Advertisment

പഞ്ചായത്ത് വെയിറ്റിങ്ങ് ഷെഡ് ബാബുവിന്‍റെ നെഞ്ചത്തുതന്നെ പണിതില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ ? യാത്രക്കാര്‍ ആ വഴിക്ക് വരില്ലായിരുന്നോ ? സ്വന്തം സ്വത്താകെ പാര്‍ട്ടിക്കെഴുതികൊടുത്തിട്ട് മാലതിക്ക് രണ്ടു വോയില്‍ സാരി കടം വാങ്ങാന്‍ കത്ത് കൊടുത്തുവിട്ട ഇഎംഎസിനെ നിങ്ങള്‍ അപമാനിക്കരുത് ! ക്ലിഫ് ഹൗസിലേയ്ക്ക് പോകുകയായിരുന്ന ഭാര്യയെ സ്റ്റേറ്റ് കാറില്‍ കയറ്റാതെ വിട്ടുപോയ നായനാര്‍ വിഢിയാണല്ലോ ? ഭരണത്തണലില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ അരങ്ങു വാഴുമ്പോള്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തിരുവനന്തപുരത്തെ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ പ്രാദേശിക പ്രശ്നങ്ങളും വിവാദങ്ങളും ഇല്ലാതാക്കാന്‍ പ്രയോഗിക്കുന്ന ഒരു ഒറ്റമൂലിയുണ്ട്. സ്ഥലം വാങ്ങിക്കഴിഞ്ഞാല്‍ കല്ലിടീല്‍ നടത്തണം.

പന്തല്‍, കസേര, സ്ഥലം ഒരുക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യണം. സ്ഥലത്തെ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ സമീപിക്കും. ഒരു സഹായം ചെയ്യണം. ഈ ജോലികള്‍ നിര്‍വ്വഹിക്കാന്‍ ഈ പ്രദേശത്തെ ഒരാളെ ശരിയാക്കിത്തരണം. ഇവിടെ പരിചയക്കാര്‍ കുറവാണ് - ഫ്ലാറ്റ് മുതലാളി വിനയാന്വിതനാകും.

വിരുതനായ സെക്രട്ടറി ഒരു കരാറുകാരനെ ഏര്‍പ്പാടാക്കും. കനത്ത ഫീസ് ചാര്‍ജ് ചെയ്യാന്‍ പറയും. 5000 രൂപയുടെ ജോലി മൂന്നോ നാലോ ഇരട്ടിക്ക് കരാര്‍ കൊടുക്കും. സെക്രട്ടറിയും കരാറുകാരനും വീതിച്ചെടുക്കും.

ഫ്ലാറ്റുടമക്കു പരമസുഖം. ഭരിക്കുന്ന കക്ഷിയുടെ പ്രാദേശിക നേതാവിനെ കൈക്കൂലിയെന്ന പേരില്‍ ഒന്നും കൊടുക്കാതെ കസ്റ്റഡിയില്‍ കിട്ടി. സെക്രട്ടറിക്കും സന്തോഷം. കൈക്കൂലി വാങ്ങേണ്ടിവന്നില്ലല്ലോ. പിന്നെ മാംസളമായ ഒരു ഇരയെയും കിട്ടിയില്ലേ. ഇടക്കിടെ പിരിക്കാം. കടം ചോദിക്കാം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കാം. തന്‍റെ ജീവിതവും കാരുണ്യമയമാക്കി മാറ്റാം.

publive-image

ഈ ഫ്ലാറ്റുടമ പിന്നെ പോകുന്നത് ബി.ജെ.പി പ്രാദേശിക നേതാവിനെ ചാക്കിടാനാവും. റവന്യു സി.പി.ഐയുടെ കൈയ്യിലായതിനാല്‍ അവരെയും കാണണം. എല്ലാം ചെറിയ ജോലികള്‍ ചെയ്യാന്‍ ആളെ തരണമെന്നു പറഞ്ഞു തന്നെ. ഇരയെ കിട്ടിയ സന്തോഷത്തോടെ യഥാര്‍ത്ഥ കൂലിയുടെ നാലും അഞ്ചും ഇരട്ടി ഈടാക്കും.

