വലിയ എഴുത്തുകാര്‍ എന്തേ ചെറിയ മനസുള്ളവരായി മാറുന്നത് ? മാധവന്‍റെ കഥയല്ലല്ലോ ഹേമന്തിന്‍റെ സിനിമ ? അതിന്‍റെ തലക്കെട്ട് മാത്രമാണ്. ഒരു തലക്കെട്ടും ആരുടെയും സ്വകാര്യ സ്വത്തല്ല, അങ്ങനൊരു പേറ്റന്‍റുമില്ല. മാധവന്‍ കഥയ്ക്ക് പേരിട്ടത് കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയുടെ അനന്തരാവകാശികളുടെ അനുവാദം വാങ്ങിയിട്ടാണോ ? ഹിഗ്വിറ്റയിലെ അനാവശ്യ കലഹങ്ങള്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

ജോസ് റെനെ ഹിഗ്വിറ്റ സപാറ്റ എന്ന കൊളംബിയന്‍ ഗോളി സ്വപ്നത്തില്‍ വിചാരിച്ചിരിക്കില്ല കേരളത്തില്‍ എന്‍.എസ് മാധവന്‍റെ കഥക്കു തന്‍റെ പേരിടുമെന്നും അത് മറ്റൊരാള്‍ സിനിമയാക്കുന്നതിനു പേരായിടുമ്പോള്‍ മാധവന്‍ അവകാശവാദമുന്നയിക്കുമെന്നും അതൊക്കെ വിവാദമാകുമെന്നും.

സ്കോര്‍പ്പിയന്‍ കിക്കിലൂടെയാണ് ഹിഗ്വിറ്റ ഇതിഹാസ താരമായത്. തലകുത്തി മറിഞ്ഞ് കാലുകൊണ്ടു പന്ത് ഗോളാകാതെ അടിച്ചു തെറിപ്പിച്ചതിനെയാണിങ്ങനെ പറയുന്നത്. 1995 ല്‍ യു.കെയില്‍ വച്ചായിരുന്നു ഈ പ്രകടനം.


ഹിഗ്വിറ്റയുടെ പേരിന്‍റെ ആദ്യ ഉടമ അദ്ദേഹം തന്നെയാണ്. കളിയില്‍ ഇതിഹാസ താരമായെങ്കിലും ആള്‍ വിരുതനായിരുന്നു. 1993 ല്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ജയിലിലായി. കൊളംബിയ മയക്കുമരുന്നിന്‍റെ ലോക തലസ്ഥാനമാണ്. ഒരു മാഫിയ തലവന്‍ മറ്റൊരു മാഫിയ തലവന്‍റെ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇടനിലനിന്ന് കനത്ത ലാഭം നേടിയതായും ചരിത്രം പറയുന്നുണ്ട്.


അങ്ങിനെയുള്ള ഹിഗ്വിറ്റയാണ് താരം. ഇദ്ദേഹത്തിന്‍റെ പേരില്‍ എന്‍. എസ് മാധവന്‍ കഥയെഴുതിയത് വര്‍ഷങ്ങള്‍ക്കു മുമ്പ്. കഥ ഹിറ്റായി. മികച്ച കഥയെന്ന പേരുനേടി. അതുകൊണ്ട് ഹിഗ്വിറ്റ എന്ന പേര്‍ എങ്ങിനെ മാധവന്‍റെ സ്വന്തമായിതീരും ?

കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്നപോലെ സിനിമ റിലീസാകുന്നതിനു തൊട്ടു മുമ്പ് ഫിലിം ചേമ്പറുകാര്‍ പേര് ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. ശ്രീനാഥ് ഭാസി എന്ന നടനെ വിലക്കിയതിന്‍റെ നാറ്റം നിര്‍മ്മാതാക്കളില്‍ നിന്നകന്നിട്ടില്ല. അതിനിടക്കാണീ കടുംകൈ. മാധവനെ സുഖിപ്പിക്കാനാണെങ്കില്‍ അദ്ദേഹം ഐ.എ.എസില്‍ നിന്ന് റിട്ടയര്‍ ചെയ്തകാര്യം ഇവരാരും അറിഞ്ഞിട്ടില്ലെന്നാണോ ? സുഖിപ്പിക്കലാണല്ലോ നമ്മുടെ ഒരു പരമ്പരാഗത രീതി.

