സിപിഎമ്മില്‍ വ്യക്തി പൂജാ വിവാദത്തിനു തുടക്കം വിഎസിന്‍റെ ഫ്ലക്സുകളില്‍ നിന്നായിരുന്നു. അന്ന് പിണറായി തള്ളിപ്പറഞ്ഞ ഫ്ലക്സുകള്‍ ഇന്ന് പിണറായിയുടെ ചിത്രവുമായി കവലകളില്‍ നിറയുന്നുണ്ട്. ഷൈലജ ടീച്ചര്‍ക്ക് മാഗ്‌സസെ അവാര്‍ഡ് നിരസിച്ചതിന് കാരണം വകുപ്പിന്‍റെ മികവ് വ്യക്തിയുടേതല്ല എന്നതാണല്ലോ. എങ്കില്‍ തദ്ദേശ, ടൂറിസം മന്ത്രിമാര്‍ക്ക് കിട്ടിയ അവാര്‍ഡുകള്‍ അവരാരും നിരസിച്ചില്ലല്ലോ. പഴയ ജ്യോതി ബസുവിന്റെ നാട്ടിൽ മരുന്നിനു പോലും മാര്‍ക്സിസ്റ്റുകാര്‍ ഇല്ലെന്നറിയാമല്ലോ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത്കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സി.പി.എമ്മില്‍ വ്യക്തി പൂജാ സിദ്ധാന്തം ആവിര്‍ഭവിച്ചു തുടങ്ങിയത് വി.എസ് കാലഘട്ടം മുതലാണ്. അതുവരെ മരണമടഞ്ഞ നേതാക്കളുടെ ചിത്രങ്ങളേ സമ്മേളന വിളംബരങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നുള്ളു. വി.എസ് - പിണറായി വിഭാഗങ്ങള്‍ ഏറ്റുമുട്ടിയതോടെ വി.എസിന്‍റെ ഫ്ലക്സുകള്‍ അനുയായികള്‍ വ്യാപകമായി വെക്കാന്‍ തുടങ്ങി.

ഇതേക്കുറിച്ച് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയോടു പത്രക്കാര്‍ ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു; "ഞങ്ങള്‍ക്കൊന്നും പരിചിതമല്ലാത്തതാണീ രീതി. ജീവിച്ചിരിക്കുന്ന നേതാക്കളുടെ ചിത്രങ്ങള്‍ സാധാരണ ഉപയോഗിക്കാറില്ല. വി.എസിന്‍റെ കാര്യത്തില്‍ ചില ചിത്രങ്ങള്‍ ചിലയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചതെങ്ങനെയെന്നു പരിശോധിക്കാം."

അതിനുശേഷം വി.എസ് യുഗം അവസാനിക്കും മുമ്പുള്ള തെരഞ്ഞെടുപ്പില്‍ വി.എസിന്‍റെ ഫ്ലക്സുകള്‍ ധാരാളമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വച്ചത് ജയിക്കാന്‍ വേണ്ടിയായിരുന്നു. വി.എസിന്‍റെ ജനപ്രീതി വോട്ടാക്കി മാറ്റാന്‍. 2016 ല്‍. അതിനു ശേഷം വി.എസ്. കളത്തിനു പുറത്തായി.


ഒരിക്കല്‍ പിണറായി തള്ളിപ്പറഞ്ഞ ഫ്ലക്സുകള്‍ പിണറായിയുടെ മുഖവുമായി കവലകളില്‍ നിറയാന്‍ തുടങ്ങി. ഇപ്പോള്‍ പിണറായി മാത്രം. സര്‍ക്കാര്‍ പരസ്യങ്ങളില്‍ അതു മാത്രമേ കഴിയൂ. പക്ഷേ ഫ്ലക്സുകളില്‍ നിറയെ പിണറായിയാണ്. മറ്റു മന്ത്രിമാരുടെ കുഞ്ഞുതലകള്‍ എവിടെങ്കിലും കണ്ടാലായി.


ഇത്രയും പറഞ്ഞത് മാഗ്‌സസെ അവാര്‍ഡു നിരസിച്ചുകൊണ്ടുള്ള മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ പ്രസ്താവനയും അതിനെ ന്യായീകരിച്ചുകൊണ്ടുള്ള സീതാറാം യെച്ചൂരിയുടെ പ്രതികരണവും വന്നതിന്‍റെ അടിസ്ഥാനത്തിലാണ്.

അതില്‍ വ്യക്തിപൂജാ സിദ്ധാന്തം എടുത്തിട്ടതാണ് ആശ്ചര്യം. മികച്ച കോര്‍പ്പറേഷനുള്ള കേന്ദ്ര അവാര്‍ഡ് സി.പി.എം മേയര്‍മാരാരും നിരസിച്ചില്ല. അവിടെയും കൂട്ടായ പ്രവര്‍ത്തനമാണല്ലോ.

