ഇടതുപക്ഷമെങ്കിലും ചാൻസലറായി മല്ലികാ സാരാഭായിയുടെ തുടക്കം കൊള്ളാം. ബാക്കി ആര്‍ബര്‍ട്ട് ഐന്‍സ്റ്റിനിന്‍റെ 'പിന്‍മുറക്കാരായി' വിസിമാരായവരെപ്പോലാകാതിരുന്നാൽ മതി ! ഇന്ത്യയിലെ ഇടതു ബുദ്ധിജീവികളൊക്കെ കണ്ണുംനട്ടിരിക്കുകയാണ്. ഗവര്‍ണറെ തല്ലാന്‍ വേച്ചുവേച്ചടുത്ത ചരിത്രപണ്ഡിതന്‍ മുതല്‍ ബന്ധു പ്രണോയ് റോയ് വരെ വേലയും കൂലിയുമില്ലാതായുണ്ട്. ആദ്യം ഇവരെ നോക്കും, പിന്നെ ആനാവൂര്‍ നാഗപ്പനുവരെ സാധ്യതയുണ്ട് - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
New Update

publive-image

Advertisment

ഗവര്‍ണറില്‍ നിന്ന് യൂണിവേഴ്സിറ്റികളുടെ ചാന്‍സിലര്‍ പദവി എടുത്തുമാറ്റുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് കേരള സര്‍ക്കാര്‍ വിപ്ലവകരമായ ഒരു തീരുമാനമെടുത്തു. ലോകപ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല ചാന്‍സിലറാക്കി ഉത്തരവിറക്കി.

സാംസ്കാരിക ലോകം കോരിത്തരിച്ചു. ഇടതുപക്ഷക്കാരിയും ബി.ജെ.പി വിരുദ്ധയും ആണെങ്കിലും പരമയോഗ്യയാണ് മല്ലിക എന്നതില്‍ തര്‍ക്കമില്ല. രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന് മാതൃഭൂമിയില്‍ അവരുടെ അഭിമുഖവും വന്നു. അതു വായിച്ചപ്പോള്‍ ചിരിക്കാന്‍ തോന്നി. രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിച്ചില്ലെങ്കില്‍ എന്നു കസേര തെറിക്കുമെന്നു ചിന്തിച്ചാല്‍ മതി.


കേരളത്തിലെ സര്‍വ്വകലാശാലകളില്‍ എവിടെയെങ്കിലും രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് സി.പി.എമ്മിലെ ഒരു കുഞ്ഞുപോലും സമ്മതിക്കില്ല. ബന്ധു നിയമനങ്ങളൊക്കെ ആര്‍ഹതക്കുള്ള അംഗീകാരമെന്നാണല്ലോ വിവക്ഷ. അതുപോലെയുള്ള ഒരു തമാശയായി കരുതിയാല്‍ മതി.


സി.പി.എമ്മിലെ ഒരു മുന്‍മന്ത്രി വിളിച്ചിട്ട് ബയോഡേറ്റ അയക്കാന്‍ പറഞ്ഞപ്പോള്‍ ഇതുകൂടി പറഞ്ഞുകാണാനാണു സാധ്യത. പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കേണ്ടിവരും എന്നായിരിക്കും പറഞ്ഞിരിക്കുക.

തുടക്കത്തില്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലക്കു മഹാരാജാവ് ക്ഷണിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെയാണെന്നു പറഞ്ഞു നാം ഊറ്റംകൊള്ളുന്നതുപോലെ കലാമണ്ഡലത്തിന്‍റെ ആദ്യ ചാന്‍സിലര്‍ മല്ലികാ സാരാഭായ് ആണെന്നു പറഞ്ഞു മേനി നടിക്കാം.