മാധവന്‍റെ ഫോര്‍മുല കടമെടുക്കുകയാണെങ്കില്‍ മാര്‍ത്താണ്ടവര്‍മ്മ സി.വി രാമന്‍പിള്ളയുടെ സ്വകാര്യ സ്വത്താകേണ്ടതല്ലേ ? എം.ടിയുടെ വാനപ്രസ്ഥം അരവിന്ദന്‍ അടിച്ചുമാറ്റിയതെന്നു പറയാനാകുമോ ? എത്രയോ ഉദാഹരണങ്ങള്‍. അടുത്തിടെ കഥാകൃത്ത് വിശ്വന്‍ പടനിലം എഴുതിയ കഥയുടെ പേര് സിന്ധു സൂര്യകുമാര്‍ കവര്‍സ്റ്റോറി പറയുമ്പോള്‍ എന്നായിരുന്നു. അതുകൊണ്ട് ആ പേരിന്‍റെ ഉടമസ്ഥന്‍ വിശ്വനാകുന്നില്ലല്ലോ.

publive-image


വലിയ എഴുത്തുകാര്‍ എന്തേ ചെറിയ മനസുള്ളവരായി പോകുന്നത് ? മാധവന്‍റെ കഥ അനുമതി ഇല്ലാതെ സിനിമയാക്കിയാല്‍ എതിര്‍ക്കാം. കോടതിയില്‍ ചോദ്യം ചെയ്യാം. പക്ഷേ തലക്കെട്ടിന് ആ സംരക്ഷണമില്ല. ഒരു തലക്കെട്ടും ആരുടെയും സ്വകാര്യ സ്വത്തല്ല. അങ്ങിനെ ഒരു പേറ്റന്‍റ് ലോകത്ത് നിലനില്‍ക്കുന്നുമില്ല.


ഹേമന്ത് ജി. നായരുടെ സിനിമയുടെ പേര്‍ ആദ്യം രജിസ്റ്റര്‍ ചെയ്തു കാണുക ഫിലിം ചേമ്പറിലാണ്. അന്നെന്തേ അവര്‍ എതിര്‍ത്തില്ല. മറ്റൊരു സിനിമക്കുപയോഗിച്ച പേരായിരിക്കരുതെന്നേ ചേമ്പറിന്‍റെ ചട്ടത്തില്‍ പറയുന്നുള്ളു. ഒരു സിനിമ കുറെയേറെപ്പേരുടെ സ്വപ്നമല്ലേ. 22 ന് റിലീസു ചെയ്യാനിരിക്കുന്ന നിനിമയ്ക്ക് ആ പേര് മാധവന്‍ കൂടി സമ്മതിച്ചങ്ങു നല്‍കിയിരുന്നെങ്കില്‍ മാധവന്‍ എത്ര ഉയരത്തിലാകുമായിരുന്നു. ചിലര്‍ക്കു താഴെ ഇരുന്നാലേ പൊക്കം വരൂ എന്നുണ്ടോ ?

എലിപ്പത്തായവും കൊടിയേറ്റവുമൊക്കെ അടൂരിന്‍റെ സ്വകാര്യ സ്വത്താകുന്നതെങ്ങനെ ? ഒക്കെ മലയാളത്തിലെ ചില പേരുകള്‍. ഒന്ന് എലിയെ പിടിക്കുന്നു. മറ്റൊന്ന് ഉല്‍സവത്തിന്. അല്ലാതൊന്നുമില്ല. അങ്ങിനെ കഥയെഴുതിയാല്‍ (ആ പേരില്‍) ആര്‍ക്കാണെതിര്‍ക്കാവാവുക ?

ഇനി ഹിഗ്വിറ്റയുടെ സ്വകാര്യ ജീവിതത്തേക്കുറിച്ചൊരു സിനിമ എടുത്താലോ ? പരമ പോക്രിയായിരിക്കും നായകന്‍. അപ്പോള്‍ ഏതു പേരിടും ? ഹിഗ്വിറ്റയെന്നല്ലാതെ. അതിനേക്കാള്‍ എത്ര സുഖകരമായ വേദനയാണിത്. ഹേമന്ത് അങ്ങിനെയൊന്നും ചെയ്തില്ലല്ലോ. അതില്‍ സന്തോഷിക്കയല്ലേ വേണ്ടത്.

publive-image

ഹിഗ്വിറ്റ എന്ന പേര് മാധവനു കൊടുക്കണമെന്ന അഭിപ്രായക്കാരനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മലയാളത്തിലെ 10 മികച്ച കഥകളില്‍ ഒന്നാണ് ഹിഗ്വിറ്റയെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ആ അഭിപ്രായം അദ്ദേഹത്തിന് പുലര്‍ത്താന്‍ കഴിയും. എതിര്‍ക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്ന് അംഗീകരിച്ചാല്‍ മതി.

