/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ബാലാവകാശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ നാം ബദ്ധശ്രദ്ധരാണ്. ബാലാവകാശ കമ്മീഷന്‍ മുതല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികള്‍ വരെ അതില്‍ ജാഗരൂകരുമാണ്. എന്നാല്‍ അത് നമ്മുടെ അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളെ എങ്ങനെയാണിപ്പോള്‍ ബാധിച്ചുകൊണ്ടിരിക്കുന്നതെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ?
കുറെ നാള്‍ മുമ്പ് ഒരു അദ്ധ്യാപിക നമ്മുടെ കുഞ്ഞുങ്ങളെ അവിശ്വസിക്കൂ എന്നാഹ്വാനം ചെയ്തു. വീഡിയോ വൈറലായി. അതേക്കുറിച്ച് ഈ കോളത്തില്‍ ഞാന്‍ എഴുതുകയും ചെയ്തു. എം.ഡി.എം.എ പോലുള്ള മയക്കുമരുന്നുകളുടെ ലോകത്തു വീഴാതെ അവരെ രക്ഷിക്കൂ എന്നായിരുന്നു ടീച്ചറുടെ കരഞ്ഞു പറച്ചില്‍. ദിവസവും ബാഗുകള്‍ പരിശോധിക്കണം, അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ അറിയുന്നവരോട് ചോദിക്കണം. ഇതൊക്കെയായിരുന്നു ആ സംസാരത്തിന്‍റെ കാതല്‍.
ഇപ്പോഴിതാ പുതിയ വാര്‍ത്തകള്‍ വരുന്നു. അദ്ധ്യാപകന്‍ ഉപദ്രവിച്ചു, തല്ലി, ചീത്തപറഞ്ഞു എന്നൊക്കെയുള്ള വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കൂടുകയാണ്. (ലൈംഗിക പരാതികളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. അങ്ങിനെയുള്ള കേസുകളില്‍ പ്രതികളായ അദ്ധ്യാപകര്‍ കുറ്റക്കാരെങ്കില്‍ മടലുവെട്ടി അടിക്കണം).
കണ്ണൂരില്‍ നടന്ന ഒരു സംഭവമിതാ - ഒരു കുട്ടി വൈകിവരുന്നതു പതിവാക്കി. അദ്ധ്യാപകന്‍ അതിനെ ചോദ്യം ചെയ്തു. അസംബ്ലി കഴിഞ്ഞതല്ലേയുള്ളു. ക്ലാസ് ആരംഭിച്ചിട്ടില്ലല്ലോ എന്നായി വിദ്യാര്‍ത്ഥി. അസംബ്ലിയും നിനക്കുകൂടി ഉള്ളതാണെന്നായി അദ്ധ്യാപകന്‍. എനിക്കതു വേണ്ടെങ്കിലോ, എന്നായി വിദ്യാര്‍ത്ഥി. എന്നാല്‍ നീ ഇനി ഇന്ന് ക്ലാസില്‍ കയറണ്ടാ - അദ്ധ്യാപകന്‍ ചൂടായി. പിന്നെ ഞാന്‍ എങ്ങോട്ടു പോകണം - വിദ്യാര്‍ത്ഥി.
എങ്ങോട്ടെങ്കിലും പൊയ്ക്കോ - അദ്ധ്യാപകന്‍. ശരി. ഞാനങ്ങു പോകും. എനിക്കു തോന്നിയിടത്തേക്ക്. സാറ് പറഞ്ഞിട്ടാ പോയതെന്നു ഞാന്‍ പറയും. സാര്‍ തൂങ്ങും. എന്നോടിങ്ങനെ പറഞ്ഞതിനു മറുപടി പറയേണ്ടിവരും - വിദ്യാര്‍ത്ഥി വിട്ടുകൊടുത്തില്ല. അദ്ധ്യാപകന്‍ വിയര്‍ക്കുന്നു. വിറയ്ക്കുന്നു. പ്രിന്‍സിപ്പലിനോട് അദ്ധ്യാപകന്‍ വിവരങ്ങള്‍ പറയുന്നു. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിയെ വിളിപ്പിച്ച് സംസാരിക്കുന്നു. നീ ഇങ്ങിനെയൊക്കെ സാറിനോട് പറയാമോ ? നിന്‍റെ നന്‍മക്കുവേണ്ടിയല്ലേ സാര്‍ ഇങ്ങനെയൊക്കെ പറഞ്ഞത്.
