Advertisment

കേരളത്തില്‍ ബിജെപി രാഷ്ട്രീയ അടവുനയം മാറ്റിപ്പിടിക്കുകയാണോ ? കോണ്‍ഗ്രസ് തകര്‍ന്നാല്‍ തങ്ങള്‍ വളരുമെന്ന ഫിലോസഫിക്കേറ്റ തിരിച്ചടി ബിജെപിയെ തന്ത്രം മാറ്റാന്‍ നിര്‍ബന്ധിതരാക്കി. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നടത്തുന്ന തുറന്ന പോരിന് രാഷ്ട്രീയ വിശകലനങ്ങളേറെ ! വരാനിരിക്കുന്നത് പിണറായിക്കും സര്‍ക്കാരിനും കറുത്ത ദിനരാത്രങ്ങളോ - 'നിലപാടില്‍' ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കേരളത്തിലെ സര്‍ക്കാരിനോടുള്ള ബി.ജെ.പി നയം മാറുകയാണോ ? കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നം കേരളത്തിനു പുറത്തു നിര്‍ത്താനാണോ അവര്‍ ലക്ഷ്യമിടുന്നത് ? സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നടത്തുന്ന തുറന്ന പോരിന് രാഷ്ട്രീയ മാനങ്ങളുണ്ടോ ? അതോ അപമാനിക്കപ്പെട്ടവന്‍റെ അമര്‍ഷമാണോ ആരിഫ് മുഹമ്മദ് ഖാനിലൂടെ പുറത്തു വരുന്നത് ?

ഈ ചോദ്യങ്ങള്‍ക്കുത്തരം ലഭിക്കാന്‍ രാഷ്ട്രീയ രംഗം അല്‍പം കൂടി തിളയ്ക്കാനുണ്ട്. ഗവര്‍ണറുടെ നീക്കത്തില്‍ രാഷ്ട്രീയ ലക്ഷ്യം കാണുന്നത് സി.പി.എം. തന്നെയാണ്. അതുകൊണ്ടാണ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയും തുടര്‍ന്ന് പാര്‍ട്ടി നേതാക്കളും ആഞ്ഞടി ആരംഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നം തെരഞ്ഞെടുപ്പുകളിലൂടെയും അട്ടിമറികളിലൂടെയും എം.എല്‍.എമാരെ വിലക്കെടുക്കുന്നതിലൂടെയുമൊക്കെ ബി.ജെ.പി സാക്ഷാത്കരിച്ചു വരികയാണ്.


തളര്‍ന്നു ദുര്‍ബലമായ കോണ്‍ഗ്രസിന്‍റെ അവസാനത്തെ ശ്രമമാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. നടന്നു തളരുന്നതു മാത്രമാണോ മിച്ചമെന്നറിയാന്‍ അടുത്ത തെരഞ്ഞെടുപ്പു വരെ കാത്തിരിക്കണം.


മാമാങ്കങ്ങള്‍ കോണ്‍ഗ്രസിനെ എങ്ങും രക്ഷിച്ചിട്ടില്ല. ഉദാഹരണം ഡല്‍ഹി തന്നെ. ഷീലാ ദീക്ഷിത് തുടര്‍ച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയായ ഡല്‍ഹി ആം ആദ്മി പിടിച്ചെടുത്തത് കോണ്‍ഗ്രസിനെ നിലംപരിശാക്കിയാണ്. ആ കിടപ്പില്‍ നിന്ന് അവര്‍ ഇനിയും എഴുന്നേറ്റിട്ടില്ല. തെരഞ്ഞെടുപ്പു കാലത്ത് അവിടെയും മാമാങ്കങ്ങളായിരുന്നു. പക്ഷേ ജനങ്ങള്‍ മറിച്ചാണ് കുത്തിയത്.

publive-image

ബി.ജെ.പി തുടക്കത്തില്‍ (ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത്) സി.പി.എമ്മിനോട് മൃദു സമീപനമാണ് കൈക്കൊണ്ടത്. കാരണം ഇവിടെ സി.പി.എം ഭരണം ഇല്ലാതായാല്‍ കോണ്‍ഗ്രസായിരിക്കും ഭരണത്തിലേറുക എന്നതു തന്നെ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന പ്രഖ്യാപനം കേരളത്തില്‍ മാത്രമായി മാറ്റിമറിക്കാനാവില്ല.

