കിളികൊല്ലൂരിലെ പോലീസ് സ്റ്റേഷനും അവിടുത്തെ പോലീസ് നടപടിയും കണ്ടാല്‍ ഇക്കൂട്ടര്‍ ഒരിക്കലും നന്നാവില്ലെന്നു തോന്നും ! സ്റ്റേഷനു മുമ്പിലിട്ട് ഒരു പട്ടാളക്കാരനെ തല്ലിച്ചതച്ചിട്ട് തല്ലുകാരെ പോലീസിനറിയില്ലത്രെ ! പട്ടാളക്കാരനെ തല്ലിയതാരാണെന്നറിയില്ലെന്ന് റിപ്പോര്‍ട്ട് കൊടുത്ത ഐപിഎസ് ഓഫീസര്‍ പട്ടാള നിയമങ്ങള്‍ ഒന്നു മനസിലാക്കിയിരിക്കുന്നത് നന്നായിരിക്കും. കിളികൊല്ലൂരും കേരളത്തില്‍ തന്നെയാണ് - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനും അവിടുത്തെ പോലീസ് നടപടിയും അതിന്‍മേലുള്ള കമ്മീഷണറുടെ റിപ്പോര്‍ട്ടും കേരളത്തോടെന്താണു പറയുന്നത് ? ഞങ്ങളെ തല്ലേണ്ടമ്മാവാ... ഞങ്ങള്‍ ഒരിക്കലും നന്നാനില്ല എന്നുതന്നെ. പോലീസിന്‍റെ മുഖം വികൃതമാക്കുന്നതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് എത്രയെന്നും ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കരസേന ഉദ്യോഗസ്ഥരായ സഹോദരന്‍മാരെ സ്റ്റേഷനിലിട്ടു തല്ലിച്ചതച്ചതാണ് കേസ്. ആര്‍മി ആസ്ഥാനം ഇടപെടുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ വാര്‍ത്ത ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.


കൊല്ലം കമ്മീഷണര്‍ മെറിന്‍ ജോസഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭടന്‍ വിഷ്ണുവും സഹോദരന്‍ വിഘ്നേഷും മര്‍ദിക്കപ്പെട്ടു എന്നു സമ്മതിക്കുന്നുണ്ട്. (അതേതായാലും നന്നായി) ഉല്‍ക്ക വന്നിടിച്ചതാണെന്നു പറഞ്ഞില്ലല്ലോ. പക്ഷേ മര്‍ദിച്ചവരാരാണെന്നു കണ്ടെത്താനായില്ലെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.


മനുഷ്യാവകാശ കമ്മീഷനാണ് കമ്മീഷണര്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. പുറത്ത് എവിടെനിന്നോ തല്ലു കിട്ടിയെന്നാണ് അന്നൊക്കെ പോലീസ് പറഞ്ഞത്. ദൃക്സാക്ഷികളില്ല.

publive-image

മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വച്ചതിന് വിഘ്നേഷിന്‍റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പോലീസ് അയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാന്‍ ജാമ്യക്കാരനായാണ് വിഘ്നേഷിനെ വിളിച്ചു വരുത്തിയത്. (മയക്കുമരുന്നു കേസില്‍ ജാമ്യക്കാരെ ഉണ്ടാക്കി കൊടുക്കുക കിളികൊല്ലൂര്‍ പോലീസ് സ്വന്തം ഡ്യൂട്ടിയായെടുത്തു. ഉത്തമ മാതൃക). വിഘ്നേഷ് വിസമ്മതിച്ചു.

അവിടെത്തിയ വിഷ്ണു വിഘ്നേഷിനെയും കൂട്ടി സ്റ്റേഷന്‍ വിടാനൊരുങ്ങിയതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. പ്രതികളോടിത്ര സ്നേഹമുള്ള പോലീസ് കിളികൊല്ലൂരിലേ കാണൂ. അതാണ് കിളികൊല്ലൂര്‍ അപാരത.

നന്നായി വല്ലതുമൊക്കെ തടഞ്ഞുകാണുമെന്നാര്‍ക്കാണറിഞ്ഞുകൂടാത്തത് ? നിരപരാധികളായവരെ പ്രതികളാക്കി ജയിലിലടക്കുന്നതില്‍ പ്രത്യേക വിരുതുകാട്ടുന്ന കേരള പോലീസാണ് പ്രതിക്കുവേണ്ടി ജാമ്യത്തിനാളെ ഉണ്ടാക്കാന്‍ ഇത്ര കഷ്ടപ്പെട്ടത്.