ചില ഒറ്റയാന്‍മാരുണ്ടാകും. അവരെ പ്രത്യേകമായി കാണും. അല്ലെങ്കില്‍ അവര്‍ കള്ള പരാതി അയച്ചു തലവേദന സൃഷ്ടിക്കും. പരിസ്ഥിതി പ്രവര്‍ത്തകര്‍, മുന്‍ നക്സലൈറ്റുകള്‍, ചില തീവ്രവാദ സംഘടനകള്‍ തുടങ്ങിയവര്‍ക്കൊക്കെ നല്ല ഡിമാന്‍റാണ്.

ഇതിവിടെ പറഞ്ഞത് റാന്നിയിലെ ഒരു തൂങ്ങിമരണത്തെ ശ്രദ്ധയില്‍പെടുത്താനാണ്. മഠത്തില്‍മുറി മേലേതില്‍ എം.എസ്. ബാബു എന്ന ഗൃഹനാഥനാണ് പ്രാദേശിക സി.പി.എം നേതാക്കള്‍ക്കെതിരെ കത്തെഴുതി വച്ച് തൂങ്ങിയത്. സി.പി.എം പ്രാദേശിക നേതൃത്വം എത്രമാത്രം അഴിമതിയിലും ക്രിമിനല്‍ വല്‍ക്കരണത്തിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയാണെന്ന് ആ സംഭവം തെളിയിക്കുന്നു.

publive-image

സ്വന്തം കെട്ടിടത്തിന്‍റെ (കടയുടെ) സമീപത്തു നിന്നും പഞ്ചായത്ത് വെയിറ്റിംഗ് ഷെഡ് അല്‍പ്പം മാറ്റി പണിയണമെന്നായിരുന്നു ബാബുവിന്‍റെ ആവശ്യം. കടമറയുന്ന തരത്തില്‍, കച്ചവടം നടക്കാത്ത തരത്തില്‍ രണ്ടു നില വെയിറ്റിംഗ് ഷെഡ് പണിയാന്‍ തുടങ്ങിയപ്പോഴാണ് ബാബു പരാതിയുമായെത്തിയത്. സി.പി.എം കാരനാണ് ബാബു. പ്രാദേശിക മൂവര്‍ സംഘം ബാബുവില്‍ നിന്നും ഈ സഹായത്തിനു കൈകൂലി ചോദിച്ചു.

പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, പ്രതിബന്ധങ്ങള്‍ വഷളാക്കാക, അതു പരിഹരിക്കുന്നതിന് പണം ചോദിച്ചു വാങ്ങുക - ഇതാണല്ലോ ആധുനിക കോഴയുടെ വഴികള്‍. പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ് മോഹന്‍, ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ. തോമസ്, പഞ്ചായത്ത് അംഗം വിശ്വം എന്ന ശ്യാം എന്നിവരാണ് കറക്കു കമ്പനി. ലക്ഷങ്ങളാണ് കോഴ ചോദിച്ചത്. ചെറിയ തുകയായിരുന്നെങ്കില്‍ അതങ്ങു കൊടുത്തേനേ. വന്‍തുക നല്‍കാന്‍ ത്രാണിയില്ലാത്ത ബാബു തൂങ്ങി. പതിവുപോലെ നിഷേധ പ്രസ്താവനയുമായി സി.പി.എം രംഗത്തെത്തി.


