Advertisment

വികസനം വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമാണോ വരിക ? വല്ലാര്‍പാടം കൊട്ടിഘോഷിച്ചു തുടങ്ങിയതല്ലേ ? ലാഭ നഷ്ട കണക്കുകള്‍ ഒന്നു പുറത്തുവിട്ടുനോക്കൂ. വിഴിഞ്ഞത്തെ നഷ്ടം സര്‍ക്കാര്‍ നികത്തട്ടെ ? കല്ലട പദ്ധതിയിൽ 1000 കോടിയാണ് തിന്നുതീര്‍ത്തത്. ഒരു മണി അരി അവിടെങ്ങും പുതിയതായി ഉണ്ടായോ. വിഴിഞ്ഞത്ത് സഭയെ മുട്ടുകുത്തിക്കാന്‍ കേരള പോലീസല്ല പട്ടാളമിറങ്ങിയാലും പറ്റില്ല. വിഴിഞ്ഞം ഉപേക്ഷിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴില്ല ? നിലപാടിൽ ആർ അജിത്കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

നമ്മുടെ വികസന സങ്കല്പങ്ങള്‍ ആകെ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധം തകര്‍ത്തെറിഞ്ഞ യൂറോപ്പ് എങ്ങിനെയാണ് വികസിച്ചത് ? അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് അവിടുത്തെ സര്‍ക്കാരുകള്‍ ശ്രദ്ധിച്ചത്.

മികച്ച റോഡുകള്‍ ഉള്‍പ്പെടെയുള്ള ഗതാഗതം, ശുദ്ധജലം, വൈദ്യുതി ഇവയിലായിരുന്നു ശ്രദ്ധ. നല്ല ഹൈവേകള്‍ ഉണ്ടായാല്‍ അതിനു സമീപത്ത് ഉപഗ്രഹ നഗരങ്ങള്‍ രൂപംകൊള്ളും. തിരുവനന്തപുരം, കൊച്ചി ബൈപാസുകള്‍ ഉദാഹരണം. അവക്കിരുവശവുമാണല്ലോ ഇപ്പോള്‍ വികസനം. ഇടറോഡുകളും ട്രാഫിക്ക് ബ്ലോക്കും നമ്മുടെ ശാപങ്ങളാണ്.

അതിനു പകരമാവില്ല കെ-റെയിലും വിമാന താവളങ്ങളും. നല്ല റോഡുകള്‍ നിര്‍മ്മിക്കൂ. അതിനു തുനിഞ്ഞിറങ്ങിയ ഡോ. എം.കെ മുനീറിനെ അന്നത്തെ ഇടതുപക്ഷം കീറി ഒട്ടിച്ചുകളഞ്ഞു. എക്സ്പ്രസ് ഹൈവേ എന്നു കേട്ടാല്‍ മുനീര്‍ ഭയന്നു നിലവിളിക്കും. ആ അവസ്ഥയിലാക്കി കളഞ്ഞു. അന്നതു ആരംഭിച്ചിരുന്നെങ്കില്‍ കേരളത്തിന്‍റെ മുഖഛായ മാറുമായിരുന്നു.


വികസനങ്ങള്‍ വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമാണോ വരിക ? കേരളത്തില്‍ ഇപ്പോഴുള്ള വിമാനത്താവളങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസില്ല. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് ഒരു സര്‍വ്വീസുപോലുമില്ല. അതിനാരും ശ്രമിച്ചതുമില്ല.


വിമാനക്കമ്പനിക്കാര്‍ വിരുതന്‍മാരാണ്. ലീഗ് ഭരണത്തിലാകുമ്പോള്‍ കോഴിക്കോട്ടേക്ക് സര്‍വ്വീസുകള്‍. സി.പി.എം വന്നാല്‍ അവ നിര്‍ത്തലാക്കി കണ്ണൂര്‍ക്കാക്കും. ഇപ്പോള്‍ സി.പി.എം സീസണാണ്.