തദ്ദേശ സ്വയംഭരണ വകുപ്പിനും ടൂറിസം വകുപ്പിനും കിട്ടിയ അവാര്‍ഡുകളൊന്നും മന്ത്രിമാരാരും നിരസിച്ചില്ല.


ബി.ജെ.പി. കേന്ദ്രമന്ത്രിമാരില്‍ നിന്ന് തല കുമ്പിട്ടു തന്നെയാണു പോയി വാങ്ങിയിരുന്നത്. നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും മുമ്പില്‍ തല കുനിച്ചു വിനയം കാണിച്ചതു വിജയനായതുകൊണ്ടു സാരമില്ലെന്നാണോ ? അതു തെറ്റെന്നല്ല. അതാണു ശരി. ഔചിത്യം. ഈ ശരികളൊന്നും ഷൈലജ ടിച്ചര്‍ക്കു ബാധകമായില്ലെന്നതാണ് കഷ്ടം.


ഓരോ വ്യക്തികള്‍ക്കവരുടെ കഴിവുകളുണ്ടെന്നു അംഗീകരിക്കേണ്ടതല്ലേ ? കേന്ദ്ര കമ്മറ്റിയില്‍ എത്ര തലമുതിര്‍ന്നവരുണ്ടായിട്ടും എന്തേ കാരാട്ടിനേയും യച്ചൂരിയേയും ജനറല്‍ സെക്രട്ടറിമാരാക്കി ? ഇവിടെ പിണരായിയേക്കാള്‍ സീനിയര്‍ നേതാക്കളിരിക്കെ എന്തിനു മുഖ്യമന്ത്രിയാക്കി ?

വ്യക്തിപരമായ കഴിവുകള്‍ കൂടി നോക്കിയല്ലേ ഇതൊക്കെ ? പിണറായി ഡല്‍ഹിയില്‍ പോകുമ്പോഴൊക്കെ എന്തിനു ബ്രിട്ടാസിനെ കൂട്ടുന്നു ? അതയാള്‍ക്കു കഴിവുണ്ടായിട്ടല്ലേ ?

നായനാരും വി.എസും ഭരിച്ചപോലെയാണോ പിണറായി ഭരണം ? വ്യക്തികള്‍ മാറുമ്പോള്‍ രീതികളാകെ മാറും. എല്ലാം ഒരു സിദ്ധാന്തം തന്നെയെന്നു പറഞ്ഞിട്ടു കാര്യമില്ല. കോണ്‍ഗ്രസില്‍ കരുണാകരനും ഉമ്മന്‍ ചാണ്ടിയും ആന്‍റണിയും തമ്മില്‍ വ്യത്യാസം അജഗജാന്തരമല്ലേ ? എല്ലാം ഗാന്ധിസമെന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ ?

കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച മന്ത്രി ഷൈലജ ടീച്ചര്‍ തന്നെയായിരുന്നു. അതംഗീകരിക്കാന്‍ എന്തേ ഇത്ര വൈക്ലബ്യം ? അവര്‍ക്കംഗീകാരം കിട്ടിയത് നേട്ടമായി ആഘോഷിക്കേണ്ടതല്ലേ ? അതു പിന്തിരിപ്പന്‍മാര്‍ നല്‍കുന്നതാണെങ്കില്‍ കൂടി അവിടെ ചെന്നു വാങ്ങി അവര്‍ക്കെതിരെ സംസാരിച്ചിട്ടു പോരുന്നതായിരുന്നില്ലേ ബുദ്ധി ?

മനോരമയുടെ ചടങ്ങില്‍ പോയി അവര്‍ക്കെതിരെ പ്രസംഗിച്ച ഇ.എം.എസിനെയും ഇ.കെ. നായനാരേയും ഓര്‍ക്കുന്നു. ഷൈലജയുടെ ആരോഗ്യ വകുപ്പിന്‍റെ നേട്ടം കൂട്ടായ പ്രവര്‍ത്തന ഫലം. അപ്പോള്‍ കോട്ടങ്ങളും വീതിക്കേണ്ടതല്ലേ ?


മൂന്നു നേരം മൃഷ്ടാന്ന ഭോജനം നടത്തി വീട്ടില്‍ സുഖമായി ഉണ്ടുറങ്ങിയവര്‍ക്കിടയില്‍ രാത്രി ഉറക്കമിളച്ചിരുന്നു സര്‍ക്കാര്‍ സംവിധാനത്തെ ചലനാത്മകമാക്കിയ ടിച്ചറെ എങ്ങിനെ അവഗണിക്കാനാവും ? മറക്കാനാവും ?