പഞ്ചായത്ത് വെയിറ്റിംഗ് ഷെഡ് അല്‍പ്പം മാറ്റി നിര്‍മ്മിച്ചാല്‍ എന്താണ് കുഴപ്പം ? ബാബുവിന്‍റെ നെഞ്ചത്തു തന്നെ വെയിറ്റിംഗ് ഷെഡ് പണിഞ്ഞില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ ? യാത്രക്കാര്‍ അവിടേക്കു വരില്ലായിരുന്നോ ? ബസുകള്‍ നിര്‍ത്തില്ലായിരുന്നോ ?


കള്ളക്കൂട്ടങ്ങളായി സി.പി.എം ലോക്കല്‍ കമ്മറ്റിക്കാരും പഞ്ചായത്തുകാരും മാറിക്കഴിഞ്ഞു. കുടുംബശ്രീയും ത്രിതല പഞ്ചായത്തും വന്നതോടെ അഴിമതി ഗ്രാമവല്‍ക്കരിക്കപ്പെട്ടു. ഓരോ ബില്‍ ഒപ്പിടണമെങ്കിലും പഞ്ചായത്ത് മെമ്പര്‍ക്കു പണം കൊടുക്കണം. ആഡംബരം ലോക്കല്‍ തലത്തിലേക്കു വന്നിരിക്കുകയാണ്.

publive-image

പണ്ടൊക്കെ ഇ.എം.എസ് ബഞ്ചില്‍ കിടക്കും. അപ്പോള്‍ സംസ്ഥാന നേതാവ് നിലത്തുകിടന്നലേലേ പറ്റൂ. ഇന്ന് നേതാവ് പഞ്ചനക്ഷത്രത്തില്‍. അനുയായി 3 - 4 സ്റ്റാറിലെങ്കിലും കിടക്കേണ്ടേ ? ഇ.എം.എസ് എത്ര മഠയന്‍. സ്വന്തം മകള്‍ക്ക് രണ്ടു വോയില്‍ സാരി കടം വാങ്ങാന്‍ കത്തു കൊടുത്തയച്ച വിഢി. സ്വന്തം സ്വത്താകെ പാര്‍ട്ടിക്കെഴുതിക്കൊടുത്തിട്ട് മാലതിക്കു കോട്ടണ്‍ സാരി വാങ്ങാന്‍ കടം തേടിയ വിഢി.


ഇപ്പോഴത്തെ നേതാക്കളുടെ (ലോക്കല്‍) ഭാര്യമാരുടെ പട്ടുസാരി കാണുമ്പോള്‍ ഇ.എം.എസിനോട് പുഛം തോന്നും. ജീവിക്കാനറിയാത്തവന്‍ എന്നു പറയാന്‍ തോന്നും. സംസ്ഥാന നേതാക്കളുടെ ഭാര്യമാര്‍ ജീന്‍സും ടോപ്പുമിട്ടു വയസുകാലത്തു നടക്കുന്നത് കാണാന്‍ എന്തായാലും ഇ.എം.എസുണ്ടായില്ല. ഭാഗ്യം.


ഉണ്ടായിരുന്നെങ്കില്‍ ചങ്കുപൊട്ടി മരിച്ചു പോയേനേ. ആദ്യം മുഖ്യമന്ത്രിയായ ഭര്‍ത്താവിനെ കാണാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ക്ലിഫ് ഹൗസിലേക്ക് ഓട്ടോ റിക്ഷയിലെത്തിയ ശാരദ ടീച്ചര്‍ പൊട്ടി. സ്റ്റേറ്റ് കാറില്‍ കയറാന്‍ വന്ന (പോകുന്ന വഴിയിലിറക്കിയാല്‍ മതി) ഭാര്യയെ കാറില്‍ കയറ്റാതെ വിട്ടുപോയ ഇ.കെ നായനാര്‍ വിഢി.

മോഹനും റോബിനും ശ്യാമുമൊക്കെയാണു താരങ്ങള്‍. ഇവരാണ് നമ്മെ ഭരിക്കാന്‍ പരമ യോഗ്യര്‍. എബ്രാനല്‍പ്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും...

Advertisment