അപരിഷ്കൃത നാളുകളില്‍ തോറ്റ രാജാവിനെ കൊല്ലുകയോ കീഴ്‌പ്പെടുത്തുകയോ ചെയ്ത ശേഷം രാജ്യവും രാജാവിന്റെ ഭാര്യപ്പോലും അടിച്ചുമാറ്റുമായിരുന്നു. ഒടുവിൽ ഗോവയിലെ 8 കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റം കണ്ടപ്പോൾ അതാണോർമ്മ വരുന്നത്. മറ്റൊരു വിനോദമാണ് ആദായനികുതി, എന്‍ഫോഴ്സ്മെന്‍റ് റെയ്ഡുകള്‍. റെയ്ഡെല്ലാം പ്രതിപക്ഷത്തിനെതിരെ മാത്രം. എന്നെങ്കിലും ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്നോര്‍ക്കണം. അപ്പോഴും ഈ നിയമമൊക്കെ ഇവിടെയുണ്ടാകുമെന്നും ഓര്‍ക്കണം - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

രണ്ടാം നരേന്ദ്രമോഡി സര്‍ക്കാര്‍ വന്നശേഷം 'ടേക്ക് ഓവറു'കളും 'അക്വിസേഷനു'കളും വര്‍ധിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കു സുപരിചിതമാണീ വാക്കുകള്‍.

പക്ഷെ രാഷ്ട്രീയത്തില്‍ ആരും ഇതു പ്രയോഗിച്ചു കണ്ടിട്ടില്ല. ഒടുവില്‍ ഗോവയിലെ കോണ്‍ഗ്രസിനെയാകെ വിഴുങ്ങിക്കൊണ്ടാണ് ബഹുരാഷ്ട്ര കുത്തകക്കാരെ പോലെ ബി.ജെ.പി സമ്പൂര്‍ണ കോര്‍പ്പറേറ്റ് രൂപം കൈവരിച്ചത്.

അപരിഷ്കൃത നാളുകളില്‍ കരുത്തുള്ളവന്‍ ദുര്‍ബലന്‍റെ സ്വത്തും വീടും എന്തിന് ഭാര്യയെപ്പോലും അടിച്ചു മാറ്റുമായിരുന്നു. യുദ്ധത്തില്‍ ജയിക്കുന്ന രാജാവ് തോറ്റ രാജാവിന്‍റെ ഭാര്യമാരെ സ്വന്തം ഭാര്യയാക്കുക സാധാരണമായിരുന്നു.

തോറ്റ രാജാവിനെ കൊല്ലുകയോ കീഴ്‌പ്പെടുത്തുകയോ ചെയ്ത ശേഷം രാജ്യം പിടിച്ചെടുത്തുകൊണ്ടായിരുന്നു ഇത്. ( താല്‍പര്യമില്ലാത്ത രാജ്ഞിമാര്‍ സ്വയം മരണത്തെ വരിക്കും. കൂടുതല്‍ പേരും പുതിയ രാജാവിനെ പതിയായി സ്വീകരിക്കും. ചില മൃഗങ്ങള്‍ക്കാണീ രീതി. ഏറ്റുമുട്ടലില്‍ ജയിക്കുന്നവനെ മാത്രമേ ഇണചേരാനനുവദിക്കൂ. )


ഗോവയിലെ 8 കോണ്‍ഗ്രസ് എം.എല്‍.എമാരെയാണ് ബി.ജെ.പി കാലുമാറ്റിയെടുത്തത്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മൈക്കേല്‍ ലോബെ തുടങ്ങിയവരും കാലുമാറ്റക്കാരില്‍പെടുന്നു. ഇനി 40 അംഗ സഭയില്‍ കോണ്‍ഗ്രസിന് മൂന്നംഗങ്ങളേയുള്ളു. ബി.ജെ.പിക്ക് ഇതുവരെ 20 അംഗങ്ങളെ ഉണ്ടായിരുന്നുള്ളു.


ഒരു തലക്കെത്ര കോടിയാണ് വിലയിട്ടതെന്നറിയില്ല. എന്നാലും 20 - 25 കോടിയാകാനാണ് സാധ്യത. ദേശീയതല ശരാശരിയും അതുതന്നെ. കേരളം പോലെ ക്ലച്ചു പിടിക്കാത്ത സംസ്ഥാനങ്ങളില്‍ വില 30 കോടിവരെ പോയേക്കും. രണ്ടു വിരുതന്‍മാര്‍ വിലനിലവാര സൂചിക വീണ്ടും ഉയരാന്‍ ഇവിടെ കാത്തിരിക്കുകയാണത്രെ.

