ഇപ്പോൾ കത്താണ് പ്രശ്നം ! കത്തെന്നൊരു സാധനം സത്യമായുണ്ടെന്നും അത് വ്യാജനല്ലെന്നും മാത്രം തെളിഞ്ഞിട്ടുണ്ട്. ഇനി അതെഴുതിയ വ്യാജനെ കണ്ടെത്തണം. കമ്പ്യൂട്ടറും ലെറ്റര്‍ഹെഡും സ്വന്തമായുള്ള കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും സൂക്ഷിച്ചാൽ നന്ന് ! ഒരു കാര്യം, കേരളമാകെ പൊട്ടന്‍മാരാണെന്ന് കരുതരുത് - നിലപാടിൽ ഓണററി എഡിറ്റർ ആര്‍. അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലും തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനയച്ച കത്ത് ആകെ കുഴഞ്ഞമട്ടാണ്. പിണറായി ഉള്‍പ്പെടെയുള്ള മേലാളന്‍മാരാകെ തലയിലുള്ള കുരുട്ടുബുദ്ധി മൊത്തമായി ഇറക്കിയിട്ടും മുഖം രക്ഷിക്കാന്‍ കഴിയുന്ന ലക്ഷണമില്ല. കാരണം തെളിവുകള്‍ അത്ര വ്യക്തമാണ്.

പൊതു സമൂഹത്തിനു മുന്നില്‍ ഉയരുന്ന ചോദ്യങ്ങള്‍ വ്യക്തമാണ്. ആര്യ രാജേന്ദ്രന്‍ ഈ തരത്തിലൊരു കത്തെഴുതിയിരുന്നോ ? ആ ദിവസം സ്ഥലത്തില്ലായിരുന്നു എന്ന ആദ്യ വാദം പൊളി‍ഞ്ഞു.


സ്ഥലത്തുള്ള ദിവസമേ കത്തെഴുതാവൂ എന്ന് ഭരണഘടനയിലെങ്ങും പറയുന്നില്ല. അങ്ങിനെ ഒരു കത്തെഴുതുന്ന രീതി സി.പി.എമ്മിനില്ല. അതില്‍ അര്‍ത്ഥമില്ല.


പുതിയ രീതികള്‍ പരീക്ഷിച്ചു തുടങ്ങിയതൊന്നും ആര്യ അറിഞ്ഞില്ലേ ? മുഖ്യമന്ത്രി വിദേശയാത്രയില്‍ കുടുംബത്തെയാകെ കൂട്ടുക, സ്വപ്നയെന്നൊരു പെണ്‍കുട്ടി നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ട് അനങ്ങാതിരിക്കുക ... തുടങ്ങിയവയൊക്കെ പുതിയ രീതികളല്ലേ ? ഇത് ആര്യ ആരംഭിച്ചെന്നേയുള്ളു. അതിന്‍റെ ക്രഡിറ്റ് ആര്യക്കുതന്നെ.

കത്തുകിട്ടിയില്ല - ആനാവൂര്‍ - കിട്ടിയില്ല എന്നതുകൊണ്ടു കത്തെഴുതിയില്ല എന്നാവുമോ ? കത്തു കിട്ടിയിട്ടും കിട്ടിയില്ല എന്നു ആനാവൂര്‍ കള്ളം പറയുകയാണെങ്കിലോ ? നുണ പരിശോധനക്കു വിധേയനാവുമോ ? ഇല്ലല്ലോ.

കത്തില്‍ ഒപ്പിട്ടിട്ടില്ല - ആര്യ - പിടിവീണപ്പോള്‍ രക്ഷപെടാനങ്ങിനെ പറഞ്ഞതല്ലെന്നു തെളിയിക്കാനാവുമോ ? ഇതിനൊക്കെ ഒരു മറുപടിയേയുള്ളു. കത്തുകള്‍ വ്യാജം. നിഗൂഢകേന്ദ്രത്തിലിരുന്ന് ആരൊക്കെയോ ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്ത ഉണ്ടയില്ലാവെടി.


കത്തു വ്യാജമെന്ന് ആര്യയും ആനാവൂരും പറയുന്നില്ല. അപ്പോള്‍ കത്തെന്നൊരു സാധനം സത്യമായുണ്ട്. വ്യാജനല്ല. പിന്നെ ആരാണെഴുതിയത് എന്ന പ്രശ്നം. കത്തു തയ്യാറാക്കി, ഒപ്പിട്ടില്ല, കൊടുത്തില്ല എന്നൊക്കെ ഒരു സി.പി.എം കൗണ്‍സിലറിരുന്നു നുണപറയുന്നതും ജനങ്ങള്‍ കേട്ടു.


എന്തിനാ ഈ വെപ്രാളം. ഉടനൊന്നും തെരഞ്ഞെടുപ്പില്ല. ഞങ്ങള്‍ കത്തെഴുതി. സി.പി.എം അണികള്‍ക്കും അപേക്ഷിക്കാനവസരമുണ്ടാക്കാനായിരുന്നു അത്. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായിരിക്കും. അതില്‍ തര്‍ക്കമില്ല.