ആരും എന്നെ കുറ്റപ്പെടുത്തേണ്ടന്നായി കുട്ടി. ഈ രാജ്യത്ത് നിയമങ്ങളൊക്കെയുണ്ട്. അവന്‍ ഇറങ്ങിപ്പോയി. അദ്ധ്യാപകരുടെ ചൂരല്‍ കഷായം ആവോളം ഏറ്റുവാങ്ങിയ പഴയ തലമുറക്കാരനാണ് ഞാന്‍. ഇങ്ങിനെയുള്ളവര്‍ പഴഞ്ചനായി കഴിഞ്ഞു. അവര്‍ നിശബ്ദരാവുക. കുട്ടികള്‍ യഥേഷ്ടം വളരട്ടെ എന്നാണോ ?
സ്കൂള്‍ പ്രണയങ്ങള്‍ പിടിച്ചാല്‍ അദ്ധ്യാപകനാണെങ്കില്‍ വിദ്യാര്‍ത്ഥിനി പീഡന പരാതി നല്‍കുമോ എന്ന ഭയമാണ് ആണ്‍ അദ്ധ്യാപകര്‍ക്ക്. കുട്ടികള്‍ അവരുടെ വഴിക്കു പോകട്ടെ. നശിക്കുന്നെങ്കില്‍ നമുക്കെന്തു ചേതം, എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.
39 -ാം വയസില്‍ അമ്മൂമ്മയായ ഒരു യുവതിയെ ഞാന്‍ അമേരിക്കയില്‍ വച്ചു പരിചയപ്പെട്ടു. 13 -ാമത്തെ വയസില്‍ സ്കൂളില്‍ പഠിച്ച മറ്റൊരു ആണ്‍കുട്ടി കാരണം അവള്‍ ഗര്‍ഭിണിയായി, പ്രസവിച്ചു. അവളുടെ മകളും 13 -ാമത്തെ വയസില്‍ അമ്മയായി.
അവിടൊക്കെ അച്ഛനെ കണ്ടെത്താന്‍ അവള്‍ ചൂണ്ടിക്കാട്ടുന്നവരൊക്കെ ഡി.എന്‍.എ ടെസ്റ്റിനു പോകണം. അച്ഛനാരെന്നു കണ്ടുപിടിക്കുന്നതുവരെ കുട്ടിയെ സര്‍ക്കാര്‍ നോക്കും. അമ്മക്കും കിട്ടും പാര്‍പ്പിടവും ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും. ഇവിടെ അതില്ലെന്നോര്‍ക്കണം. ആന വാ പൊളിക്കുന്നതു കണ്ട് അണ്ണാന്‍ വാ പൊളിക്കുന്നതില്‍ അര്‍ത്ഥമില്ല.
ഭര്‍ത്താവിനോട് ദേഷ്യം തോന്നിയാല്‍, മറ്റൊരു കാമുകനുണ്ടായാല്‍ ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചില അമ്മമാരെങ്കിലും അച്ഛന്‍ പീഡിപ്പിച്ചു എന്നു ചെറിയ മകളെക്കൊണ്ടു പറയിക്കാറുണ്ട്. ഭാര്യയെ പാഠം പഠിപ്പിക്കാന്‍ അച്ഛന്‍ മകനെ അമ്മ പീഡിപ്പിച്ചു എന്ന പരാതിയുമായി രംഗത്തിറക്കി അമ്മയെ ജയിലിലടപ്പിച്ച, നിയമമുള്ള നാടാണിത്.