ഹിഗ്വിറ്റ മയലാളി വായനക്കാരന്‍ അറിയുന്നത് മാധവന്‍റെ കഥയിലൂടെയാണെന്ന് കവി. കെ. സച്ചിതാനന്ദന്‍ പറയുന്നുണ്ട്. സ്കോര്‍പ്പിയന്‍ ഗോള്‍ വന്നപ്പോള്‍ മുതല്‍ ഫുട്ബോള്‍ പ്രേമികള്‍ക്കൊക്കെ ഹിഗ്വിറ്റയെ അറിയാം. ആരും അറിയാത്ത ഹിഗ്വിറ്റ എന്ന പ്രതിഭയെ മലയാളികള്‍ക്കു പരിചയപ്പെടുത്തുകയായിരുന്നില്ലല്ലോ മാധവന്‍റെ ഉദ്ദേശം. ഒരു നല്ല കഥയായിരുന്നു അതിനദ്ദേഹം ഈ വിഷയം തെരഞ്ഞെടുത്തു എന്നേയുള്ളു.


ശ്രീനാരായണഗുരു എന്നൊരു സിനിമ ആര്‍ട്ടിസ്റ്റ് സുകുമാരന്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതിനു ചേമ്പര്‍ അംഗീകാരവുമുണ്ട്. മറ്റൊരാള്‍ക്ക് ഗുരുവിനേക്കുറിച്ച് മറ്റൊരു സിനിമ എടുക്കണമെന്നു തോന്നിയാലോ ? അതു സുകുമാരന്‍റെ ഗുരുവായിരിക്കില്ലല്ലോ. അതിനൊക്കെ ഇടമുള്ളതല്ലെ നമ്മുടെ ജനാധിപത്യം ?


നടന്നതൊക്കെ അസംബന്ധമാണെന്ന് നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി മോഹന്‍ കുമാര്‍ പറഞ്ഞിരിക്കുന്നതെത്ര ശെരിയാണ്. സച്ചിദാനന്ദനേക്കാള്‍ ജൂനിയറായ മോഹന്‍ കുമാര്‍ ഹിഗ്വിറ്റയെന്ന പേര് നേരത്തെ കേട്ടിട്ടുണ്ട്. അപ്പോള്‍ ആരുടെ അറിവാണ് ചോദ്യം ചെയ്യപ്പെടുന്നത് ? സച്ചിതാനന്ദന്‍ കേട്ടിട്ടില്ലെങ്കില്‍ അത് അദ്ദേഹത്തിന്‍റെ ആ വിഷയത്തിലുള്ള അറിവിന്‍റെ പരിമിതിയായി കണക്കാക്കിയാല്‍ പോരേ ? തന്‍റെ അറിവില്ലായ്മ മറ്റുള്ളവരുടെ മേല്‍ എന്തിന് ചാര്‍ത്തപ്പെടണം ?

മാധവന്‍ കഥയ്ക്ക് ഈ പേരിട്ടപ്പോള്‍ ആരുടെ അനുവാദം വാങ്ങിയെന്ന പ്രസക്തമായ ചോദ്യം സംവിധായകന്‍ വേണു ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഹിഗ്വിറ്റക്ക് 4 മക്കളുണ്ട്. അതില്‍ ആരുടെയെങ്കിലും അനുമതി വാങ്ങേണ്ടതല്ലേ ? അതല്ലേ ഔചിത്യം ?

മാധവനേക്കാള്‍ ഹിഗ്വിറ്റിയില്‍ അവകാശം മക്കളായ പമീലക്കും സിന്‍ഡിക്കും ആന്‍ഡ്രൂവിനും വില്‍ഫ്രഡിനുമില്ലേ ? ഈ പേരിലല്ലായിരുന്നെങ്കില്‍ മാധവന്‍റെ കഥ ശ്രദ്ധിക്കപ്പെടുകയില്ലായിരുന്നോ ? തലക്കെട്ടിലല്ലല്ലോ കഥ നില്‍ക്കേണ്ടത് ? പ്രത്യേകിച്ച് മലയാളത്തിലെ മികച്ച 10 കഥകളില്‍ ഒന്നാകുമ്പോള്‍.

Advertisment