വിരമിച്ച പ്രൊഫസറുടെ പെന്‍ഷന്‍ 1 ലക്ഷം, സെക്ഷന്‍ ഓഫീസര്‍ക്ക് 60000. വയസ് 56 ആകുമ്പോള്‍ വീട്ടില്‍ പറഞ്ഞു വിട്ടിട്ട് വെറുതെ നികുതിപ്പണമെടുത്ത് കൊടുക്കുകയാണ്. 56 - 58 വയസിലൊന്നും വൃദ്ധനാകില്ല. പെന്‍ഷന്‍ പ്രായം 65 ആക്കട്ടെ. അന്തര്‍ദേശീയ നിലവാരമതല്ലേ; മറ്റെല്ലാകാര്യങ്ങളിലും ഇന്‍റര്‍നാഷണല്‍ നിലവാരം പറയുന്ന നമുക്ക് ഇക്കാര്യത്തില്‍ മാത്രം ലോക്കലായാല്‍ മതിയോ - നിലപാട് കോളത്തില്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

പ്രഖ്യാപനങ്ങളുടെ ചൂടാറും മുമ്പ് അവ മരവിപ്പിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുക പിണറായി സര്‍ക്കാരിന്‍റെ മുഖമുദ്രയായിട്ടുണ്ട്. ഒടുവില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിക്കൊണ്ടുള്ള ധനവകുപ്പിന്‍റെ ഉത്തരവ് സര്‍ക്കാര്‍ മരിവപ്പിച്ചു. മുഖ്യമന്ത്രിയാണത്രെ മന്ത്രിസഭാ യോഗത്തില്‍ മരവിപ്പിക്കല്‍ നിര്‍ദേശം വച്ചത്. അതിന്‍റെ അര്‍ത്ഥമെന്താണ് ?

പിണറായി അറിയാതെ ധനമന്ത്രി ഉത്തരവിറക്കിയെന്നാണോ ? ഇത്ര കാതലായ പ്രശ്നത്തില്‍ ഒറ്റക്കു തീരുമാനമെടുക്കാനുള്ള അത്ര വിഢിത്തം കെ.എന്‍ ബാലഗോപാലിനുണ്ടെന്നു തോന്നുന്നില്ല. അതും ഏതുംപോരാത്ത പിണറായിയുടെ മന്ത്രിസഭയില്‍.

അപ്പോള്‍ പ്രശ്നമതല്ല. യുവജന സംഘടനകള്‍ കണ്ണുരുട്ടിയപ്പോള്‍ ഭയന്നു. അഥവാ ഇതൊരു സാമ്പിള്‍ വെടിയായിരുന്നു. ഏറ്റാല്‍ തുടരാം. അപകടമെങ്കില്‍ മെയിന്‍ വെടിക്കെട്ടുകള്‍ ഒഴിവാക്കാം. വലിയ വിവാദമില്ലാതെ ഒരു വര്‍ഷത്തെ പെന്‍ഷന്‍ പ്രായം സൂത്രത്തിലൂടെ കൂട്ടിയ ആളാണ് കഴിഞ്ഞ ധനമന്ത്രി ഡോ. തോമസ് ഐസക്. അറുപതാക്കാനുള്ള സൂത്രപ്പണി എന്തെന്നു പിണറായി, ഐസക്കിനോടൊന്നു ചോദിച്ചാല്‍ മതിയായിരുന്നു. ഇതുപൊലെയുള്ള സൂത്രപ്പണിയുടെ ആശാനാണല്ലോ ഐസക്.

കടം കയറി മുടിഞ്ഞ ഖജനാവിന് മജ്ജയും മാംസവും നല്‍കിയത് കിഫ്ബിയിലൂടെ ഐസക്കാണ്. ഇക്കാര്യത്തില്‍ കാലനായ ഡോ. കെ.എം. എബ്രഹാമിനെ കൂട്ടുപിടിച്ച് ഐസക്ക് എത്ര കോടിയാണ് സമാഹരിച്ചത് ? എത്രകോടിയുടെ പദ്ധതികളാണ് നടപ്പായത് !

publive-image

കേന്ദ്ര എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വെല്ലുവിളിക്കാന്‍ ഐസക്കിനു ധൈര്യം വന്നത് പിരിച്ച പണം വീട്ടില്‍ കൊണ്ടുപോയില്ല എന്ന ധൈര്യത്തിലാണ്. ഇനി അവര്‍ നടപടിയെടുത്താല്‍ തന്നെ അതു കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ചര്‍ച്ചകളില്‍ തട്ടി നാളുകള്‍ നീണ്ടുകൊള്ളുമെന്ന് ഐസക്കിനറിയാം.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാനുള്ള കുറുക്കുവഴിയായി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെ സര്‍ക്കാര്‍ കണ്ടാലും ഇല്ലെങ്കിലും അതു നടപ്പിലാക്കേണ്ടതു തന്നെയല്ലേ ?


എല്ലാ കാര്യങ്ങളിലും നാം അന്തര്‍ദേശീയ നിലവാരത്തിലും യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുമാണെന്നു പറഞ്ഞാണല്ലോ മേനി നടിക്കുന്നത്. അങ്ങിനെയുള്ളപ്പോള്‍ ഇക്കാര്യത്തില്‍ മാത്രം നമുക്കു ലോക്കല്‍ സ്റ്റാന്‍ഡേര്‍ഡു മതിയോ ? പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം. 56 - 58 വയസൊന്നും വൃദ്ധനാകാനുള്ള പ്രായമല്ല. ലോകാരോഗ്യ സംഘടനയുടെ രേഖകള്‍ തന്നെ നോക്കിയാല്‍ മതി.


