കരുവന്നൂര്‍ ബാങ്കിൽ നിന്നും നഷ്ടപ്പെട്ടത് ജനങ്ങളുടെ പണം, അടിച്ചുമാറ്റിയത് ഒരു പാർട്ടി ? നക്കാപ്പിച്ച കിട്ടിയ ആ പാവം 5 ജീവനക്കാരാണോ പ്രതികൾ ? ഈ കീഴ് ജീവനക്കാരാണോ 117 കോടി കൊണ്ടുപോയത് ? ആരോടാണീ കള്ളക്കഥ വിളമ്പുന്നത് ? ഡയറക്റ്റർ ബോർഡ് ഒന്നും അറിഞ്ഞില്ല, സഹകരണ വകുപ്പ് മേധാവികൾ അറിഞ്ഞില്ല, പാർട്ടിയുടെ ഏരിയ ചുമതലയുള്ള നേതാവ് അറിഞ്ഞില്ല, ജില്ലാ കമ്മിറ്റിയും ഒന്നും അറിഞ്ഞില്ല. കഷ്ടം ! കരുവന്നൂര്‍ ഉയര്‍ത്തുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
New Update

publive-image

Advertisment

സി.പി.എം ഭരിച്ച കരുവന്നൂര്‍ ബാങ്കു തട്ടിപ്പു കേസില്‍ പ്രതികളുടെ സ്വത്തു വകകള്‍ കണ്ടുകെട്ടാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോള്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്.

മുന്‍ സെക്രട്ടറി ടി.ആര്‍ സുനില്‍ കുമാര്‍, മുന്‍ മാനേജര്‍ ബിജു കരിം, അക്കൗണ്ടന്‍റ് സി.കെ. ജില്‍സ്, കമ്മീഷന്‍ ഏജന്‍റ് എ.കെ ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് കാഷ്യര്‍ റജി കെ. അനില്‍ എന്നിവരുടെ സ്വത്തു വകകള്‍ കണ്ടു കെട്ടാനാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അതു നന്നായി.

കുറെ പണം കിട്ടും. കുറെ കോടതി ഇടപെടലുകളിലൂടെ നിയമ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ തിരിച്ചെടുക്കും. പക്ഷെ സര്‍ക്കാര്‍ വന്‍ തുക ഇതിനകം നിക്ഷേപകര്‍ക്കു നല്‍കികഴിഞ്ഞു. സി.പി.എമ്മുകാർ പണം അടിച്ചു മാറ്റിയതിനുശേഷം ഇടികിട്ടിയത് ഖജനാവിന്. ഇതുയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്.


1.117 കോടിയുടെ വ്യാജ വായ്പകള്‍ പ്രതികള്‍ തരപ്പെടുത്തിയെന്നാണ് കേസ്. ഈ സമയത്ത് സഹകരണ വകുപ്പ് മേധാവികള്‍ എന്തു ചെയ്യുകയായിരുന്നു. ഓഡിറ്റുകാര്‍ ഉത്തരവാദികളല്ലേ ? അവര്‍ ഓഡിറ്റ് നടത്തിയിരുന്നോ ? ഈ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നോ ? മുകളിലേക്ക് റിപ്പോര്‍ട്ടു ചെയ്തിരുന്നോ ? പ്രതികളെ രക്ഷിക്കാന്‍ സഹകരണവകുപ്പിലെ ആരാണ് ശ്രമിച്ചത് ? അതാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ?


104 കോടിയുടെ തട്ടിപ്പു നടന്നുവെന്നാണ് സഹകരണ മന്ത്രി നിയമസഭയില്‍ പറഞ്ഞത്. നഷ്ടം ഓഡിറ്റുകാര്‍ 2021 ഒക്ടോബര്‍ 30 ന് മുമ്പ് കണ്ടെത്തി. 30ന് പണം പ്രതികളില്‍ നിന്നു പിടിക്കണമെന്നെഴുതി റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. 2021നു മുമ്പ് എന്തുകൊണ്ടിതു കണ്ടെത്താന്‍ കഴിഞ്ഞില്ല ?

ആരെങ്കിലും ഓഡിറ്റു നടത്തിയിരുന്നോ ? ആ റിപ്പോര്‍ട്ടെവിടെ ? 2021 ലെ റിപ്പോര്‍ട്ടില്‍ എത്രയും വേഗം തുക വസൂലാക്കണമെന്നു പറഞ്ഞിരുന്നു. പിന്നെന്തേ ഇത്രയും വൈകി നടപടിയെടുക്കാന്‍. റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്തിന് ? ആരാണതു ചെയ്തത് ? വിവരം പുറത്തു വരരുതെന്ന് ആര്‍ക്കായിരുന്നു നിര്‍ബന്ധം ?


വിജിലന്‍സ് കോടതി ഉത്തരവാണ് വിവരം പുറത്തറിയാന്‍ കാരണം. ഒരു വര്‍ഷത്തിലധികം റിപ്പോര്‍ട്ടു പൂഴ്ത്തി പ്രതികള്‍ സമ്പാദിച്ച വസ്തുവകകള്‍ വിറ്റഴിക്കാനും മറ്റുള്ളവരുടെ പേരിലേക്കു മാറ്റാനും ഉള്ള അവരസമൊരുക്കിയില്ലേ ?