അതിനാല്‍ ഒന്നാം പിണറായി വന്ന തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടുകള്‍ ശേഖരിച്ച് സി.പി.എമ്മിന് വിജയത്തിലേക്കു നടക്കാന്‍ ബി.ജെ.പി അവസരമൊരുക്കി. അല്ലെങ്കില്‍ അത്രയും സീറ്റൊന്നും അന്ന് ഇടതു പക്ഷത്തിനു ലഭിക്കുമായിരുന്നില്ല.


കോണ്‍ഗ്രസ് നശിച്ചാല്‍ ഇവിടെ സി.പി.എമ്മിനും ബി.ജെ.പിക്കും മാറി മാറി ഭരിക്കാമെന്നു വരെ അവര്‍ കണക്കുകൂട്ടി. അവരെ നടുക്കിയത് കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്കുണ്ടായ ഒഴുക്കാണ്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ തങ്ങള്‍ വളരുമെന്ന ഫിലോസഫിക്കേറ്റ തിരിച്ചടിയാണ് ബി.ജെ.പിയുടെ കണ്ണു തുറപ്പിച്ചത്.


കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടി സി.പി.എമ്മാണ്. കോണ്‍ഗ്രസല്ല. അവര്‍ തകര്‍ന്നാലെ ഹിന്ദുത്വത്തില്‍ അടിത്തറയിട്ടു നില്‍ക്കുന്ന ബി.ജെ.പിക്കു വളരാനാകൂ. അതിന് സി.പി.എം തളരണം. സി.പി.എം അണികളില്‍ ഗണ്യമായ വിഭാഗമാണ് ഇപ്പോഴും ബി.ജെ.പിയുടെ നിശബ്ദ വോട്ടുബാങ്ക്.

അല്ലാതെ നേതൃത്വത്തിന്‍റെ കഴിവു പ്രയോഗിച്ച് പാര്‍ട്ടിയെ വളര്‍ത്തിയതിലൂടെ ലഭിച്ചതല്ല.

ഇങ്ങിനെ ബി.ജെ.പി പുതിയ കേരള തന്ത്രത്തിനു രൂപം നല്‍കിയെന്നു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. എങ്ങിനെയും സി.പി.എം ഗവണ്‍മെന്‍റിന്‍റെ പ്രതിഛായ തകര്‍ക്കുക. അഴിമതി വിരുദ്ധതക്കു പേരുകേട്ട ആം ആദ്മി പാര്‍ട്ടിയിലെ മന്ത്രിമാരെ പോലും ബി.ജെ.പി എന്‍ഫോഴ്സ്മെന്‍റിന്‍റെ ഉപയോഗിച്ച് അകത്താക്കി.

publive-image

താക്കറെ ഭരിച്ചപ്പോള്‍ മഹാരാഷ്ട്രയിലും ഈ തന്ത്രം പ്രയോഗിച്ചു. തമിഴ്‌നാട്ടിൽ ഡി.എം.കെയുടെ പല മന്ത്രിമാരും ഹിറ്റ് ലിസ്റ്റിലാണ്. മുഖ്യമന്ത്രി സ്റ്റാലിന് ക്യാന്‍സറായതിനാല്‍ സര്‍ക്കാര്‍ പരുങ്ങലിലുമാണ്. മകനെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സ്റ്റാലിന്‍റെ ശ്രമം വിജയിച്ചിട്ടുമില്ല. ഉദയനിധി സ്റ്റാലിന്‍ ചിന്നപയ്യനാണെന്നതാണു കാരണം.


