Advertisment

മുമ്പ് സഹകരണ സ്ഥാപനങ്ങളിലെന്നപോലെ ഇപ്പോള്‍ സര്‍വകലാശാലകളിലേയ്ക്കും നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും കടന്നു കയറുകയാണ്. യുജിസി സ്കെയിലും ഉയര്‍ന്ന ശമ്പളവുമാണ് കാരണം. അതിനു തടസം ഗവര്‍ണറാണെങ്കില്‍ അദ്ദേഹത്തെ നോക്കുകുത്തിയാക്കണം. അതിനാണ് ഓര്‍ഡിനന്‍സ്. രാഷ്ട്രപതിക്കില്ലാത്ത രണ്ട് അധികാരങ്ങളാണ് ഗവര്‍ണര്‍ക്കുള്ളത്. അതിലൊന്ന് അദ്ദേഹം പ്രയോഗിച്ചാല്‍ ബില്ല് പാസാകില്ല. ഇനി ഗവര്‍ണര്‍ക്ക് തീരുമാനിക്കാം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍.

author-image
nidheesh kumar
Updated On
New Update

 

Advertisment

publive-image

സര്‍വകലാശാലകളില്‍ വൈസ് ചാര്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിച്ചു തുടങ്ങിയിട്ട് ഏറെക്കാലമായി. ഗവര്‍ണറുടെ ഇഷ്ടത്തിനനുസരിച്ച് വൈസ് ചാന‍്സിലര്‍മാരെ നിയമിക്കാനാവില്ല എന്ന നിലപാടായിരുന്നു പിണറായി സര്‍ക്കാരിന്‍റേത്.

ഗവര്‍ണര്‍ സര്‍വകലാശാലാ നിയമങ്ങളിലും പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ഇടപെട്ടു തുടങ്ങിയത് ആരിഫ് മുഹമ്മദ് ഖാന്‍റെ കാലം മുതലാണ്. മുമ്പുണ്ടായിരുന്ന ഗവര്‍ണര്‍മാരൊന്നും ഇതുപോലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയിരുന്നില്ല.

വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന വൈസ് ചാന്‍സിലര്‍മാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയോ ചില്ലറ റിപ്പോര്‍ട്ടുകള്‍ ചോദിക്കുകയോ ചെയ്യുന്നതല്ലാതെ കടുത്ത നിലപാടുകളിലേയ്ക്ക് കടക്കുവാന്‍ മുന്‍ ഗവര്‍ണര്‍മാര്‍ തയാറായിരുന്നില്ല. ആരിഫ് മുഹമ്മദ് ഖാന്‍ വ്യത്യസ്തനായിരുന്നു. കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുന്നതുകൊണ്ടും അവരുടെ പ്രതിനിധിയായാണ് കേരളത്തില്‍ വന്നതെന്നതുകൊണ്ടും ഇവിടെ സി.പി.എം ഭരിക്കുന്നതുകൊണ്ടും ആകാം അദ്ദേഹം പല കാര്യങ്ങളിലും ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നു. പ്രത്യേകിച്ച് സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍.


സര്‍വകലാശാലകളില്‍ രാഷ്ട്രീയം കുത്തിനിറക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളിലൂടെ ഇഷ്ടക്കാരെ നിയമിക്കുകയും ഇഷ്ടമില്ലാത്തവരോട് പകപോക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വന്നതാണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്.


ഒരു കാലത്ത് മിക്ക സര്‍വകലാശാലകളിലും കാര്യമായ സ്വാധീനമുഉണ്ടായിരുന്ന യുഡിഎഫും കോണ്‍ഗ്രസും ഇപ്പോള്‍ കളത്തിന് പുറത്താണ്. കാലിക്കട്ട് സര്‍വകലാശാലയില്‍ മുസ്ലിം ലീഗ് പോലും ഇത്രയും ദുര്‍ബലമായ ഒരു കാലഘട്ടമുണ്ടായിട്ടില്ല. സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല സിന്‍ഡിക്കേറ്റ് സെനറ്റ് തെരഞ്ഞെടുപ്പുകളില്‍ പോലും യുഡിഎഫ് ഏറെ പിന്നിലാണ്. അവരുടെ പ്രാതിനിധ്യം ഉണ്ടെന്നേയുള്ളു.

യുഡിഎഫിന്‍റെ പാളയത്തില്‍ നിന്ന് ജയിച്ച് കയറുന്നവരാകട്ടെ, സി.പി.എമ്മിന്‍റെ അടിമകളായാണ് മിക്കയിടത്തും പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ പിണറായിയും ആരിഫ് ഖാനും തമ്മിലുള്ള പോര് വിസി സെര്‍ച്ച് കമ്മറ്റി അംഗങ്ങളുടെ നിയമനത്തിലൂടെയാണ് പുറത്തുവന്നത്.

സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ വെട്ടാന്‍ നേരത്തെ തന്നെ സി.പി.എം ആലോചിച്ചതാണ്. എന്നാല്‍ ഒടുവില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ വെടിനിര്‍ത്തലുണ്ടായത് എന്ത് ഒത്തുതീര്‍പ്പിന്‍റെ ഫലമായാണെന്ന് ആര്‍ക്കുമറിയില്ല. ഗവര്‍ണറെ മാറ്റാനുദ്ദേശമില്ലെന്ന് മുഖ്യമന്ത്രിയും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചാല്‍ തുടരാമെന്ന് ഗവര്‍ണറും പറഞ്ഞതോടെയാണ് മഞ്ഞുരുക്കമുണ്ടായത്.

അന്ന് ഗവര്‍ണര്‍ പലതവണ പറഞ്ഞതുമാണ്, "എന്നെ മാറ്റിക്കൊളളു. ഓര്‍ഡിനന്‍സ് കൊണ്ടുവരു. ഞാന്‍ ഒപ്പിട്ടുതരാം" എന്ന്. എന്നാല്‍ ഇവിടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റുവാനല്ല സംസ്ഥാന സര്‍ക്കാര്‍ തുനിഞ്ഞിരിക്കുന്നത്. ചാന്‍സലര്‍ക്കുള്ള അധികാരങ്ങള്‍ കുറക്കുന്നതിനാണ്. അതായത്, ചാന്‍സിലറെ നോക്കുകുത്തിയാക്കി ഇരുത്തുക തന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

സെര്‍ച്ച് കമ്മറ്റിയംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും അതില്‍ സര്‍ക്കാര്‍ നോമിനികളുടെ എണ്ണം ഗണ്യമാക്കിയതുമൊക്കെ ചാന്‍സലറെ നിര്‍ഗുണപരബ്രഹ്മമാക്കാനുള്ള ചിന്തയില്‍ നിന്ന് ഉടലെടുത്തതാണ്. സത്യത്തില്‍ ഗവര്‍ണര്‍ ഒരു ഭരണഘടനാ പദവിയാണ് എന്നാല്‍ ചാന്‍സലര്‍ ആ തരത്തിലുള്ള ഒന്നല്ല. ആരെയും വേണമെങ്കില്‍ സര്‍ക്കാരിന് ചാന്‍സലറാക്കാം. പക്ഷെ കേരളത്തിലെ മിക്ക സര്‍വകലാശാലകളിലേയും ചാന്‍സലര്‍മാരായി ഗവര്‍ണറെ നിയമിക്കുന്ന ഒരു കീഴ്വഴക്കമാണ് ഉണ്ടായിട്ടുള്ളത്.


ആരു ഭരിച്ചാലും. ഗവര്‍ണറെ ചാന്‍സലറായി നിലനിര്‍ത്തുകയും നിര്‍വീര്യമാക്കുകയും നോക്കുകുത്തിയാക്കുകയും ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ മന്ത്രിസഭ പാസാക്കിയിരിക്കുന്നത്. അവിടെ ഗവര്‍ണറാണ് ആക്ട് ചെയ്യേണ്ടത്.


ചാന്‍സലറാക്കിത്തന്നെ നിലനിര്‍ത്തുകയും ചാന്‍സലര്‍ എന്ന പദവിയിലുള്ള അധികാരങ്ങള്‍ എടുത്തുകളയുകയും ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടണമോ എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാം.

അതുകൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ഗവണ്‍മെന്‍റിന് തീരുമാനിക്കാം. പക്ഷേ ഒപ്പിടേണ്ടത് ഞാനാണല്ലൊ എന്ന്. ചാന്‍സലറെ ഒഴിവാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടി വരും. കാരണം ചാന്‍സലര്‍ ഒരു ഭരണഘടനാ പദവിയല്ല. അദ്ദേഹം നേരത്തെ അതു പ്രഖ്യാപിച്ചതുമാണ്.


എന്നാല്‍ തന്നെ നിര്‍ഗുണമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് എല്ലാവരും ആശങ്കയോടെ ഉറ്റുനോക്കുന്നത്. ഭരണഘടനയുടെ 153 വകുപ്പനുസരിച്ചാണ് ഗവര്‍ണറെ അപ്പോയിന്‍റ് ചെയ്തിരിക്കുന്നത്. സ്റ്റേറ്റിന്‍റെ എക്സിക്യൂട്ടിവ് പവറാണ് ഗവര്‍ണറില്‍ നിക്ഷിപ്തമാകുന്നത്.