അതിനു ചുക്കാന്‍ പിടിച്ചതാര് ? എന്തുകൊണ്ട് ? ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെ ? ഈ വിവരം സി.പി.എം എപ്പോഴാണറിയുന്നത് ? ആദ്യം അറിഞ്ഞത് ആര്‍ ? ഏതു കമ്മറ്റിയാണ് ആദ്യം ചര്‍ച്ച ചെയ്തത് ?

പിന്നീടേതൊക്കെ കമ്മറ്റികള്‍ ചര്‍ച്ച ചെയ്തു ? കൊള്ള കാലയളവില്‍ ആ ഏരിയ-ലോക്കല്‍ കമ്മറ്റികള്‍ ആരാണ് ഭരിച്ചത് ? അവര്‍ക്കതില്‍ പങ്കെത്രയാണ് ? പാര്‍ട്ടി ഫ്രാക്ഷനില്‍ ആരൊക്കെയുണ്ടായിരുന്നു ? അവര്‍ അറിഞ്ഞില്ലേ ? ഏതൊക്കെ പാര്‍ട്ടിക്കാരാണ് കമ്മീഷന്‍ അഥവാ കൊള്ള പങ്കുപറ്റിയത് ? അവര്‍ക്കെതിരെ എന്തുകൊണ്ടു നടപടി ഉണ്ടായില്ല ?

ആദ്യം നടന്ന അന്വേഷണ റിപ്പോര്‍ട്ട് (65 -ാം വകുപ്പു പ്രകാരം) ഒരു വര്‍ഷത്തിനകം സമര്‍പ്പിക്കണമെന്ന നിയമ വ്യവസ്ഥ എന്തുകൊണ്ടു ലംഘിക്കപ്പെട്ടു ? ആരാണ് പിന്നില്‍ ?

2020 ഓഗസ്റ്റ് 31 നു നല്‍കേണ്ട റിപ്പോര്‍ട്ട് ഒക്ടോബര്‍ 10 ന് സമര്‍പ്പിച്ചു നിയമപരമായി നിലനില്‍ക്കാത്ത അവസ്ഥ സൃഷ്ടിച്ചതെന്തിന് ? അപ്പോള്‍ പാര്‍ട്ടിയെ നയിച്ചവര്‍ ഇതൊന്നും അറിഞ്ഞില്ലേ ?


ഈച്ച പറന്നാല്‍ അറിയുന്ന പാര്‍ട്ടിയല്ലേ ? തൃശൂര്‍ ജില്ലാ നേതൃത്വത്തില്‍ ആരാണ് ഈ ഏരിയാ കമ്മറ്റിയുടെ ഈ കാലയളവിലെ ചുമതലക്കാരന്‍. ഇതുപോലെയുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പിന് ചുമതലപ്പെട്ട ആരൊക്കെയാണ് കൊള്ള മുതല്‍ കട്ടുകൊണ്ടു പോയത് ?


എന്തുകൊണ്ട് സഹകരണ ബാങ്ക് ഭാരവാഹികളും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും പ്രതികളായില്ല ? ആരൊക്കെയായിരുന്നു അവര്‍ ? കീഴ് ജിവനക്കാര്‍ മാത്രം വിചാരിച്ചാല്‍ 117 കോടി അടിച്ചു മാറ്റാനാകുമോ ? ഇല്ലെന്നിരിക്കെ ഭരിക്കുന്ന സ്വാധീനം ഉപയോഗിച്ച് ആരെയൊക്കെയാണു രക്ഷിച്ചത് ? ഇതു ചര്‍ച്ച ചെയ്ത പാര്‍ട്ടി കമ്മറ്റിയുടെ മിനിട്സ് പരസ്യപ്പെടുത്താമോ ? സുതാര്യതയുടെ ആശാന്‍മാരല്ലേ ?


ക്വാറിക്കാരുടെ കോടികള്‍ വാങ്ങി ഫണ്ടുണ്ടാക്കി തെരഞ്ഞെടുപ്പു കമ്മീഷന് ഒരു ഉളുപ്പുമില്ലാതെ കൊടുത്തിട്ട് അത് വാര്‍ത്തയായപ്പോള്‍ മറ്റുള്ള കൊള്ളക്കാരായ പാര്‍ട്ടികളുടെ പട്ടിക എന്തേ വെണ്ടക്കയില്‍ കൊടുത്തില്ലെന്ന് പറഞ്ഞ് മുഖം രക്ഷിക്കാന്‍ തത്രപ്പാടു കാട്ടുന്ന നേതാക്കള്‍ക്കിതും ഇതിനപ്പുറവും കഴിയും.


കൊള്ള മുതല്‍ തിന്നു തീര്‍ത്തവരുടെ തലയില്‍ ഇടിത്തീ വീഴണേ ഈശ്വരാ ! ഇതിനല്ലാതെ നമുക്കെന്തു ചെയ്യാനാവും.

Advertisment