കഴിഞ്ഞ ദിവസം ടീച്ചര്‍ എന്നൊരു സിനിമ കണ്ടു. അമലാ പോളാണ് ടിച്ചര്‍. സ്കൂള്‍ കൂട്ടികളായ നാലു പേര്‍ മയക്കു മിഠായി നല്‍കി ടീച്ചറെ മയക്കി ബലാല്‍സംഗം ചെയ്തു വിഡിയോ എടുത്തതാണ് കഥയുടെ കാതല്‍.
ഭര്‍ത്താവ് കൂടെ നില്‍ക്കുന്നില്ല. നിയമവും പോലീസും തന്നെ കൊത്തിപ്പറിക്കുമെന്നവള്‍ തിരിച്ചറിയുന്നു. അതുവരെ സിനിമ. ബാക്കിയുള്ള രംഗങ്ങള്‍ കച്ചവടക്കൂട്ടുകള്‍. അമലാ പോള്‍ ഒരു ഗുണ്ടയേയും കൂട്ടി പ്രതികാരത്തിനു പുറപ്പെടുന്നു. അവള്‍ തന്നെ കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണ്. പ്രതികളെ അടിച്ചു നിലംപരിശാക്കുന്നു.
എത്ര ടീച്ചര്‍മാര്‍ക്കാണ് കരാട്ടെ അറിയുക ? എത്ര ടീച്ചര്‍മാര്‍ക്കാണ് രക്ഷകനായി ഒരു ഗുണ്ടയെ കിട്ടുക ? അയാളെ അയക്കാന്‍ ശേഷിയുള്ള എത്ര ഭര്‍ത്താക്കന്‍മാരുടെ അമ്മമാരാണ് ഇവിടുത്തെ പാവം ടിച്ചര്‍മാര്‍ക്കുണ്ടാവുക ?
ടീച്ചര്‍മാര്‍ നമ്മുടെ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ അക്രമകാരികളെന്നു കരുതേണ്ടിവരികയല്ലേ ഇപ്പോള്‍. തിന്നു കൊഴുത്തു നടക്കുന്ന മൂരിക്കുട്ടന്‍മാരുടെ മുഖമല്ലേ ഇപ്പോഴത്തെ മിക്ക സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും ? ഇതല്ലേ ടീച്ചര്‍മാരുടെ മനസില്‍ ഭീതി വിതയ്ക്കുന്നത് ? മാനം മര്യാദക്കാരായ ആണ്‍കുട്ടികളും ഈ ബ്രാക്കറ്റില്‍പ്പെട്ടുപോവികയല്ലേ ?
എവിടേക്കാണ് നമ്മുടെ അദ്ധ്യാപന നിലവാരം പോകുന്നത് ? ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു എന്നതാണ് കോവിഡ് നമുക്കു തന്ന നേട്ടം. അതിലൂടെ പിഞ്ചു കുട്ടികള്‍പോലും ഗൂഗിളിന്‍റെ മക്കളായി മാറി. അറിവും അശ്ലീലവും വില്‍ക്കുന്ന ദൈവമാണ് ഗൂഗിള്‍.
ലാഭം നേടി നേടി ഉടമ ബ്രിന്‍ സെര്‍ജി ഇപ്പോള്‍ 37.15 ബില്യണ്‍ ഡോളറിന്‍റെ അധിപനായി. ശതകോടികള്‍, ഒരു ബില്യണ്‍ ഡോളര്‍ എന്നാല്‍ 8170 കോടി രൂപയാണ്. അതായത് ഇയാളുടെ ആസ്തി 30091 കോടി രൂപ. മൊബൈലിലെ അശ്ലീലം കണ്ട് ആനന്ദത്തിന് എം.ഡി.എം.എയും അടിച്ച് മതിമറക്കുന്ന നമ്മുടെ കുട്ടികളും അദ്ദേഹത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരല്ലേ ?