/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തെരുവുനായ്ക്കളാണ് ഇപ്പോഴത്തെ കേരളത്തിന്‍റെ ഗുരുതരമായ പ്രശ്നം. നിപ്പയും കോവിഡും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ നായകടിക്കു മുമ്പില്‍ നിഷ്പ്രഭമായിരിക്കുന്നു. പ്രതിദിനം നായകടിയേറ്റവരുടെ കണക്കുകള്‍ പത്രങ്ങളില്‍ വരാന്‍ തുടങ്ങിയിരിക്കുന്നു. പട്ടികടി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലെ താരം. കൂടുതലും കുട്ടികളാണ് ഇരകള്‍.
ഗതികെട്ടപ്പോള്‍ ഒടുവില്‍ സംസ്ഥാനം പേപ്പട്ടികളെയും അക്രമണകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഒരു സുപ്രീം കോടതി വിധിയാണ് തെരുവു നായ്ക്കളെ കൊല്ലുന്നത് നിരോധിച്ചത്. പിന്നില്‍ വാക്സിന്‍ ലോബിയാണെന്നാണ് ആരോപണം. കനത്ത ഫീസുള്ള സുപ്രീം കോടതി അഭിഭാഷകരെ കളത്തിലിറക്കാന്‍ അവര്‍ക്കല്ലേ കഴിയൂ.
5000 കോടി വരും ഇന്ത്യയിലെ പേപ്പട്ടി വിരുദ്ധ വാക്സിന്‍ മാര്‍ക്കറ്റ്. 3500 കോടിയും ലാഭമാണ്. കുറെ കമ്മീഷനും. ഏകദേശം 1000 കോടിയുടെ വാക്സിനാണത്രെ 5000 കോടിക്കു വില്‍ക്കുന്നത്. കോവിഡ് വന്നപ്പോള്‍ ഡോളോ ഗുളിക നിര്‍മ്മാതാക്കള്‍ ഡോക്ടര്‍മാര്‍ക്കു കമ്മീഷനായി കൊടുത്തത് 1000 കോടിയാണെന്ന് വെളിപ്പെടുത്തപ്പെട്ടതും സുപ്രീം കോടതിയില്‍ തന്നെ.
പിന്നതിനേക്കുറിച്ചൊന്നും കേട്ടില്ല. ഇനി കേള്‍ക്കുകയുമില്ല. അത്രക്കാണ് മരുന്നു മാഫിയയുടെ ശക്തി.
ആരെയും ഉപദ്രവിക്കാത്ത കോഴികളെ കൊന്നു തിന്നാം. നിരുപദ്രവകാരികളായ ആടുകളെയും കാളകളെയും കൊന്നു തിന്നാം. എന്തിന് മുയലുകള്‍ ആരെയും കടിച്ചോ കുത്തിയോ പരിക്കേല്‍പ്പിച്ചതായി അറിവില്ല. അവരെയും കൊല്ലാം, തിന്നാം.
കൃഷി തകര്‍ക്കുന്ന പന്നിയെ കൊല്ലാം. മദമിളകിയ ആനയെ വെടിവയ്ക്കാം. നാട്ടിലിറങ്ങിയ പുലികളെ വെടിവച്ചു കൊല്ലാം. മനുഷ്യര്‍ക്ക് ദുരിതപൂര്‍ണമായ മരണം സംഭാവന ചെയ്യുന്ന നായ്ക്കളെ കൊല്ലാനാവില്ല, രഹസ്യമായി കൊന്നവനൊക്കെ കോടതികയറും.
സ്വയരക്ഷക്കുവേണ്ടി അക്രമണകാരികളായ മനുഷ്യരെ കൊല്ലാന്‍ പോലും അനുവദിക്കുന്നുണ്ട്. സ്വയരക്ഷക്കായി കടിക്കാന്‍ വരുന്ന പട്ടികളെ കൊല്ലാന്‍ പാടില്ല. അവക്കു കടിക്കാന്‍ കിടന്നു കൊടുക്കണം. വേണ്ട, മറിച്ചിട്ട് അവ കടിച്ചിട്ട് രക്ഷപെട്ടുകൊള്ളും.
സുപ്രീം കോടതിയില്‍ വിധികള്‍ വരുന്നത് ന്യായവാദങ്ങള്‍ നോക്കിയാണ്. അതുകൊണ്ടാണല്ലോ വിധികള്‍ മേല്‍ കോടതികള്‍ മാറ്റിമറിക്കുന്നത്. വാക്‌സാമർത്ഥ്യമുള്ളവര്‍ വാദിച്ചാല്‍ വിധി അവിടേക്കു മറിയും. ന്യായം മറുഭാഗത്താണെങ്കിലും.
