ചാൻസലർ എന്ന വിദ്യാഭ്യാസ വകുപ്പിലെ പുതിയ മേച്ചിൽ പുറത്താണ് ലീഗിന്റെ കണ്ണ്, ഇടതുപക്ഷത്തിന്റെ ചിലവിൽ ചുളുവിൽ കാര്യം കാണാം. അടുത്ത സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് കിട്ടുമ്പോൾ 'ചാകര'യാകും. അതിനനുസരിച്ചു കോൺഗ്രസിനെ പരുവത്തിലാക്കുകയാണ് പുതിയ ലീഗ് രാഷ്ട്രീയം - ചാൻസലർ ബില്ലിൽ തട്ടി ഉലയുന്ന യു ഡി എഫ് രാഷ്ട്രീയം - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
New Update

publive-image

Advertisment

ചാന്‍സിലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്ന പ്രശ്നത്തില്‍ കോണ്‍ഗ്രസിന്‍റെ അഴകൊഴമ്പന്‍ നിലപാടാണിപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. യു.ഡി.എഫിനും കോണ്‍ഗ്രസിനും എന്തുപറ്റി എന്നു മൂക്കത്തു വിരല്‍വച്ചു ചോദിക്കുന്നവര്‍ ഏറെ.

ചാന്‍സിലര്‍ സ്ഥാനത്ത് ഭരണഘടനാ സ്ഥാപനമായ ഗവര്‍ണര്‍ തുടരണം എന്നതായിരുന്നു കോണ്‍ഗ്രസ് നിലപാട്. കെ. സുധാകരന്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ മറുകണ്ടം ചാടി.

ഗവര്‍ണറെ മാറ്റുന്നതിന് അനുകൂലമാണ് യു.ഡി.എഫ്. എന്നദ്ദേഹം പ്രഖ്യാപിച്ചു. സാക്ഷാല്‍ പിണറായിപോലും അത്ഭുതപ്പെട്ടുകാണും. 24 മണിക്കൂറിനകം സതീശന്‍ തിരിച്ചുചാടി. മാറ്റത്തെ എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞത് ഇന്നാണ്. രണ്ടുചാട്ടങ്ങള്‍ക്കുമിടക്കുള്ള കുതന്ത്രക്കുരുക്കുകള്‍ എന്തൊക്കെ ?


ലീഗ് സതീശനെ ചാക്കിട്ടു പിടിച്ചുവെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. അല്പം വ്യക്തിവിരോധം കൂടി ആയപ്പോള്‍ സതീശന്‍ ഗവര്‍ണര്‍ക്കെതിരായി. കണ്ണൂര്‍ സര്‍വ്വകലാശാല വി.സി നിയമനത്തില്‍ ഗവര്‍ണറും സി.പി.എമ്മും നാടകം കളിക്കുകയാണെന്ന് അന്ന് സതീശന്‍ പറഞ്ഞിരുന്നു.


ഭരണഘടനാ സ്ഥാപനമായ അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വി.സിക്കു തുടര്‍ നിയമനം നടത്തിയതെന്നും ഒരു ഭരണഘടനാ സ്ഥാപനം നല്‍കിയ ഉപദേശം ഗവര്‍ണറെന്ന ഭരണഘടനാ സ്ഥാപനം തള്ളുന്നതിലെ അനൗചിത്യംകൊണ്ടാണ് താന്‍ അന്ന് വി.സിയെ നിയമിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞതു മനസില്‍ വെച്ചായിരുന്നു സതീശന്‍റെ പ്രയോഗം. പ്രകോപിതനായ ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞു.

സതീശന്‍ പ്രതിപക്ഷനേതാക്കളായി തിളങ്ങിയ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ടുപഠിക്കണമെന്നായിരുന്നു ഖാന്‍റെ ഉപദേശം. അതിനുശേഷം സതീശന്‍ ഗവര്‍ണര്‍ക്കെതിരെ ഒളിയമ്പുകള്‍ എയ്തുകൊണ്ടിരിക്കുകയാണ്.

ലീഗിന് മറ്റൊരു ലക്ഷ്യമുണ്ട്. ഇക്കണക്കിനു പോയാല്‍ അടുത്ത തവണ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ലീഗ് കണക്കു കൂട്ടുന്നു. പിണറായിയും പി.കെ കുഞ്ഞാലിക്കുട്ടിയും നല്ല സ്നേഹത്തിലാണ്. ഈ സര്‍ക്കാര്‍ ലീഗിനെ ബുദ്ധിമുട്ടിക്കരുത്. അടുത്ത സര്‍ക്കാര്‍ പിണറായിയെ ശരിപ്പെടുത്താനിറങ്ങില്ല. (ഷാജി ലീഗിലെ വിമതനായതിനാല്‍ അതൊക്കെ തുടരാം). ഇതാണുടമ്പടി.