മറ്റ് സംസ്ഥാനങ്ങളിലും പണം കൊടുത്തുള്ള കാലുമാറ്റ മേളകള്‍ ബി.ജെ.പി സംഘടിപ്പിച്ചിട്ടുണ്ട്. ഇത് നയമെന്ന തരത്തിലാണ് ബി.ജെ.പി കാണുന്നത്. കാലുമാറ്റിയെടുത്ത് എതിര്‍ കക്ഷിയെ വിഴുങ്ങുക നയമാണെങ്കില്‍ പിന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ രാഷ്ട്രീയ സദാചാരത്തിന്‍റെ ആശാന്‍മാരെന്നു പറഞ്ഞു പിന്നെ ഞെളിയരുത്.


ഇന്നലെ വരെ കോണ്‍ഗ്രസിലോ മറ്റു കക്ഷികളിലോ നിന്നവര്‍ എന്ത് അടിസ്ഥാന ആദര്‍ശമാറ്റമാണ് കാലുമാറുമ്പോള്‍ ബി.ജെ.പിയില്‍ ദര്‍ശിക്കുന്നത് ? പൊടുന്നനെ ബോധാദയം ഉണ്ടായതാണോ ? ഇന്ത്യയുടെ രക്ഷക്ക് ഇനി ബി.ജെ.പി മതിയെന്ന്.


അതല്ലേ സത്യമെന്നാര്‍ക്കാണറിഞ്ഞുകൂടാത്തത് ? വിഷയം പണമാണ്. കോടികള്‍. അല്ലാതെ ആദര്‍ശവുമല്ല, ഒരു മണ്ണാങ്കട്ടയുമല്ല.

കോണ്‍ഗ്രസിന്‍റെ സ്ഥിതിയാണ് ദയനീയം. സത്യം ചെയ്യിച്ചിട്ടും എം.എല്‍.എമാര്‍ കൂറുമാറുകയാണ്. പാര്‍ട്ടിക്ക് പഴയപോലെ കോര്‍പ്പറേറ്റുകള്‍ ഫണ്ട് കൊടുക്കുന്നില്ല. കിട്ടുന്നതു തന്നെ സോണിയക്കും മക്കള്‍ക്കും യാത്രചെയ്യുന്ന പ്രത്യേക വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും വാടക കൊടുക്കാന്‍ പോലും തികയുന്നില്ല.

publive-image

ഇപ്പോഴത്തെ കണ്ടെയ്നറുകളുടെ വാടക വേറെ. കോണ്‍ഗ്രസിന്‍റെ കണ്ടെയ്നര്‍ രാഷ്ട്രീയം പോലെ കാലുമാറ്റത്തിന് ഒരു പരിശുദ്ധി കൊണ്ടുവന്നിരിക്കുകയാണ് ബി.ജെ.പി. പാര്‍ട്ടി ഫണ്ട് ഓഫീസുകള്‍ തീര്‍ക്കാനും കാലു മാറ്റാനുമാണവര്‍ ഉപയോഗിക്കുന്നതെന്നഭിമാനിക്കാം. (അടിച്ചു മാറ്റി വിദേശത്തേക്കു കടത്തുന്നില്ല).


ബി.ജെ.പി കേന്ദ്ര ഓഫീസിനു നിര്‍മ്മാണ ചെലവ് 1300 കോടിയായിരുന്നു. തിരുവനന്തപുരത്തെ മാരാര്‍ജി ഭവന്‍ ഉയര്‍ന്നു വരുന്നതേയുള്ളു. 50 - 60 കോടിയെങ്കിലും വേണ്ടിവരും പൂര്‍ത്തീകരിക്കാന്‍. കഴിഞ്ഞ ദിവസം പൂര്‍ത്തിയായ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിന്‍റെ വിസ്തീര്‍ണം 11000 ചതുരശ്ര അടിയാണ്. 6 കോടിയെങ്കിലും ചെലവ് വരും.


എല്ലാം കേന്ദ്രത്തില്‍ നിന്നു തന്നെ. ഇവിടെ അടുത്ത കാലത്തൊന്നും ബി.ജെ.പി ഫണ്ടു പിരിച്ചു മനുഷ്യരെ ബുദ്ധിമുട്ടിച്ചതായി അറിയില്ല. (അതു നല്ല കാര്യം).