ഇന്ത്യയില്‍ വികസനമെല്ലാം ഗുജറാത്ത് വഴിയാണല്ലോ. അതുപോലെ ഇപ്പോള്‍ എല്ലാം കണ്ണൂര്‍ വഴിയാണ്. തിരുവനന്തപുരത്തെ കൂതറ റോഡ‍ുകളിലൂടെ യാത്രചെയ്ത ശേഷം കണ്ണൂരെത്തിയാല്‍ സ്വര്‍ഗത്തിലെത്തിയപോലെയാണ്. തലശ്ശേരിയില്‍ കൊടിയേരിയുടെ വീട്ടില്‍ പോയപ്പോള്‍ ബോധ്യമായതാണ്. ഒന്നാംതരം റോഡുകള്‍.

കണ്ണൂര്‍ വിമാനത്താവളവും ഗംഭീരം. സെക്യൂരിറ്റിക്കാരായ സി.ഐ.എസ്.എഫ് കാരുടെ ഗുണ്ടായിസം മാത്രമാണ് പ്രശ്നം. യാത്രക്കാരെ ശരിപ്പെടുത്തി അതുവഴി ആരും യാത്രചെയ്യാതിരിക്കാന്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങിയപോലെയാണവരുടെ പെരുമാറ്റം.

ഇത്രയും പറഞ്ഞ് വിഴിഞ്ഞം തുറമുഖത്തിലേക്കൊന്നു കടക്കാനാണ്. ലത്തീന്‍ സഭയും അദാനിയും തമ്മിലുള്ള പോരാട്ടത്തില്‍ അദാനിക്കൊപ്പമാണ് എല്ലാ കക്ഷികളും സര്‍ക്കാരും.

publive-image

പക്ഷേ പങ്കായം പിടിച്ചു തഴമ്പിച്ച കൈകളുടെ മുമ്പില്‍ വലിയതുറ പോലീസിന്‍റെ ഒരു വേലത്തരവും വിലപ്പോകില്ല. ഇടക്കിടെ വെടിവെയ്പ്പു നടക്കുമായിരുന്നു പണ്ട്. അതവിടുത്തെ ധീവരരും ക്രൈസ്തവരും തമ്മില്‍ ഏറ്റുമുട്ടുമ്പോഴായിരുന്നു. ഇപ്പോള്‍ അതില്ല.


വിഴിഞ്ഞം തുറമുഖം പണി ആരംഭിച്ചതുമുതല്‍ ശംഖുമുഖവും കോവളവുമൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. നഗര തിരക്കിലെ ഒരു ആശ്വാസമായിരുന്നു ശംഖുമുഖം. ഇപ്പോള്‍ മണ്‍ തിട്ടയില്ല. കടല്‍ തീരമില്ല. റോഡില്‍ നിന്നു കാലെടുത്തുവെക്കാന്‍ മണല്‍ത്തീരമില്ല. ആഴക്കടലാണ് തൊട്ടടുത്ത്. തീരമാകെ കടലെടുത്തു തുടങ്ങി. ഇനി വിമാനത്താവളത്തിലേക്കായിരിക്കും കടലിന്‍റെ കടന്നുകയറ്റം.


കോവളം ശവപറമ്പുപോലെയാണ്. ഡോ. രവി പിള്ള ഒരിക്കല്‍ പറഞ്ഞു "കോവളത്തെ ലീല പോലെ രണ്ട് ഹോട്ടലുകള്‍ കൂടി വാങ്ങിയാല്‍ ഏതു പണക്കാരനും തെണ്ടും." ലീല അദ്ദേഹം വാങ്ങിയ കാലത്തായിരുന്നു ഈ പ്രതികരണം. എന്തായാലും കോവളത്തെ മിക്ക ഹോട്ടലുകളും നഷ്ടത്തിലാണ്. ആയൂര്‍വേദത്തിന്‍റെയും മയക്കുമരുന്നിന്‍റെയും പച്ചയിലാണ് കോവളത്തിന്‍റെ നിലനില്‍പ്പ്.