ഓഗസ്റ്റ് 25 നായിരുന്നു സംഭവം. വിഘ്നേഷ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. സാധാരണ ഇങ്ങിനെയുള്ളവരെ കാണുമ്പോള്‍ സല്യൂട്ടു ചെയ്യുന്നതാണ് ഇപ്പോഴത്തെ പോലീസ് രീതി.


സ്റ്റേഷനകത്തിട്ട് കൂട്ടം ചേര്‍ന്നു പോലീസുകാര്‍ വിഷ്ണുവിനേയും വിഘ്നേഷിനേയും മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു പെണ്‍പോലീസും വീറു കാട്ടുന്നുണ്ട്. സ്ത്രീകളെ ആണ്‍ പോലീസ് തല്ലരുത്, ദേഹത്തു തൊടരുത് എന്നൊക്കെ ചട്ടമുണ്ട്. എന്നാല്‍ പെണ്‍ പോലീസിന് ആണുങ്ങളെ തല്ലാം, തൊഴിക്കാം. അതൊന്നും ചട്ടവിരുദ്ധമല്ല.


വര്‍ഷങ്ങള്‍ക്കു മുമ്പ് നേമം സ്റ്റേഷനിലുണ്ടായ ഒരു പട്ടാളക്കഥ കൗതുകകരമാണ്. അന്ന് സോമശേഖരനായിരുന്നു എസ്.ഐ. (പിന്നീട് പട്ടാളം സോമനെന്ന വിളിപ്പേര് ചാര്‍ത്തിക്കിട്ടുകയും ചെയ്തു. സോമനും അതങ്ങ് സ്വീകരിച്ചു). പാങ്ങോട്ടെ ഒരു പട്ടാളക്കാരന്‍ സിവില്‍ വേഷത്തില്‍ ഡ്യൂട്ടിക്കിടെ പോലീസ് കസ്റ്റഡിയിലായി.

ട്രാഫിക് പാലനമായിരുന്നുവെന്നാണോര്‍മ്മ. പട്ടാളക്കാരനാണെന്നു പറഞ്ഞിട്ടൊന്നും നേമം പോലീസ് വിട്ടില്ല. മൊബൈല്‍ ഫോണില്ലാത്ത കാലം. ഡ്യൂട്ടിക്കുപോയ ആള്‍ മടങ്ങിയെത്താത്തതിനാല്‍ യൂണിറ്റുകള്‍ അന്വേഷിച്ചിറങ്ങി.

വൈകുന്നേരം മേലാപ്പീസര്‍ക്കു കണക്കു കൊടുക്കണം. അതാണ് ആര്‍മി രീതി. പോലീസാകട്ടെ പട്ടാളക്കാരനെ വിടില്ലെന്നു തീര്‍ത്തു പറഞ്ഞു. ഏതു പട്ടാളമായാലും ട്രാഫിക് നിയമം ലംഘിച്ചാല്‍ ഞങ്ങള്‍ പിടിക്കും. ലോക്കപ്പിലിടും. അന്ന് സോമന്‍ ഉശിരുകാട്ടി.


കുറെ കഴിഞ്ഞപ്പോള്‍ നാലഞ്ചു ട്രക്കു നിറയെ പട്ടാളം നേമത്തിറങ്ങി. യന്ത്രത്തോക്കുകളുമായി അവര്‍ ചാടിയിറങ്ങി നാഷണല്‍ ഹൈവേയിലെ ഗതാഗതം തടഞ്ഞു. സ്റ്റേഷന്‍റെ മുന്‍ ഗേറ്റിലൂടെ മിലിട്ടറി ഉള്ളിലേക്ക് ഇരച്ചു കയറി. യന്ത്രത്തോക്കുകള്‍ ചൂണ്ടി ഉള്ളിലേക്ക്... അതേ അവര്‍ക്കറിയൂ.


തീവ്രവാദികളെ പിടികൂടുന്നത് ഈയിടെ ടിവിയില്‍ കാണുന്നില്ലെ. അതുപോലെ. സോമന്‍ മതിലു ചാടി രക്ഷപെട്ടു. മറ്റ് പോലീസുകാര്‍ കൈ ഉയര്‍ത്തി. ആകെയുള്ള നീണ്ട തോക്കും താഴെ വച്ച് പാറാവുകാരന്‍ പറപറന്നു ഓടിക്കളഞ്ഞു.

ലോക്കപ്പു തുറന്ന് ആളെ മോചിപ്പിച്ച് പട്ടാളം മടങ്ങി. വകുപ്പുതല അന്വേഷണം അന്നും നടന്നു. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നു മാത്രം.

