Advertisment

അടുത്തിടെ ഒരു പോക്സോ കേസിൽ ഇരയുടെ അഭിഭാഷകൻ പ്രതിയുമായുള്ള ബന്ധം പറഞ്ഞു അവസാന നിമിഷം കേസിൽ നിന്നും പിന്മാറി. അതിനു മുൻപ് ഈ വിരുതൻ സംഭവത്തിലെ പ്രധാന സാക്ഷിയെ കേസിൽ നിന്നും ഒഴിവാക്കി. പിന്നെ വിസ്താരം വൈകിപ്പിക്കലായിരുന്നു പരിപാടി. എല്ലാം കഴിഞ്ഞപ്പോഴായിരുന്നു പ്രതി- ബന്ധം ചൂണ്ടിക്കാട്ടിയുള്ള പിൻവാങ്ങൽ. ഇതാണ് പല കേസുകളിലും സംഭവിക്കുന്നത്. പോക്സോ പ്രതികളെ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ സംരക്ഷകര്‍ - നിലപാടിൽ ഓണററി എഡിറ്റർ ആര്‍. അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

പോക്സോ കേസ് പ്രതികളെ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ സംരക്ഷണ സംവിധാനങ്ങളേക്കുറിച്ചറിയുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്തേണ്ടിവരും. അത്രയ്ക്ക് അശ്ലീലമാണവ. പ്രായപൂര്‍ത്തിയാകാത്ത ഒരു മുസ്ലിം പെണ്‍കുട്ടിയെ കടിച്ചുകീറി ശരിപ്പെടുത്തിയിട്ട് ഭരണകൂടവും സംരക്ഷണ സംവിധാനങ്ങളും അവളോട് ചെയ്തതെന്തെന്നു പറയാം. പാലക്കാട്ടാണ് സംഭവം.

2018 ലാണ് ആദ്യ കേസുണ്ടാകുന്നത്. ഒരു പ്രതിയേ അന്നുണ്ടായിരുന്നുള്ളു. അന്ന് നിര്‍ഭയ സംവിധാനങ്ങള്‍ക്ക് ജീവനുണ്ടായിരുന്ന കാലം. (അടുത്ത കാലത്ത് നാം പ്രസ്തുത സംരക്ഷണ സംവിധാനത്തെ തകര്‍ത്തു കളഞ്ഞല്ലോ). വളരെ അരക്ഷിതമായ അന്തരീക്ഷത്തിലായിരുന്നു അവളുടെ ജീവിതം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഉടമ സ്റ്റേറ്റാണ്. അവളെ സംരക്ഷിക്കേണ്ട ജോലി സംസ്ഥാനത്തിനുണ്ട്. അവളെ നിര്‍ഭയകേന്ദ്രത്തിലാക്കി.

വീട്ടിലേക്ക് മടക്കി അയക്കരുതെന്ന് നിഭയക്കാര്‍ റിപ്പോര്‍ട്ടു കൊടുത്തു. പക്ഷെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി (സിഡബ്ല്യുസി) സമ്മതിച്ചില്ല. അമ്മയുടെ പരിലാളന ഏറ്റുവാങ്ങിയല്ലേ പ്രായപൂര്‍ത്തിയാകാത്ത കുട്ടി വളരേണ്ടതെന്നായിരുന്നു അവരുടെ ഞായം പറച്ചില്‍. കണ്ടം ചെയ്യേണ്ട ചക്കടാ വണ്ടികള്‍ക്കുള്ള പാര്‍ക്കിംഗ് ഏരിയകളായി ഇതുപോലെയുള്ള സംരക്ഷണ സംവിധാനങ്ങള്‍ മാറിയിട്ടു കുറെ കാലമായി.

ഇതേക്കുറിച്ച് അറിവോ ഇരയോട് സഹാനുഭൂതിയോ ഇല്ലാത്ത, വെറും രാഷ്ട്രീയം മാത്രം നോക്കുന്ന നോക്കുകുത്തികളാണ് മിക്ക ഇടത്തും. തിരുവനന്തപുരത്ത് അനുപമ എന്ന അമ്മ സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാന്‍ നടത്തിയ പോരാട്ടം മറക്കാറായിട്ടില്ല.


കുഞ്ഞിനെ ദത്തു നല്‍കി (പെറ്റമ്മയുടെ സമ്മതമില്ലാതെ) കടത്തിയത് അന്നത്തെ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അധ്യക്ഷയാണ്. കുട്ടിക്കടത്തിന് അങ്ങിനെ കുട്ടുനിന്ന അവരാണിപ്പോള്‍ ബാലാവകാശ കമ്മീഷന്‍. ഇവരുടെയൊക്കെ കരങ്ങളില്‍ കുട്ടികളുടെ അവകാശങ്ങള്‍ എത്ര ഭദ്രമാണെന്നോര്‍ത്ത് അഭിമാനപൂരിതമാവുകയാണ് അന്തരംഗം.


