ഗവര്‍ണര്‍ക്കെതിരെ മറുതന്ത്രമൊരുക്കി സിപിഎമ്മും. പുതിയ പോര്‍മുഖം തുറക്കും. ലോകായുക്ത പിണറായിക്കെതിരെ വാളോങ്ങില്ലെന്നും വിലയിരുത്തല്‍ ! യുക്തി നോക്കി വഴങ്ങിയും വിഴുങ്ങിയുമൊക്കെ ശീലമുള്ളവര്‍ പിണറായിയെ പ്രതിസന്ധിയിലാക്കുമോ ? പിണറായി - ഗവര്‍ണര്‍ പോരിനെ രാഷ്ട്രീയ പോരാട്ടമായും നിയമയുദ്ധമായും മാറ്റുകയാവും സര്‍ക്കാര്‍ ചെയ്യുക - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഗവര്‍ണര്‍ക്കുനേരെ മുഖ്യമന്ത്രി നിറയൊഴിച്ചു. ഗവര്‍ണര്‍ തിരിച്ചും. ഇനി ഈ വെടിവയ്പുകളുടെ തീയും പുകയുമായിരിക്കും കുറേക്കാലം കേരള രാഷ്ട്രീയാന്തരീക്ഷത്തില്‍.

ഇടക്കിടെ ഇടഞ്ഞും കീഴടങ്ങിയും മുന്നോട്ടുപോയ ഗവര്‍ണര്‍ മൂന്നു വര്‍ഷം മുമ്പ് നടന്ന ചരിത്ര കോണ്‍ഗ്രസ് പ്രതിഷേധത്തെ ശാരീരിക ആക്രമണമായി കണ്ടതും അതില്‍ ഗൂഢാലോചന കണ്ടെത്തിയതും ഈയിടെയാണ്. അന്നത് അവഗണിച്ചെങ്കില്‍ ഇപ്പോള്‍ ഗൗരവത്തോടെ കാണാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത് അതിനെ ഒരായുധമാക്കാനാണ്.

പിണറായിയും സി.പി.എമ്മും ഗവര്‍ണര്‍ക്കെതിരെ വാളെടുത്തിരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അലയൊലികള്‍ ആരംഭിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ യാത്രയും അതുതന്നെ. രാഹുലിനു കിട്ടുന്ന വന്‍ ജനപങ്കാളിത്തം സി.പി.എമ്മിനെ കുറച്ചൊന്നുമല്ല അലോരസപ്പെടുത്തുന്നത്.

2024 -ല്‍ അഞ്ച് - ആറ് സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ മുഖം രക്ഷിക്കാനാവില്ല. അതിനാല്‍ ബി.ജെ.പിക്കെതിരെ പുതിയ പോര്‍മുഖം തുറക്കണം. മുസ്ലിം വോട്ടുബാങ്കു തന്നെ ലക്ഷ്യം. അതിന്‍റെ പ്രതീകമാണ് ഗവര്‍ണര്‍ എന്നുവരുത്തി ആക്രമിക്കുക എന്നതാണ് സി.പി.എം രാഷ്ട്രീയ തന്ത്രം.

ഒന്നാം പിണറായി സര്‍ക്കാരിനേപ്പോലെ ക്ലച്ചുപിടിക്കുന്നില്ല രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന വിലയിരുത്തലുണ്ട്. അതിന്‍റെ പാപഭാരം വയ്ക്കാന്‍ ഒരു ചുമല്‍ തേടി നടക്കുകയായിരുന്നു. അതാണ് ഗവര്‍ണറില്‍ കണ്ടെത്തിയിരിക്കുന്നത്.


സ്വസ്ഥമായി തങ്ങളെ ഭരിക്കാന്‍ കേന്ദ്രവും ഗവര്‍ണര്‍ വഴി ബി.ജെ.പിയും അനുവദിച്ചില്ലെന്ന കാമ്പെയ്ന്‍ നടത്താന്‍ ഇതിലൂടെ സി.പി.എമ്മിനു കഴിയും.