ആര്‍ബര്‍ട്ട് ഐന്‍സ്റ്റിനിന്‍റെ പിന്‍മുറക്കാരെ ഒന്നു ശ്രദ്ധിക്കൂ. ഇടതുപക്ഷം വന്നപ്പോഴൊക്കെ സഹയാത്രികരായ ബുദ്ധിജീവികളെയായിരുന്നു വൈസ്‍ ചാന്‍സിലര്‍മാരായി നിയമിച്ചത്. ഒടുവില്‍ ഏഴാംകൂലികളെയും എ.കെ.ജി സെന്‍ററിന്‍റെ തിണ്ണ നിരങ്ങുന്നവരെയും പെട്ടിയെടുപ്പുകാരെയും വരെ ആ കസേരയില്‍ ഇരുത്തിയില്ലേ ?


എം.പി വീരേന്ദ്രകുമാര്‍ യു.ആര്‍ അനന്തമൂര്‍ത്തിയെ കൊണ്ടുവന്നതാണെന്നൊരപവാദം. ബാക്കി മിക്കതും പിന്‍വാതില്‍ നിയമനങ്ങളായിരുന്നു ഇരുകൂട്ടരും ഭരിച്ചപ്പോഴൊക്കെ. ഒരു ജഡ്ജി ശിപാര്‍ശ ചെയ്തപ്പോള്‍ ബന്ധുവിനു വൈസ് ചാന്‍സിലര്‍ പദവി നല്‍കിയതായി വാര്‍ത്ത പുറത്തുവിട്ടതു ചില്ലറക്കാരല്ല. അതുവരെ ഇവിടെ നടന്നു.


തുടക്കത്തില്‍ ഗവര്‍ണറെ തഴഞ്ഞിട്ട് ഏഴാംകൂലികളെ വച്ചു എന്ന പേരുദോഷം കേള്‍ക്കാന്‍ സി.പി.എം തയ്യാറാവില്ല. ആദ്യത്തെ നിയമനങ്ങള്‍ (അതിനവസരം ലഭിച്ചാല്‍) പ്രഗല്‍ഭന്‍മാര്‍ക്കായിരിക്കും. ഒക്കെ സാമ്പിള്‍ വെടിക്കെട്ടുകള്‍. കുറെ കഴിയുമ്പോള്‍ തനിനിറം പുറത്തുവരും.

എ.പി. കളക്കാടാണ് വിശ്വേത്തര നോവലിസ്റ്റെന്നു വിലയിരുത്തിയ ഇ.എം.എസിന്‍റെ പിന്‍മുറക്കാരല്ലേ. കുറെ കഴിയുമ്പോള്‍ ആനാവൂര്‍ നാഗപ്പനെ കൊച്ചി സര്‍വ്വകലാശാലയുടെ വി.സി ആക്കിയാലും അത്ഭുതപ്പെടാനില്ല. തൊഴിലാളി വര്‍ഗ രസതന്ത്രം സാങ്കേതിക പിഴവുകൂടാതെ പ്രയോഗിക്കുന്നതില്‍ തന്‍റെ പ്രാഗല്‍ഭ്യം തെളിയിച്ച നേതാവല്ലേ ആനാവൂര്‍.

മേയര്‍ എഴുതിയ കത്തു കിട്ടാതിരുന്നതിലും താനയച്ച കത്ത് സര്‍ക്കാര്‍ സ്ഥാപനമേധാവിക്കു കിട്ടാതാക്കുന്നതിലും കത്തില്ലാതെ തന്നെ അതില്‍ പറ‍ഞ്ഞവര്‍ക്കെല്ലാം ജോലി തരപ്പെടുത്തുന്നതിലും ആനാവൂര്‍ കാട്ടിയ അനിതകസാധാരണമായ ശാസ്ത്ര സാങ്കേതിക മേന്‍മ മറ്റാര്‍ക്കാണവകാശപ്പെടാനാവുക ? സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കേരള രത്നമാണ് ആനാവൂര്‍.