പക്ഷേ പാവങ്ങളില്‍ പാവപ്പെട്ടവരായ, തൊഴിലില്ലാപ്പട കൂടുതലുള്ള സി.പി.എം അണികള്‍ ഈ അവസരത്തേക്കുറിച്ച് അറിയേണ്ടേ ? അതിനായിരുന്നു ഈ കത്ത്. ഇങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ എത്ര സുന്ദരമായേനേ.

publive-image

ലിസ്റ്റ് തരണം എന്ന വാക്കുമാത്രം തെറ്റിപ്പോയി. അതു പി.എ.ക്കു പറ്റിയ നോട്ടപ്പിശക്. അതുതന്നെ യോഗ്യരായവരുടെ പട്ടിക പരിഗണനക്കായി അയക്കണമെന്നാണു പറഞ്ഞതെന്നു പറഞ്ഞു വേണമെങ്കില്‍ തടിയൂരാം.


നോട്ടപ്പിശക്, ധാരണ പിശക്, മനുഷ്യരല്ലേ തെറ്റുപറ്റും, തെറ്റില്ലാത്തതു തെറ്റിനുമാത്രം തുടങ്ങിയ ആപ്തവാക്യങ്ങളൊക്കെ കിടക്കുകയല്ലേ എയറില്‍.


സംശയമുണ്ടെങ്കില്‍ എം.വി ഗോവിന്ദന്‍ മാഷിനോട് ചോദിക്കണമായിരുന്നു. പുതിയ പദാവലികള്‍ അദ്ദേഹം രൂപപ്പെടുത്തി തരുമായിരുന്നു. അതാകുമ്പോള്‍ തൊഴിലാളിവര്‍ഗ സമരപരമായിരിക്കുകയും ചെയ്യും.

ഇനി അതൊന്നുമല്ലെങ്കില്‍തന്നെ ഒരു താക്കീതില്‍ ഒതുക്കിയാല്‍ പോരായിരുന്നോ ? എ.കെ.ജി സെന്‍ററില്‍ അലമാര നിറയെ താക്കീതുകള്‍ ശ്വാസംമുട്ടി കിടക്കുകയുമാണ്. സസ്പെന്‍ഷനൊന്നും വേണ്ട. ആറു മാസം കഴിയുമ്പോള്‍ തിരിച്ചെടുത്ത് കൂടിയ സ്ഥാനം നല്‍കേണ്ടിവരും. പി.കെ ശശിയും കോട്ടമുറിക്കലുമൊക്കെ ഉദാഹരണങ്ങള്‍.


കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി - അതാണു പിണറായിയും ഡി.ജി.പി അനില്‍ കാന്തും. ലെറ്റര്‍പാഡു കണ്ടിട്ടും ഒപ്പു കണ്ടിട്ടും വ്യാജരേഖയെന്നു ആര്യക്കുറപ്പിക്കാനായില്ല. പിന്നെ ഉറപ്പിക്കാന്‍ പറ്റിയ കക്ഷി അനില്‍ കാന്താണ്. പോലീസ് അന്വേഷണമാണ് പാപപരിഹാരം.


മുഖം - തടി രക്ഷിക്കല്‍ ചര്‍ച്ചകള്‍ക്കു ശേഷം ആര്യ സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിക്കു കത്തു നല്‍കുന്നു. നിജസ്ഥിതി അന്വേഷിക്കണം. പിന്നീടാണ് ആര്യ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. അതാണു സുതാര്യത.

publive-image

കത്തു നല്‍കുന്നതിനു മുമ്പ് കണ്ടോ ? ആലോചന നടത്തിയോ ? മുഖ്യമന്ത്രിയോ എത്ര നിഷ്കളങ്കന്‍, മറ്റൊരു നിഷ്കളങ്കനായ അനില്‍ കാന്തിനെ കത്തേല്‍പ്പിച്ച് അന്വേഷണത്തിനുത്തരവിടുന്നു. ക്രൈംബ്രാഞ്ചുതന്നെ അന്വേഷിക്കും. എന്തുകൊണ്ടോ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു കണ്ടില്ല. അതിനി വരാന്‍ പോകുന്നതേ ഉണ്ടായിരിക്കും. അതുകൂടി വേണം. എങ്കിലേ കളറാകൂ.


വ്യാജനല്ലെന്നു കണ്ടെത്തിയാല്‍ ആര്യയുടെ പണിപോകും. കത്തൊക്കെ സത്യമെന്നാര്‍ക്കാ അറിയാത്തത്. അപ്പോള്‍ കത്ത് ആര്യയെഴുതിയത ല്ലെന്നു ബോധ്യമായെന്നും ആരാണു തയ്യാറാക്കിയതെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടാക്കിയാല്‍ പ്രശ്നം തീര്‍ന്നുകിട്ടും.


അല്ലെങ്കില്‍ കമ്പ്യൂട്ടറും ലെറ്റര്‍ഹെഡുമുള്ള രണ്ടു കോണ്‍ഗ്രസുകാരെയോ ബി.ജെ.പിക്കാരെയോ പിടികൂടുക. ജോലിക്കാരില്‍ ആവശ്യത്തിനുണ്ടല്ലോ. അവരുടെ തലയില്‍ കെട്ടിവെക്കുക. അങ്ങനെ നിയമം നിയമത്തിന്‍റെ വഴിക്കു പോകട്ടെ. ജനാധിപത്യം പുലരട്ടെ !

Advertisment