വിഴിഞ്ഞം തുറമുഖം ഉപേക്ഷിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ ? അവിടുത്തുകാര്‍ക്കു വേണ്ടങ്കില്‍ വേണ്ടെന്നുവെക്കണം. വല്ലാര്‍പാടം തുറമുഖം കൊട്ടിഘോഷിച്ചു തുടങ്ങിയതല്ലേ ? ലാഭ നഷ്ട കണക്കുകള്‍ ഒന്നു പുറത്തുവിടൂ.

കോടികള്‍ മുടക്കി കായലിന്‍റെ നെഞ്ചിലൂടെ തൂണുകള്‍ നാട്ടി സൃഷ്ടിച്ച റെയില്‍ ട്രാക്ക് അസ്ഥിപഞ്ജരംപോലെ നില്‍ക്കുകയാണ്. ഒരു ട്രെയിനും അതുവഴി ഓടുന്നില്ല. കായലിന്‍റെ ഭംഗി നശിപ്പിച്ചതു മാത്രം മിച്ചം. തൂത്തുക്കുടി, ചെന്നൈ പോര്‍ട്ടുകളാണ് ചരക്ക് അയക്കാനും പോകാനും ലാഭകരം. പിന്നെ ആരെങ്കിലും വല്ലാര്‍പാടത്തു കൊണ്ടു തലവെക്കുമോ ?


ഇനി കുറെ പണം വിഴിഞ്ഞത്തു മുടക്കിയതാണു പ്രശ്നമെങ്കില്‍ അതു സര്‍ക്കാര്‍ നികത്തിക്കൊടുത്താല്‍ പോരേ ? കാര്‍ഷിക രംഗം പുഷ്ടിപ്പെടുത്താന്‍ നാം ഉണ്ടാക്കിയ കല്ലട പദ്ധതി എത്ര കോടിയാണ് തിന്നു തീര്‍ത്തത്. ഒരു മണി അരി അവിടെങ്ങും പുതിയതായി ഉണ്ടായതായി കണ്ടിട്ടുണ്ടോ. 1000 കോടി ചെലവഴിച്ചശേഷമാണ് ആ പദ്ധതി വേണ്ടെന്നു വച്ചത്. ആര്‍ക്കും നൊന്തില്ല. 


കൈവഴികള്‍ പൊട്ടിത്തകര്‍ന്നു കിടക്കുന്നു. കുറെ കിണറുകളില്‍ വെള്ളം കിട്ടുന്നുണ്ട് എന്നതു മാത്രമാണു നേട്ടം. പദ്ധതി ഉണ്ടാക്കി കോടികള്‍ തട്ടിയവരെ പിടിച്ചില്ല. പലരും മരിച്ചുപോയിരുന്നു. അതിനാല്‍ വിഴിഞ്ഞം വേണ്ടെന്നുവെച്ച് അദാനിക്കു ചെലവായ തുക കൊടുത്ത് തടിതപ്പണം. ഇതൊരഭിമാന പ്രശ്നമായി എടുക്കരുത്.

സഭയെ മുട്ടുകുത്തിക്കാന്‍ കേരള പോലീസല്ല പട്ടാളമിറങ്ങിയാലും പറ്റില്ലെന്ന് അറിയാത്തവരല്ല ഭരണത്തിലുള്ളത്. അതിനാല്‍ വിഴിഞ്ഞം വേണ്ടെന്നു വെക്കണം. ആ ഭൂമി ഏറ്റെടുത്ത് മത്സ്യത്തൊഴിലാളികള്‍ക്കു വീടു പണിതു കൊടുക്കണം.

ഗോഡൗണില്‍ വര്‍ഷങ്ങളായി നരകയാതന അനുഭവിക്കുന്നവര്‍ക്കാശ്വാസമാകട്ടെ. വേദനിക്കുക ഭൂമി വന്‍ വിലയ്ക്ക് വില്‍ക്കാന്‍ കാത്ത് ഇരുന്ന ഭൂ ഉടമകള്‍ക്കു മാത്രമാണ്. അവരുടെ അത്യാഗ്രഹം അവിടെ കിടക്കട്ടെ.

Advertisment