വിശപ്പു കൂടിയപ്പോഴാണ് അട്ടപ്പാടിയിലെ മധു കടയില്‍ നിന്നെന്തോ മോഷ്ടിച്ചതെന്നാര്‍ക്കാണറിയാത്തത്. പക്ഷെ പ്രതികളെ ശിക്ഷിക്കാനിടയില്ല. കാരണം സാക്ഷികളില്ല. എല്ലാവരും കൂറുമാറിക്കളഞ്ഞു. കൊല നടന്നത് ജഡ്ജിയുടെ മുന്നില്‍ വച്ചാണെങ്കിലും പ്രതിയെ ശിക്ഷിക്കാനാവില്ല, സാക്ഷികളില്ലെങ്കില്‍, അതാണ് ഇന്ത്യന്‍ തെളിവു നിയമത്തിന്‍റെ ദൗര്‍ബല്യം.
ഇനി നായകളിലേക്കു മടങ്ങാം. മേഘാലയ ഗവര്‍ണറായിരുന്ന കെ. ശങ്കരനാരായണന്‍, പിന്നീടദ്ദേഹം മഹാരാഷ്ട്ര ഗവര്‍ണറായി. മാസങ്ങൾക്ക് മുമ്പ് അന്തരിച്ചു. അദ്ദേഹം എന്നോട് പറഞ്ഞ ഒരു സംഭവം:
2001 ഡിസംബര്‍ 13 നായിരുന്നു ഭീകര വാദികള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ചത്. (5 തീവ്രവാദികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റു. ലഷ്കര്‍ ഇ തൊയ്ബയും ജയ്ഷേ മുഹമ്മദുമായിരുന്നു പിന്നില്‍).
അതിനുശേഷം പാര്‍ലമെന്‍റിന്‍റെ സുരക്ഷാ ചുമതല നാഗാ റജിമെന്‍റിനെ ഏല്‍പ്പിച്ചു. അങ്ങിനെയാണ് ഫയല്‍ കെ. ശങ്കരനാരായണന്‍റെ പക്കല്‍ എത്തുന്നത്. അന്ന് പാര്‍ലമെന്‍റ് വളപ്പ് തെരുവു നായ്ക്കളെ കൊണ്ടു നിറഞ്ഞിരുന്നു. അന്നു പട്ടിപിടുത്തം നിയമവിരുദ്ധമായിരുന്നു.
പക്ഷെ രാഷ്ട്രീയക്കാരുമായുള്ള സഹവാസം കൊണ്ടാകാം പാര്‍ലമെന്‍റ് വളപ്പിലെ പട്ടികള്‍ അക്രമണകാരികളായിരുന്നില്ല. അവര്‍ ആരേയും കടിക്കുകയോ ഓടിക്കുകയോ ചെയ്യുമായിരുന്നില്ല. കുരക്കുകതന്നെ വല്ലപ്പോഴും.
നാഗാ റജിമെന്‍റ് പട്ടാളക്കാര്‍ പാര്‍ലമെന്‍റിനു ചുറ്റും ടെന്‍റു കെട്ടി താമസം തുടങ്ങി. ഭക്ഷണമൊക്കെ പട്ടാളത്തിനു പ്രത്യേകം. പക്ഷെ കാലക്രമത്തില്‍ പാര്‍ലമെന്‍റ് വളപ്പിലെ തെരുവുനായ്ക്കളുടെ എണ്ണം കുറഞ്ഞു വന്നു. പിന്നീട് മരുന്നിനു പോലും തെരുവുനായയെ കാണാനാവാത്ത അവസ്ഥയെത്തി. ഇതാരും ശ്രദ്ധിച്ചുമില്ല. അഥവാ ശ്രദ്ധിക്കുന്നില്ല എന്നു നടിച്ചു.
നാഗാലാന്‍റിലെ മനുഷ്യരുടെ ഇഷ്ട വിഭവമാണ് പട്ടിയിറച്ചി. അതുകൊണ്ടവര്‍ പല രുചികരങ്ങളായ വിഭവങ്ങള്‍ ഉണ്ടാക്കും. പട്ടിപിടുത്തം നാഗാലാന്‍റില്‍ കുറ്റകരമല്ല. കോഴിയെപ്പോലെ, ആടിനെപ്പോലെയാണ് അവര്‍ക്കു പട്ടിയും. പാര്‍ലമെന്‍റിന്‍റെ രക്ഷക്കെത്തിയ നാഗാ റജിനെന്‍റ് അങ്ങനെ പാര്‍ലമെന്‍റ് വളപ്പിലെ നായ്ക്കളുടെ അന്തകന്‍മാരായി.