കുസാറ്റെന്നു പറയാന്‍ കാരണം അവിടെ ഈയിടെ നടന്ന പ്രൊഫസര്‍ നിയമന വാര്‍ത്ത പുറത്തായ ക്ഷീണം ഓര്‍ത്താണ്. ആനാവൂരായിരുന്നെങ്കില്‍ ആ വാര്‍ത്ത പുറത്തു വരുമായിരുന്നില്ല.


എം.ജി സര്‍വ്വകലാശാല പി.വി.സിയുടെ ഭാര്യക്ക് അഭിമുഖത്തിന് 20 ല്‍ 19 മാര്‍ക്കാണ് കൊച്ചി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ നിയമനത്തിന് നല്‍കിയത്. ഒരു മാര്‍ക്ക് കുറച്ച് അക്കാദമിക നീതിബോധം കാട്ടിയ ഇന്‍റര്‍വ്യൂ ബോര്‍ഡിലെ പ്രഗല്‍ഭരെ ചെരിപ്പു നക്കികളെന്നു വിളിക്കരുത്. കാരണം ചെരിപ്പുകള്‍ക്കതപമാനകരമാണ്.


ഒന്നുമല്ലെങ്കില്‍ പത്തറുപതു റാത്തല്‍ ചുമക്കുകയെന്ന മികവ് അതിനുണ്ടല്ലോ. കാല്‍നക്കികളെന്നും പറയരുത്. പ്രമുഖ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ഒരു നടിയുടെ വിരലുകള്‍ നക്കുന്നത് സോഷ്യല്‍ മീഡിയയില്‍ കടന്നു കറങ്ങുന്നുണ്ട്. കഴിവുള്ള ബുദ്ധിജീവിയാണ്. ഒരു ചാന്‍സിലര്‍ പദവി കൊടുത്ത് വര്‍മ്മയെ ആദരിക്കണം.

ഇന്ത്യയിലുള്ള ഇടതുപക്ഷ ബുദ്ധിജീവികളൊക്കെ ഇനി കേരളത്തിലേക്കു തിരിയും. യെച്ചൂരിവഴി വരുന്ന ശിപാര്‍ശകളൊക്കെ പിണറായി കണ്ണുംപൂട്ടിയാണ് നടത്തുന്നത്. അതുപോലെയാകും ചാന്‍സിലര്‍ നിയമനങ്ങള്‍. ഗവര്‍ണറെ തല്ലാന്‍ വേച്ചുവേച്ച് അടുത്ത ചരിത്ര പണ്ഡിതന്‍ മുതല്‍ ബന്ധു പ്രണോയ് റോയ് വരെ വേലയും കൂലിയുമില്ലാതെയായിട്ടുണ്ട്.

കേന്ദ്രകമ്മറ്റിയില്‍ നിന്നും പോളിറ്റ് ബ്യൂറോയില്‍ നിന്നും പ്രായത്തിന്‍റെ പേരില്‍ പുറത്തുപോകേണ്ടിവന്നവരെ പുനരധിവസിപ്പിക്കാന്‍ ഇടങ്ങളായി എന്നതില്‍ പാര്‍ട്ടിക്കാശ്വസിക്കാം. അല്ലെങ്കില്‍ കത്തോലിക്കാ സഭയെപ്പോലെ സെമനാരികളുണ്ടാക്കി പുനരധിവസിപ്പിക്കേണ്ടിവരുമായിരുന്നു എന്നാരും കരുതേണ്ട.

മക്കള്‍ക്കും മരുമക്കള്‍ക്കും നല്ല ഉദ്യോഗം നല്‍കി അതിനുള്ള മറുമരുന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇനി ചാന്‍സിലര്‍ പദവിയിലേക്ക് ലോക പ്രഗല്‍ഭരുടെ ഒഴുക്കായിരിക്കും. കേരളത്തിന് ഇവരെയൊക്കെ താങ്ങാനാവുമോ എന്തോ ?

Advertisment