അദ്ദേഹത്തിനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന കീഴുദ്യോഗസ്ഥര്‍ക്കോ അദ്ദേഹത്തിന്‍റെ ചുമതലകള്‍ നിര്‍വഹിക്കാമെന്ന് ഭരണഘടനയുടെ 153 -ാം വകുപ്പ് വ്യക്തമായി പറയുന്നുണ്ട്. അദ്ദേഹത്തിന് പ്രസിഡന്‍റിനില്ലാത്ത ഒരധികാരം ഭരണഘടന നല്‍കുന്നുണ്ട്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടുകൂടി അയക്കുന്നതെല്ലാം ഇന്ത്യന്‍ രാഷ്ട്രപതി അംഗീകരിച്ചേ മതിയാകൂ. അഥവാ അത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നതാണെങ്കില്‍ മാത്രമേ അദ്ദേഹത്തിന് മാറ്റിവെക്കാനാകൂ.

കാരണം ഇന്ത്യ ഭരിക്കുന്നത് പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയില്ലാതെ ഒരു നിമിഷം പോലും ഇന്ത്യ ഔദ്യോഗികമായി നിലനില്‍ക്കില്ല അഥവാ എപ്പോഴും പ്രധാനമന്ത്രി നിലവിലുണ്ടായിരിക്കും. അതുകൊണ്ടാണ് ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോള്‍ ദൂരയാത്രയിലായിരുന്ന രാജീവ് ഗാന്ധിയെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വാര്‍ത്തക്കൊപ്പമാണ് ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത രാജ്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

ഗവര്‍ണര്‍ക്ക് ഭരണഘടന സ്വയം തീരുമാനമെടുക്കാനുള്ള രണ്ട് അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡിസ്ക്രീഷനറി പവേഴ്സ്. ഒന്ന് - സംസ്ഥാന സര്‍ക്കാരിന്‍റെ ബില്ലുകളോ ഓര്‍ഡിനന്‍സുകളോ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹത്തിന് തോന്നിയാല്‍ ഈ വിവേചനാധികാരം ഉപയോഗിക്കാം. രണ്ടാമത് സിറ്റുവേഷണല്‍ ഡിസ്ക്രീഷന്‍. അതായത് സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവേചനാധികാരം ഉപയോഗിക്കാം. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വിവേചനാധികാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രയോഗിച്ചാല്‍ ഈ ഓര്‍ഡിനന്‍സോ, ബില്ലോ പാസാകില്ല.

അതുകൊണ്ട് രാഷ്ട്രപതിക്കില്ലാത്ത, ഗവര്‍ണര്‍ക്ക് മാത്രമുള്ള, ഭരണഘടന നല്‍കുന്ന ഈ അധികാരം ഉപയോഗിച്ചാല്‍ പിണറായിയും സര്‍ക്കാരും വെള്ളം കുടിക്കും. അതാണ് ഗവര്‍ണറുടെ മനസിലുള്ളതെന്ന് വ്യക്തം.

അതിന് പോംവഴി ഒന്നേയുള്ളു. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നും മാറ്റുന്നതിനള്ള ഒരു ഓര്‍ഡിനന്‍സ് അയച്ചുകൊടുക്കുക. അദ്ദേഹത്തിന്‍റെ ഒപ്പു വാങ്ങുക. അത് നിയമസഭ പാസാക്കുക.

സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കും പ്രത്യേകിച്ച് യുവ നേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാലകളില്‍ അനധികൃത നിയമനങ്ങള്‍ നല്‍കുന്നു എന്നതാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ എന്നത് സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും പ്രതിരോധത്തിലും പ്രതിക്കുട്ടിലുമാക്കുന്നുണ്ട്.


തുറന്നു പറയുന്നില്ലെങ്കിലും സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ അഥവാ ബന്ധുക്കള്‍ സഹകരണ പ്രസ്ഥാനങ്ങളിലേപ്പോലെ ഇപ്പോള്‍ സര്‍വകലാശാലകളിലും കടന്നു കയറുകയാണ്. അധ്യാപകരായാല്‍ യുജിസിയുടെ കനത്ത ശമ്പളവും പദവിയും ലഭിക്കും എന്നതുതന്നെ കാരണം.


കണ്ണൂര്‍ സര്‍വകലാശാലയില്‍ ക്രമക്കേടുകള്‍ മാത്രമാണ് നടക്കുന്നത് അഥവാ കൂടുതലും നടക്കുന്നത് എന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു കഴിഞ്ഞു. പക്ഷേ അവിടുത്തെ വൈസ് ചാന്‍സിലറെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ ഒരു എതിര്‍പ്പും അന്ന് പ്രകടിപ്പിച്ചുമില്ല.

അപ്പോള്‍ അതുപോലെ ഒത്തുതീര്‍പ്പിന് സന്നദ്ധനാകുമോ അവസാന ഘട്ടത്തില്‍ എന്നാണ് അറിയാനുള്ളത്. ഇക്കുറി കീഴടങ്ങാന്‍ ഗവര്‍ണര്‍ തയാറാകില്ല എന്നു കരുതുന്നവരേറെയുണ്ട്. കാരണം അദ്ദേഹത്തെ ചാന്‍സിലര്‍ സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് നിര്‍വീര്യനാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എന്നതു തന്നെ.

Advertisment