ബി.ജെ.പിക്കെതിരെ പോരാടുന്നതില്‍ മുമ്പന്‍ എന്ന പേര് പിണറായിക്കുണ്ടായിരുന്നു. അതുകൂടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ സമാഹരിക്കാന്‍ സഹായിച്ചത്. അടുത്തകാലത്ത് അതു മങ്ങി.

മോഡിയുമായി ചങ്ങാത്തത്തിലായെന്ന പ്രചരണം ലീഗ് നടത്തിയത് ഏശിയ മട്ടാണ്. അതു തിരിച്ചു പിടിക്കാനുള്ള ശ്രമവും ഗവര്‍ണര്‍ വിരുദ്ധ നിലപാടിലുണ്ട്.


ഇനി ഗവര്‍ണറാണ് മുഖ്യശത്രു എന്ന നിലയിലാവും സി.പി.എം. ബില്ലുകള്‍ മേശപ്പുറത്ത് വച്ച് തടസങ്ങള്‍ സൃഷ്ടിച്ചാല്‍ രാജ് ഭവന്‍ മാര്‍ച്ചുള്‍പ്പെടെ നടത്താനാണ് പരിപാടി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപവാസം ഇരുന്നും അഥവാ സത്യാഗ്രഹം നടത്തിയും നാടാകെ പ്രതിഷേധ പ്രസംഗങ്ങള്‍ സംഘടിപ്പിച്ചും പോര്‍മുഖങ്ങള്‍ തുറക്കും.


ഒക്കെ ഗവര്‍ണറെ ബി.ജെ.പിക്കാരനായി മുദ്രകുത്തിക്കൊണ്ടായിരിക്കും. പൊതുവെ ബി.ജെ.പി വിരുദ്ധരായ മുസ്ലിം സമുദായത്തിന് അവര്‍ക്കൊപ്പം പോയ മുസ്ലിം നാമധാരികളെ ഇഷ്ടമല്ല. എ.പി. അബ്ദുള്ളക്കുട്ടി അങ്ങിനെയാണ് അനഭിമതനായത്.

ഗവര്‍ണര്‍ നിസ്കരിച്ചും മുസ്ലിം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചുമൊക്കെ അവരുടെ സിമ്പതി പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സി.പി.എം ഈ രീതി പ്രയോഗിക്കാന്‍ പോകുന്നത്.

ബില്ലുകളില്‍ ഒപ്പിടാതെ വച്ചുകൊണ്ടിരിക്കുക എന്ന തന്ത്രം ഏറെക്കാലം വച്ചു നീട്ടാന്‍ പറ്റില്ലെന്നാണ് സി.പി.എം കണക്കുകൂട്ടല്‍. ഒന്നുകില്‍ തിരിച്ചയക്കം. അവ വീണ്ടും അയച്ചാല്‍ ഒപ്പിടണം. അല്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകും. ലോകായുക്തയില്‍ പിണറായിക്കെതിരെയുള്ള കേസൊഴിച്ചാല്‍ ഒരു ബില്ലും പാര്‍ട്ടിയെ വ്യാകുലപ്പെടുത്തുന്നില്ല.


കേസുകളെത്തിച്ചാലും ഇപ്പോഴത്തെ ലോകായുക്ത പിണറായിക്കെതിരെ വാളെടുക്കുമെന്ന് പാര്‍ട്ടി കരുതുന്നുമില്ല. അതിനുള്ള ബലമൊന്നും ഇപ്പോഴത്തെ യുക്തകള്‍ക്കില്ലന്നതു തന്നെ. യുക്തി നോക്കിയാല്‍ വഴ‍ങ്ങിയും വിഴുങ്ങിയുമൊക്കെ നല്ല ശീലമുള്ളവരാണ് പലരുമെന്നിരിക്കെ.


മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും അതു പാര്‍ട്ടിക്കു കഠിനമല്ല. പിണറായി ഒരു പുതിയ രീതി ആവിഷ്കരിച്ചിട്ടുണ്ട്. പാര്‍ട്ടി തീരുമാനം അതെന്തായാലും നടപ്പാക്കാന്‍ ശ്രമിക്കും. അത് കഴിഞ്ഞാല്‍ നിയമക്കുരുക്കില്‍ പെട്ടാല്‍ പിന്‍മാറും. അതു അതിന്‍റെ ഗുണഭോക്താക്കളുടെ വിധി. മൂന്നു ചോദ്യങ്ങളിലാണ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത് പിണറായി. അതില്‍ നിന്ന് നിലപാടുകള്‍ വ്യക്തവുമാണ്.

ബന്ധു നിയമന കാര്യത്തില്‍ കെ.കെ. രാഗേഷിന്‍റെ ഭാര്യയെ പിണറായി അന്ധമായി പിന്തുണച്ചില്ല. ക്രമക്കേടുണ്ടെങ്കില്‍ നടപടിയെടുത്തോളൂ, അതിന് മുഖ്യമന്ത്രിയെന്തു പിഴച്ചു എന്നതായിരുന്നു പിണറായിയുടെ നിലപാട്. യോഗ്യതയുണ്ടോ എന്നു നോക്കേണ്ടത് നിയമനാധികാരമുള്ളവരാണ്. അവര്‍ തെറ്റുചെയ്തെങ്കില്‍ നടപടി ആകാമെന്നതാണ് ധ്വനി.


വിദേശ ആശയം ഉള്‍ക്കൊള്ളുന്ന സി.പി.എം എന്ന ഗവര്‍ണറുടെ ആരോപണത്തെ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് കേമത്തങ്ങള്‍ പറഞ്ഞാണ് പ്രതിരോധിക്കുന്നത്. മാര്‍ക്സിസം വൈദേശികമല്ലെന്ന് പറയാനാവില്ലല്ലോ.


ഇതിന് സി.പി.ഐയെ കൂട്ടുപിടിച്ചിട്ടുമുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന ഇന്ദ്രജിത് ഗുപ്തയെ അന്ന് സി.പി.എം കണക്കിനു വിമര്‍ശിച്ചിട്ടുമുണ്ട്. (1996 മുതല്‍ 98 വരെ എച്ച്.ഡി ദേവഗൗഡ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു കേംബ്രിഡ്ജില്‍ പഠിച്ച ഗുപ്ത).

അന്ന് കേന്ദ്ര മന്ത്രിസഭയില്‍ ചേരാതിരിക്കുകയും ചേര്‍ന്ന സി.പി.ഐയെ പരിഹസിക്കുകയും ചെയ്തു സി.പി.എം. പ്രതിപക്ഷങ്ങളെല്ലാം കൂടി ഗൗഡക്കു മുമ്പ് ജ്യോതി ബസുവിന്‍റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ അതു വോട്ടിനിട്ടു തള്ളിയ വേന്ദ്രന്‍മാരായിരുന്നു അന്നത്തെ സി.പി.എം കേന്ദ്ര കമ്മറ്റിയില്‍ ഭൂരിപക്ഷം. അതൊന്നും പിണറായി പറഞ്ഞുമില്ല.

സര്‍വ്വകലാശാലകളിലെ യൂണിയന്‍ ഭരണത്തെ പിന്തുണച്ചു അവരുടെ കൈയ്യടി നേടാന്‍ പൊടികൈയും പിണറായി പ്രയോഗിച്ചു. സര്‍വ്വകലാശാലകളില്‍ നടക്കുന്ന കുത്തഴിഞ്ഞ രാഷ്ട്രീയ ഇടപെടലുകളെ പോസ്റ്ററുകള്‍ കൊണ്ടു മൂടാനും പിണറായി ശ്രമിച്ചു.

ഗവര്‍ണറുടെ മടക്കവെടിക്കായി കാത്തിരിക്കുകയാണ് സി.പി.എം. എങ്കിലല്ലേ അദ്ദേഹത്തെ ബി.ജെ.പിയാക്കി മുദ്രകുത്തി ശരിപ്പെടുത്താനാവൂ. ആ കുപ്പിയില്‍ വീഴാത്ത ഗവര്‍ണറല്ലല്ലോ നമ്മുടെ ആരിഫ് മുഹമ്മദ് ഖാന്‍.

Advertisment