പ്രശ്നമതല്ല. ഇവിടെ സര്‍ക്കാര്‍ ജോലിയാണ് ആകര്‍ഷകം എന്നതാണ്. ലോക പരിഷ്കൃത രാജ്യങ്ങളില്‍ ഒരു ജോലിയും കിട്ടാതെ വരുന്ന യുവാക്കളേ സര്‍ക്കാര്‍ ജോലിക്കു പോകൂ. കാരണം അവിടങ്ങളില്‍ സ്വകാര്യ മേഖലയിലാണ് വേതനം കൂടുതല്‍. ഇവിടം മറിച്ചായി.

കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ സര്‍ക്കാരുദ്യോഗസ്ഥ വോട്ടുബാങ്കിനെ നിലനിര്‍ത്താന്‍ വാരിക്കോരി നല്‍കി. ഇപ്പോള്‍ റിട്ടയര്‍ ചെയ്ത ഒരു പ്രൊഫസര്‍ക്കു ലഭിക്കുന്ന പെന്‍ഷന്‍ ഒരു ലക്ഷം. സെക്ഷന്‍ ഓഫീസര്‍ക്ക് 60000 രൂപ. ഇത്രയും എന്തിന് ? അതിനാല്‍ ഈ നാടു രക്ഷപെടണമെങ്കില്‍ സര്‍ക്കാര്‍ ജോലി അനാകര്‍ഷകമാക്കണം. കനത്ത ശമ്പളം നല്‍കരുത്.


നിപുതിപ്പണമെടുത്ത് പ്രതിമാസം നൂറും നൂറ്റമ്പതും കോടി കൊടുത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കു പെന്‍ഷന്‍ നല്‍കുന്ന നാം ഈ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത് ? പെന്‍ഷന്‍കാര്‍ തൃപ്തരാണോ ? അവര്‍ സര്‍ക്കാരിനേയും മന്ത്രിയേയും തെറിവിളിച്ചരിശം തീര്‍ക്കുകയാണ്.


സി.പി.എം തൊഴിലാളികളെ നിലക്കു നിര്‍ത്താന്‍ കരടുമായി വരുന്നുണ്ട്. ചര്‍ച്ചയും പ്ലീനവും വിലയിരുത്തി കഴിയുമ്പോഴേക്കും സര്‍ക്കാരിന്‍റെ കാലാവധി തീരും. അതുതന്നെയാവും അവരും ഉദ്ദേശിക്കുന്നത്. കാലാവധി തീരുന്നതുവരെ കണ്ണില്‍ പൊടിയിടുക. എല്ലാവരുടേയും.

അതിനാല്‍ പെന്‍ഷന്‍ പ്രായം അറുപത്തഞ്ചാക്കുക. അവര്‍ക്ക് ഇപ്പോഴുള്ള ശമ്പളത്തിന്‍റെ പകുതി നല്‍കുക. ഇഷ്ടമുണ്ടെങ്കില്‍ പണി ചെയ്താല്‍ മതി. വീട്ടിലിരുന്നു ശല്യമാകാതിരിക്കാന്‍ വീട്ടുകാര്‍ തന്നെ തള്ളിവിടും. ജോലിയിലാകുമ്പോള്‍ അനുഭവത്തിന്‍റെ അടിത്തറയുണ്ട്. നന്നായി ശോഭിക്കും. നാടിനും നാട്ടാര്‍ക്കും നേട്ടം. വീട്ടുകാര്‍ക്ക് ആശ്വാസം.

ഇത്രയുമെഴുതിയത് അങ്ങു നടപ്പാക്കിക്കളയും എന്നു വിചാരിച്ചല്ല. അപ്രിയ സത്യങ്ങള്‍ ആരെങ്കിലും ഒക്കെ പറയേണ്ടേ ?

ഒരിക്കല്‍ ധനമന്ത്രി ബാലഗോപാലിനോട് ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചു. ട്രഷറി പലിശ കൂട്ടണം. പ്രൈവറ്റ് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കടം എടുക്കുന്നതിനേക്കാള്‍ ഭേദം അതാണ്. ട്രഷറിയില്‍ പണം നിക്ഷേപിച്ചിരിക്കുന്നത് കൂടുതലും പാവം പെന്‍ഷന്‍കാരാണ്. ഒന്നോ രണ്ടോ ശതമാനം കൂടുതല്‍ കിട്ടിയാല്‍ അവര്‍ ഇത്തിരി ലക്ഷ്വറിയായി ജീവിച്ച് ഇവിടെ തന്നെ ചെലവാക്കും. കുത്തക ബാങ്കുകളാണെങ്കില്‍ പലിശപ്പണം അവരുടെ നാടുകളിലേക്കു കടത്തും.

അന്വേഷിച്ച ശേഷം കുറേനാള്‍ കഴിഞ്ഞ് മന്ത്രി പറഞ്ഞതിങ്ങനെ: ട്രഷറിയില്‍ നിന്ന് കമെടുത്താലും അത് സംസ്ഥാനത്തിന്‍റെ കടമെടുക്കല്‍ ശേഷിയില്‍ കുറയ്ക്കും കേന്ദ്രം.

പ്രിയ കേന്ദ്രമേ, അതെങ്കിലും ഒഴിവാക്കി പാവം പെന്‍ഷന്‍കാരെ രക്ഷിക്കൂ.

Advertisment