ഇവിടെ പുതിയ തന്ത്രമാണ് ബി.ജെ.പി പയറ്റാന്‍ പോകുന്നതെന്ന് ചിന്തിക്കുവാന്‍ കാരണങ്ങള്‍ പലതാണ്. ലാവ്ലിന്‍ കേസ് സുപ്രീംകോടതി പൊടിതട്ടിയെടുക്കുന്നത്, ഗവര്‍ണര്‍ ഇത്ര പ്രകോപിതനാകുന്നത്, ബില്ലുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുന്നത്, കള്ളപ്പണക്കേസ്, പിണറായിക്കെതിരെ അന്വേഷിക്കണമെന്ന പരാതി, സിര്‍വര്‍ ലൈന്‍ മംഗലാപുരം വരെ നീട്ടി ഒതുക്കത്തില്‍ അനുമതി ഒപ്പിക്കാനുള്ള നീക്കത്തിനു തടയിട്ടത്, പ്രകാശ് ജാവേദ്കറിനെ ബി.ജെ.പി കേരളത്തിന്‍റെ ചമുതല ഏല്‍പ്പിച്ചത് ഒക്കെ കൂട്ടിവായിക്കുന്നവര്‍ കുറവല്ല.


കോടിയേരി രോഗിയായതോടെ പിണറായി മാത്രമായി കേരളത്തില്‍ ഏറെ പിന്തുണയുള്ള സി.പി.എം പ്രമുഖന്‍. ക്രൗഡ് പുള്ളര്‍. പ്രസംഗം വിരസമെങ്കിലും ചില കണ്ണൂര്‍ മോഡല്‍ വിരട്ടു പ്രയോഗങ്ങളിലൂടെ അണികളെ ആവേശത്തിലാക്കാന്‍ പിണറായിക്കു കഴിയുന്നുമുണ്ട്.

പിപ്പടി, ഊരിപ്പിടിച്ച വാള്‍, വരമ്പത്തു കൂലി, അടിച്ചാല്‍ തിരിച്ചടി, ഈ സ്ഥാനത്തിരുന്നുകൊണ്ടതൊന്നും പറയുന്നില്ല, ഭീഷണി ഇങ്ങോട്ടു വേണ്ട, അതിവിടെ ചെലവാകില്ല, വേറെ ആളെ നോക്കണം... തുടങ്ങിയ പദാവലികളിലൂടെ പിണറായി കത്തികയറുന്നു.

publive-image

പാര്‍ട്ടി സെക്രട്ടറിയെറ്റാകട്ടെ പിണറായിയെ വില്ലുവിളിക്കാന്‍ പോയിട്ട് എതിരായി ഒന്നു മൂളുക കൂടി ചെയ്യുകയുമില്ല.

ആ സ്ഥിതിയില്‍ പിണറായിയെ ലക്ഷ്യമിട്ട് അക്രമിക്കുക എന്ന രീതി ബി.ജെ.പി അവലംബിച്ചതായി കരുതുന്നവര്‍ ഏറെ. എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യല്‍, കെ.കെ രാഗേഷിനെ ശരിപ്പെടുത്തല്‍, പഴ്സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍ ഇല്ലാതാക്കല്‍, ബില്ലുകള്‍ ഒപ്പിടാതിരിക്കല്‍ തുടങ്ങിയവയൊക്കെ കേന്ദ്രത്തിന് ഈസിയായി ചെയ്യാവുന്നതേയുള്ളു.

പിണറായിയെ ചോദ്യം ചെയ്യുക, പ്രതിയാക്കുക, അറസ്റ്റ് രേഖപ്പെടുത്തുക തുടങ്ങിയ കടും കൈകള്‍ കേന്ദ്രമെടുത്താല്‍ എന്തായിരിക്കും സ്ഥിതി?

Advertisment