അവാര്‍ഡു സ്വീകരിക്കുകയും സ്വീകരിക്കാതിരിക്കുകയും ചെയ്യുക രാഷ്ട്രീയം. വേണ്ടെന്നാണ് ഇപ്പോള്‍ പാര്‍ട്ടി തീരുമാനം. ജ്യോതിബാസുവിനെ പ്രധാന മന്ത്രിയാക്കാന്‍ ഭൂരിപക്ഷം കക്ഷികള്‍ തീരുമാനിച്ചപ്പോള്‍ ആ അവസരം വോട്ടിനിട്ടു വേണ്ടെന്നുവച്ചത് ഇതേ കേന്ദ്ര കമ്മറ്റിയാണ്. ബാസുവിന്‍റെ നാട്ടില്‍ മരുന്നിനുപോലും മാര്‍ക്സിസ്റ്റുകാരില്ലാതായപ്പോള്‍ പാര്‍ട്ടിയുടെ കുറ്റം കൊണ്ടല്ല അതെന്നു വിലയിരുത്തിയതും ഇതേ കേന്ദ്ര കമ്മറ്റിയാണ്. (ടി.വി ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണമെന്നു പാവപ്പെട്ട പൊട്ടന്‍മാരെ പറഞ്ഞു കബളിപ്പിച്ചേനേ നമ്മള്‍).

ഇ.എം.എസിന് മൊറാര്‍ജി സര്‍ക്കാര്‍ പത്മ ഭൂഷണ്‍ നല്‍കാമെന്നു പറഞ്ഞപ്പോള്‍ അതു നിരസിച്ചതു ചരിത്രം. അതിനാല്‍ അവാര്‍ഡു സ്വീകരിക്കാതിരിക്കുന്നതിനേ എതിരാളികള്‍ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോകരുതെന്ന് പ്രൊഫ. കെ.വി തോമസിനെ വിലക്കിയ കോണ്‍ഗ്രസ് അത് നടപ്പാക്കിയത് പാര്‍ട്ടി തീരുമാനമല്ലേ ?

അതിനാല്‍ പാര്‍ട്ടി തീരുമാനം നടപ്പാക്കിയതിനെ രാഷ്ട്രീയ ശത്രുക്കള്‍ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ മറ്റുള്ളവര്‍ക്കു വിമര്‍ശിക്കാം. 40 ലക്ഷം രൂപയാണ് അവാര്‍‍ഡു തുക.


വിനോബാ ഭാവയ്ക്കും മദര്‍ തെരേസയ്ക്കും ലഭിച്ച അവാര്‍ഡ് ഷൈലജ ടിച്ചര്‍ക്കു കിട്ടുന്നതില്‍ സന്തോഷിക്കുന്നവരാണ് മലയാളികള്‍. അത് മലയാളി അംഗീകരിക്കപ്പെടുന്നല്ലോ എന്നോര്‍ത്താണ്. യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്ത് ശശി തരൂര്‍ പരാജയപ്പെട്ടപ്പോള്‍ വേദനിച്ചവനാണ് ഈ മലയാളി.


സി.പി.എം ഇപ്പോള്‍ മുതലാളിത്വ സാമ്രാജ്യത്വ വിരുദ്ധനായി എഴുന്നെള്ളിച്ചു കൊണ്ടുനടക്കുന്ന പത്രക്കാരന്‍ പി. സായിനാഥും മനിലയില്‍ പോയി കമ്മ്യൂണിസ്റ്റ് ആരാച്ചാരുടെ പേരിലുള്ള ഈ അവാര്‍ഡ് രണ്ടുകൈയ്യും നീട്ടി വാങ്ങിയിട്ടുണ്ട്. (അതിനു ശേഷമായിരിക്കാം അദ്ദേഹത്തിന് സാമ്രാജ്യത്വ വിരുദ്ധ ചിന്തകള്‍ ബോധോദയമായി ഉദിച്ചത്).


സി.പി.എം. ഇനിയെങ്കിലും ഈ സ്റ്റാലിനിസ്റ്റ് മൂരാച്ചി സ്വഭാവം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്തെ പല്ലും നഖവും ഉപയോഗിച്ച് കണ്ണടച്ച് എതിര്‍ത്തിട്ടിപ്പോള്‍ ചികിത്സക്കു പോകുമ്പോള്‍ പൊതുജനം ട്രോളുന്നത് എന്തുകൊണ്ട് ? നിലപാടെടുക്കുമ്പോള്‍ ഭാവികൂടി നോക്കണം. ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും തള്ളിപ്പറഞ്ഞു സമരം ചെയ്തതിന്‍റെ കേട് ഇതുവരെ തീര്‍ന്നിട്ടില്ലെന്നോര്‍ക്കണം.


വ്യക്തികളില്‍ കഴിവുള്ളവരും ബുദ്ധിജീവികളും പ്രായോഗികത നന്നായുള്ളവരും ഒക്കെയുണ്ട്. മറിച്ചുള്ളവരും. ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും പഠിക്കണം.

വാല്‍ക്കഷണം: ഷൈലജക്കല്ല സര്‍ക്കാരിനായിരുന്നു മാഗ്‌സസെ അവാര്‍ഡെങ്കില്‍ സ്വീകരിക്കുമായിരുന്നോ ? അപ്പോള്‍ കമ്മ്യൂണിസ്റ്റ് പീഡകനല്ലാതാകുമോ മാഗ്‌സസെ ?

Advertisment