രണ്ടാം മോഡി സര്‍ക്കാരിന്‍റെ മറ്റൊരു വിനോദമാണ് റെയ്ഡുകള്‍. ആദായനികുതി, എന്‍ഫോഴ്സ്മെന്‍റ് വിഭാഗങ്ങളെയാണ് ഇക്കാര്യത്തില്‍ സ്തുത്യര്‍ഹമായി ഉപയോഗിക്കുന്നത്.

റെയ്ഡെല്ലാം പ്രതിപക്ഷത്തിനെതിരെ മാത്രം. തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡ് നടത്തിയത് കഴിഞ്ഞ ദിവസം മാത്രമാണ്. മന്ത്രിമാരുടെ വീടുകളിലാകെ കയറി. തമിഴ്‌നാട്ടില്‍ കത്തി. അഴിമതി നടത്താത്ത രാഷ്ട്രീയക്കാരായി അണ്ണാദുരെയും കാമരാജും പോലും ഉണ്ടായിരുന്നോ എന്നു സംശയിക്കണം. അതാണവിടുത്തെ ശൈലി.


ഡല്‍ഹിയില്‍ കേജരിവാളിന്‍റെ ഒന്നോ രണ്ടോ മന്ത്രിമാര്‍ തന്നെ അകത്താണ്. അഴിമതി കേസില്‍ പെടുത്തി കേജരിവാളിനെ പിടിക്കാനാണ് ബി.ജെ.പി നോക്കുന്നത്. ഓണ്‍ലൈനില്‍ ഒരഭ്യര്‍ത്ഥന നടത്തിയാല്‍ കോടികള്‍ ജനങ്ങള്‍ സംഭാവന നല്‍കുന്ന കേജരിവാള്‍ എന്തിനഴിമതി കാട്ടണം ? അത് മദ്യത്തിന്‍റെ പേരിലായാലും ബസിന്‍റെ പേരിലായാലും.


ബി.ജെ.പിക്കാരെയും സഖ്യകക്ഷികളെയും എല്ലാ റെയ്ഡില്‍ നിന്നും വിമുക്തരാകുന്നു. അവരെല്ലാം പരിശുദ്ധര്‍. മറ്റുള്ളവര്‍ അഴിമതിക്കാര്‍. ഇവിടുത്തെ സി.പി.എമ്മില്‍ നിന്നായിരിക്കാം ബി.ജെ.പി ഇതൊക്കെ പഠിച്ചത്. ഗുജറാത്ത് - കേരള ഭായ് ഭായ് ഭരണമാണല്ലോ നമ്മുടേത്.

തമിഴ്‌നാട്ടില്‍ നിലനിന്ന വിരുദ്ധ രാഷ്ട്രീയം കേന്ദ്രത്തിലേക്കു പടരുകയാണോ ? ജയലളിത കരുണാനിധിയേയും മറിച്ചും ഇടക്കിടെ ജയിലില്‍ ഇടുന്നതായിരുന്നല്ലോ അവിടുത്തെ രാഷ്ട്രീയം.


എന്നെങ്കിലും ബി.ജെ.പിക്ക് കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെടുമെന്നോര്‍ക്കണം. അപ്പോഴും ഈ നിയമമൊക്കെ ഇവിടെയുണ്ടാകുമെന്നും ഓര്‍ക്കണം. ജയിലില്‍ കിടന്നവരൊക്കെ അതു മറന്നുകളയില്ലെന്നും ഓര്‍ക്കണം.


അടുത്തിടെ ചട്ടമ്പി സ്വാമി അവാര്‍ഡു വിതരണത്തിന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള തിരുവനന്തപുരത്തെത്തി. മസ്ക്കറ്റ് ഹോട്ടലില്‍ പോലീസിന്‍റെ ഗാര്‍ഡ് ഓഫ് ഓണര്‍.

അതുകഴിഞ്ഞ് പടികയറവെ ഗവര്‍ണര്‍ എന്‍റെ ചെവിയില്‍ പറഞ്ഞു. "കാലാവധി കഴിയുമ്പോള്‍ നോക്കിയിരിക്കാന്‍ പോലും ചിലരേ ഉണ്ടാകൂ എന്നെനിക്കറിയാം. പെട്ടിയെടുക്കാന്‍ ഈ കൈകളും..."

അതായിരിക്കണം അധികാരത്തിലിരിക്കുന്ന ബുദ്ധിയുള്ളവരുടെ നിലപാട്. എന്നും ആനപ്പുറത്തായിരിക്കില്ലല്ലോ ഇരിപ്പ്. ഇതൊക്കെ ബി.ജെ.പി നേതൃത്വവും ഓര്‍ക്കുന്നത് നല്ലതാണ്.

Advertisment