ്.എസ് ആണ് ആദ്യ വെടി പൊട്ടിച്ചത്. ചങ്ങനാശ്ശേരിയിലും പന്തളത്തും അവര്‍ നടത്തിയ പ്രാര്‍ത്ഥനാ ഘോഷയാത്ര പതിനായിരക്കണക്കിന് സ്ത്രീകളുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി.


സുപ്രീം കോടതിവധി വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്ത കോണ്‍ഗ്രസും ബി.ജെ.പിയും മറുകണ്ടം ചാടി. ആര്‍.എസ്.എസുകാര്‍ ശബരിമലയില്‍ സംരക്ഷിത കവചം തീര്‍ത്തു. സി.പി.എമ്മും ഇടതുപക്ഷവും ആ നിലപാടില്‍ ഉറച്ചു നിന്നു.


ഈ സാഹചര്യത്തിലാണ് നവോത്ഥാനം സംരക്ഷിക്കാന്‍ പിണറായിയും സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത വെള്ളാപ്പള്ളിയും ഇറങ്ങിപ്പുറപ്പെട്ടത്. അതിന്‍റെ ഫലമായിരുന്നു വനിതാ മതില്‍.

publive-image

2019 ജനുവരി 1 ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ 30-40 ലക്ഷം വനിതകളെ അണിനിരത്തി മതില്‍ പണി‍ഞ്ഞെങ്കിലും 2019 ഏപ്രില്‍ 23 നു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ജനങ്ങള്‍ തൂത്തെറി‍ഞ്ഞു. അതോടെ നവോത്ഥാന സമിതിയുടെ കാറ്റുപോയി.


ശബരിമലയില്‍ 10-50 പ്രായമായ വനിതകളെയാണ് പ്രവേശിപ്പിക്കാത്തതെങ്കില്‍ ഒരു സ്ത്രീയെപ്പോലും പ്രവേശിപ്പിക്കാത്ത ഏതാനും സ്ഥലങ്ങള്‍ ലോകത്തുണ്ട്.

ഹരിയാന കുരുക്ഷേത്രയിലെ കാര്‍ത്തികേയ ക്ഷേത്രം, അമേരിക്കയിലെ ബര്‍ണി ട്രീ ക്ലബ്ബ്, ഗ്രീസിലെ മൗണ്ട് അതോസ്, ജപ്പാനിലെ ഒക്കിനോഷിമ, ജപ്പാനിലെ തന്നെ മൗണ്ട് ഒമിനി എന്നിവിടങ്ങളിലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാത്തത്.


എട്ടു മാസം കോമായിലായിരുന്ന നവേത്ഥാന സംരക്ഷണ സമിതിയെ ഇനി പൊടിതട്ടിയെടുത്തിട്ടെന്തു പ്രയോജനം ! രൂപീകൃതമായപ്പോഴുണ്ടായിരുന്ന ശക്തി ഇപ്പോഴില്ലല്ലോ.

അന്ന് ഭയന്നെങ്കിലും കൂടെ വന്ന മുസ്ലിം - ക്രൈസ്തവ സംഘടനകള്‍ വിട്ടു പോയില്ലേ ? പുന്നലയും കളമൊഴിഞ്ഞില്ലേ ? സത്യത്തില്‍ ഇത്രനാളും ഒരു നവേത്ഥാനവും കാഴ്ചവെക്കാത്ത ഈ ചാപിള്ളയെ എന്തിനു സര്‍ക്കാര്‍ ചുമക്കണം ?

എം.എ ബേബി 'സ്വരലയ'യെ ചുമന്നപോലെയാണിത്. അല്ലെങ്കില്‍ തന്നെ പൊതു സ്വീകാര്യനായിരുന്ന സി.പി.എം നേതാവ് എം.എ ബേബിയുടെ സല്‍പേരില്‍ അല്‍പമെങ്കിലും കറ വീണിട്ടുണ്ടെങ്കില്‍ അത് 'സ്വരലയ' എന്ന സാംസ്കാരിക സംഘടനക്കു പണമുണ്ടാക്കി കൊടുത്തതിലൂടെയാണ്.

അതില്ലാതിരുന്നെങ്കിലും എം.എ ബേബി പൊതു സ്വീകാര്യനായിരുന്നു. കൂടെ നിന്നവര്‍ അദ്ദേഹത്തെ കുഴിയിലിറക്കി എന്നതാണു സത്യം.

അതുകൊണ്ട് ഇനി ഈ ചാപിള്ള വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കണം. വെള്ളാപ്പള്ളിക്കു പ്രോട്ടോക്കോള്‍ തരപ്പെടുത്താനിപ്പോള്‍ തന്നെ ചുറ്റും കേന്ദ്ര സേനയുണ്ടല്ലോ.

മോഡിയില്‍ ഒരു കാലും പിണറായിയില്‍ മറു കാലും വച്ചുള്ള കളിക്കെന്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കണം ? അഥവാ പുതിയ നവോത്ഥാനവുമായി ശബരിമലയില്‍ കളിക്കാനിറങ്ങാനാണുദ്ദേശ്യമെങ്കില്‍... 2019 ല്‍ കിട്ടിയ അടിപോരെന്നുണ്ടോ ?

  • ഓണററി എഡിറ്റർ
Advertisment