ഒരു പട്ടാള അനുഭവംകൂടി പറയാം. കാശ്മീരില്‍ ഒരിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ പത്രാധിപന്‍മാരുടെ യോഗം വിളിച്ചു. ശ്രീനഗറില്‍. അതില്‍ പങ്കെടുക്കവെ ഒരു ദിവസം അതിര്‍ത്തി കാണാന്‍ കൊണ്ടുപോയി. മടങ്ങി ശ്രീനഗറിലേക്കു വന്നത് റോഡ് മാര്‍ഗം. റോഡിന് ഇരുവശവും മിലിട്ടറി ബങ്കറുകള്‍. യന്ത്രത്തോക്കേന്തിയ സൈനിക പോസ്റ്റുകള്‍ ഇടക്കിടെ. പാവപ്പെട്ട ഗ്രാമീണര്‍ ചെറിയ വീടുകളില്‍ അവിടവിടെ.

കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ട്. ഞങ്ങളുടെ വാഹന വ്യൂഹത്തിനു മുമ്പിലും പിന്നിലും പോലീസ് സംരക്ഷണ വാഹനങ്ങളും ഉണ്ട്. ഒരിടത്ത് സൈന്യം കൈകാട്ടി. കേന്ദ്ര ഉന്നതര്‍ക്കതു രസിച്ചില്ല. വണ്ടികള്‍ നിര്‍ത്തേണ്ടതില്ലെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.

publive-image

അര മണിക്കൂര്‍ കഴിഞ്ഞില്ല വലിയ സൈനികസംഘം റോഡ് ബ്ലോക്ക് ചെയ്തു. യന്ത്രത്തോക്കു ചൂണ്ടി മുമ്പിലും വശങ്ങളിലും. എല്ലാവരും ഭയന്നു. വണ്ടികള്‍ നിന്നു. മേജര്‍ വരുന്നതുവരെ കാത്തു. തര്‍ക്കിച്ചിട്ടൊന്നും രക്ഷയുണ്ടായിരുന്നില്ല. മേജര്‍ വന്നപ്പോള്‍ കേന്ദ്ര പബ്ലിക് റിലേഷന്‍സ് മേധാവി ചൂടായി. അപ്പോള്‍ വന്നു മേജറുടെ മറുപടി.

"ഞങ്ങള്‍ കൈകാട്ടിയാല്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ ബ്ലോക്ക് ചെയ്യാനല്ലേ ഞാന്‍ ഇപ്പോള്‍ പറഞ്ഞുള്ളു. സാധാരണ ഫയര്‍ എന്നാണ് ഞാന്‍ പറയാറ്" മാധാവിയുടെ നാക്കിറങ്ങിപ്പോയി.


അതാണ് പട്ടാള നിയമം. പട്ടാളത്തിന് ഒരു സിവില്‍ നിയമവും ബാധകമല്ല. പട്ടാളനടപടി കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. അതൊക്കെ അറിയാത്ത കിളികൊല്ലൂര്‍ പോലീസ് എന്തൊരു പോലീസാണ് ? കിളികൊല്ലൂര്‍ കേരളത്തില്‍ തന്നെയല്ലേ ? ആഫ്രിക്കയിലൊന്നുമല്ലല്ലോ.


പോലീസ് സ്റ്റേഷനു മുമ്പില്‍ അവരെ തല്ലി ശരിപ്പെടുത്തിയിട്ട് അക്രമിച്ചവരെ തിരിച്ചറിയാനാവില്ലെന്ന കള്ള റിപ്പോര്‍ട്ടെഴുതിയ മെറിന്‍ ചെറുപ്പക്കാരിയാണ്. ഭാവിയുള്ള മിടുക്കിയാണ്. പക്ഷേ കാക്കിസ്നേഹം കൂടിയപ്പോള്‍ മിടുക്കും കൂടിപ്പോയി. ഏത്  പൊട്ടനെയാണ് കബളിപ്പിക്കാന്‍ നോക്കുന്നത് മെറിന്‍ ? മനുഷ്യാവകാശ കമ്മീഷനില്‍ പൊട്ടന്‍മാരേ ഉള്ളൂ എന്നാണോ മെറിന്‍ കരുതുന്നത് ?

തല്ലുന്ന വീഡിയോ നോക്കിയാല്‍ പോരേ ആരൊക്കെ തല്ലിയെന്നറിയാന്‍. അതു നോക്കാനുള്ള കണ്ണുവേണം. അത് മെറിനില്ലാതെ പോയി. വളര്‍ന്നു മെറിന്‍ ഡി.ജി.പിയാകുമ്പോള്‍ കേരളം എങ്ങിനെയായി തീരുമോ എന്തോ ?

Advertisment