നാഗാലാന്‍റ് ഇന്ത്യയില്‍ തന്നെയാണല്ലോ. അവിടുത്തെ ജനങ്ങള്‍ക്ക് പട്ടിയിറച്ചി കഴിക്കാമെങ്കില്‍ എന്തുകൊണ്ട് ഇവിടെയും അതായിക്കൂടാ.
മലം ഭക്ഷിക്കുന്ന പട്ടിയെ എങ്ങനെ തിന്നുമെന്നതാണു പ്രശ്നമെങ്കില്‍ മലം ഭക്ഷിക്കുന്ന നാടന്‍ കോഴിക്കിപ്പോള്‍ ഡിമാന്‍റ് കൂടുതലാണെന്നോര്‍ക്കുക. നല്ല ഭക്ഷണം നല്‍കി പട്ടികളെ വളര്‍ത്തിയാലും മതി.
ബംഗാളില്‍ നിന്ന് ആളെ ജോലിക്കിറക്കുന്നതിനു പകരം നാഗാലാന്‍റിനു മുന്‍ഗണന നല്‍കിക്കൂടേ ? ഇപ്പോള്‍ ഹോട്ടലുകളിലെ വിളമ്പുകാരായി മാത്രമാണ് നാം നാഗാ സ്ത്രീകളെ ഉപയോഗിക്കുന്നത്.
നാഗാലാന്‍റില്‍ കുറെ കാലം ജീവിച്ച ഒരു പള്ളി വികാരി പറഞ്ഞത് അവിടുത്തെ പട്ടിയിറച്ചി വിഭവങ്ങള്‍ രുചികരങ്ങളാണെന്നാണ്. കോഴിയുടെയും ആടിന്‍റെയും മുയലിന്‍റെയും പട്ടികയില്‍ പട്ടികളെ പെടുത്തിയാല്‍ ഇവിടെയും ആളുകള്‍ തിന്നു തുടങ്ങിക്കൊള്ളും. ( ഇപ്പോള്‍ തന്നെ പല ഹോട്ടലുകളിലും മട്ടണ്‍ എന്നു പറഞ്ഞു വില്‍ക്കുന്നത് പ്രായം കുറഞ്ഞ നായ്ക്കളുടെ ഇറച്ചിയാണെന്നാണ് കേഴ്വി ).
ഇവിടെ പട്ടിണി കൂടിയപ്പോഴാണല്ലോ 1880 - 1885 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ രാമവര്‍മ്മ മരച്ചീനി കൊണ്ടുവന്നത്. ബ്രസീലുകാരനാണ് നാം കപ്പ, മരച്ചീനി, ചീനി എന്നൊക്കെ പറയുന്ന ടപ്പിയോക്ക. തുടക്കത്തില്‍ ഇവ കഴിച്ച് പശുക്കള്‍ ചത്തുപോകുമായിരുന്നു. ഇപ്പോള്‍ പഞ്ചനക്ഷത്ര വിഭവമാണല്ലോ വേവിച്ച മരച്ചിനീ അഥവാ കപ്പ.
അതിനാല്‍ തുടക്കത്തില്‍ ഡിമാന്‍റു കുറഞ്ഞാലും പോകെ പോകെ ആവശ്യക്കാര്‍ ഏറും. ഇവിടുത്തെ ഇറച്ചി ക്ഷാമം പരിഹരിക്കുകയും ചെയ്യും.
ചൈനക്കാരെ പോലെ വിര, അട്ട, അണലി, കുരങ്ങ് തുടങ്ങിയവയെ കഴിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് പട്ടിയിറച്ചി.
അതിനൊന്നും കാത്തു നില്‍ക്കാതെ പട്ടികളെ പഞ്ചായത്ത് തലത്തില്‍ പ്രത്യേക കേന്ദ്രങ്ങളുണ്ടാക്കി അവിടെ പാര്‍പ്പിക്കാനും പേ പിടിച്ചവയെ കൊല്ലാന്‍ സുപ്രീം കോടതിയെ സമീപിക്കാനും മന്ത്രി എം.ബി രാജേഷ് തീരുമാനിച്ചതു നന്നായി. രാജേഷിനെ കാണുമ്പോള്‍ ചില പട്ടികള്‍ മുറുമുറുക്കുമെങ്കിലും ജനങ്ങള്‍ വാഴ്ത്തും, ഉറപ്പ്.
- ഓണററി എഡിറ്റർ