പാലക്കാട്ടെ പെണ്‍കുട്ടിയെ അമ്മയുടെ പരിലാളന ഏറ്റുവാങ്ങാന്‍ വിട്ടു. 2019 ല്‍ കുട്ടി തിരികെ എത്തി. രണ്ടു തവണകളായി 14 കേസുകള്‍. 30 ലധികം പ്രതികള്‍. ആദ്യം കേസുണ്ടായപ്പോള്‍ തന്നെ അവളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി പാര്‍പ്പിച്ച് പഠിപ്പിച്ച് മിടുക്കിയാക്കിയെടുക്കണമായിരുന്നു.

അങ്ങനെ വക്കീലും ഉദ്യോഗസ്ഥരുമൊക്കെയായ അനേകം അതിജീവിതമാരായ പെണ്‍കുട്ടികളെ എനിക്കറിയാം. അതുപോലെയുള്ള ചില കുട്ടികള്‍ക്ക് ഞാന്‍ പ്രവര്‍ത്തിച്ച ചാനലില്‍ ജോലി നല്‍കിയിരുന്നു. ആരും അറിയാതെതന്നെ. അവരൊക്കെ മികച്ച കുടുംബജീവിതം നയിക്കുന്നുമുണ്ട്.

അങ്ങിനെ ആ കുട്ടിയെ സംരക്ഷിക്കുന്നതില്‍ വിഴ്ച വരുത്തി അവളുടെയും പ്രതികളായ 30 പേരുടെയും ജീവിതം നശിപ്പിച്ചതില്‍ ആര്‍ക്കൊക്കെ ഉത്തരവാദിത്വമെന്നു ചോദിക്കരുത്, പറയരുത്.

ഇനി കേസിലേക്കു കടക്കാം... ആദ്യ കേസിന്‍റെ വിചാരണ ആരംഭിച്ചു. കോടതിയില്‍ പെണ്‍കുട്ടിക്കു പറയേണ്ടിവന്നു ആ വക്കീലിനെ വേണ്ടെന്ന്. അവള്‍ക്കുവേണ്ടി സര്‍ക്കാര്‍ വെച്ച സി.പി.എം വക്കീല്‍ പ്രതിക്കുവേണ്ടി വാദിക്കാന്‍ തുടങ്ങി. ചീത്ത പറഞ്ഞു അവഹേളിച്ചു. അവള്‍ കര‍ഞ്ഞും വെറുതെ നടത്തി ബുദ്ധിമുട്ടിച്ചും ഒടുവില്‍ ആ വിദ്വാന്‍ എഴുതിക്കൊടുത്തു: "എന്നെ മാറ്റിക്കൊള്ളൂ എനിക്ക് പ്രതിയെ അടുത്തറിയാം"

എന്തൊരു മഹാമനുഷ്യന്‍ എന്നല്ലേ ? പക്ഷേ അതിനു മുമ്പ് ഒരു സാക്ഷിയെ അയാള്‍ പട്ടികയില്‍ നിന്നു ബോധപൂര്‍വ്വം ഒഴിവാക്കിയിരുന്നു. ഇരയും അമ്മയും ഹോസ്റ്റല്‍ വാര്‍ഡനുമായിരുന്നു സാക്ഷികള്‍. അതില്‍ വാര്‍ഡനെയാണ് വക്കീല്‍ ഒഴിവാക്കിയത്.

പ്രതിയെ അറിയാമെന്ന് തുടക്കം മുതലേ ഇദ്ദേഹത്തിന് അറിയില്ലായിരുന്നോ ? ഇപ്പോഴാണോ ബോധോദയം ഉണ്ടായത് ? പ്രശ്നം ലളിതം. അയാളുടെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റി. അതിനു ശേഷം തൊടുന്യായം പറഞ്ഞു കളമൊഴിഞ്ഞു.


പെണ്‍കുട്ടി താൻ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന് ആദ്യം പറയുന്നത് ഹോസ്റ്റല്‍ വാര്‍ഡനോടാണ്. അവരാണ് പ്രധാന സാക്ഷി. അവരെ ഒഴിവാക്കിയതോടെ കേസ് ബുര്‍ബലമായി. വക്കീലിന്‍റെ അവതാരോദ്ദേശ്യവും അതായിരുന്നു.


കഴിഞ്ഞ നവംബര്‍ 17 ന് കേസ് കോടതിക്കു മുമ്പാകെ വന്നപ്പോള്‍ ഇരയും അമ്മയും വിസ്താരത്തിന് തയ്യാറായല്ല വന്നിരിക്കുന്നതെന്നായിരുന്നു ഈ അഭിഭാഷകന്‍റെ വിശദീകരണം. കോടതി ഇതേക്കുറിച്ച് പെണ്‍കുട്ടിയോട് ചോദിച്ചു. തങ്ങള്‍ റെഡിയാണെന്ന് അമ്മയും മകളും തുറന്നു പറഞ്ഞതോടെ കളളി വെളിച്ചത്തായി.

അങ്ങിനെ കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിമാരുള്ള നാടായി ദൈവത്തിന്‍റെ സ്വന്തം നാടു മാറിയല്ലോ. ഇനി കുറച്ചു ചോരകൂടിയുണ്ടു തിളക്കാന്‍. ഇവരുടെ കേരളമെന്നു കേള്‍ക്കുമ്പോള്‍ ഞരമ്പില്‍ കിടന്നതങ്ങു തിളച്ചു മറിയും.

Advertisment