ലീഗിന്‍റെ ഉന്നം ഇതിലെങ്ങുമല്ല. പിണറായി സര്‍ക്കാര്‍ ഗവര്‍ണറെ മാറ്റി സര്‍ക്കാര്‍ ഇഷ്ടക്കാരെ ചാന്‍സിലര്‍മാരാക്കിയാല്‍ അതിന്‍റെ പേരുദോഷമെല്ലാം ഇവരുടെ തലയിലിരിക്കും. അടുത്ത സര്‍ക്കാര്‍ (യു.ഡി.എഫ്) വരുമ്പോള്‍ ഈ നിയമനങ്ങളൊക്കെ ലീഗിനു നടത്താം.


വിദ്യാഭ്യാസ വകുപ്പ് ലീഗിനായിരിക്കുമല്ലോ. എന്തൊരു ചാകരയായിരിക്കും. ഒരു പുതിയ മേച്ചില്‍പുറം മലര്‍ക്കെ തുറക്കപ്പെടും. അന്ന് എതിര്‍ക്കുന്ന സി.പി.എമ്മിന്‍റെ മുഖത്തുനോക്കി നിങ്ങളല്ലേ ഇതിനൊക്കെ കളമൊരുക്കിയതെന്നു ചോദിക്കാം. അവര്‍ വായടച്ചുനിര്‍ക്കുകയേ ഉള്ളു.

ഈ കുതന്ത്രവും സതീശനെ കളത്തിലിറക്കിയ ലീഗിനുണ്ട്. സതീശനാകട്ടെ ഒരു മുഖ്യ ഘടകകക്ഷിയെ തന്‍റെ പക്കലാക്കിയതിലുള്ള സന്തോഷം വേറെ. ഘടകകക്ഷികളുമായി ആലോചിച്ചാണ് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന സതീശന്‍റെ നിലപാട് കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറി ചെറുതല്ല.

എല്ലാവരും സതീശനന്‍റെ നേരെ തിരിഞ്ഞു. കെ. സുധാകരന്‍ ഇതിനെതിരെ പത്രസമ്മേളനം നടത്താനൊരുങ്ങി. ഹൈക്കമാന്‍റു പറഞ്ഞിട്ടാണീ നിലപാടെടുത്തതെന്നായി സതീശന്‍. ബി.ജെ.പി അവരുടെ ഏഴാംകൂലികളെ ചാന്‍സിലര്‍മാരാക്കുന്നതിനെതിരെ അഖിലേന്ത്യാനയമുണ്ടെന്നായി സതീശന്‍.

സതീശവിരോധികള്‍ ഹൈക്കമാന്‍റിലേക്കു തിരിഞ്ഞു. അഖിലേന്ത്യാതലത്തില്‍ അങ്ങിനെ നയമില്ലെന്നായി ഹൈക്കമാന്റ്. ഒടുവില്‍ സതീശന്‍ നിലപാടു മാറ്റി. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നു നീക്കുന്ന ബില്ലിനെ എതിര്‍ക്കുമെന്നു പ്രഖ്യാപിച്ചു. പിണറായിയുടെ 'ബി' ടീമെന്ന പേരുദോഷം മിച്ചം. രക്ഷിക്കാനോ ന്യായികരിക്കാനോ ലീഗെത്തിയതുമില്ല.


ലീഗിന്‍റെ പുതിയ നിലപാട് കോള്‍മയിര്‍ കൊളളിക്കുന്നതാണ്. നിയമസഭയില്‍ ബില്ലിനെ എതിര്‍ക്കും; പുറത്ത് ഗവര്‍ണറെ അനുകൂലിക്കില്ല. ഒരു ട്രാന്‍സ്ജന്‍ഡര്‍ നിലപാട്. അഭിനന്ദനാര്‍ഹമാണത്. ലീഗെന്താണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, വീണ്ടും വീണ്ടും.


ഈ പൊല്ലാപ്പെല്ലാം ഉണ്ടാക്കുന്നത് കാലഹരണപ്പെട്ട ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന് മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍ പറയാതെ പറഞ്ഞു. സേവ് യുണിവേഴ്സിറ്റി കാമ്പെയ്ന്‍ കമ്മറ്റി നേതാവ് ആര്‍.എസ് ശശികുമാറായിരുന്നു ടാര്‍ജറ്റ്. ശശികുമാറും ഷാജിര്‍ഖാനും കൂടിയാണ് ബന്ധുനിയമനങ്ങളും യുണിവേഴ്സിറ്റികളിലെ രാഷ്ട്രീയ നിയമനങ്ങളുമൊക്കെ പുറത്തു കൊണ്ടുവന്നത്. ഒന്നും ചീറ്റിപ്പോയിട്ടില്ല.

ഹൈക്കോടതി എല്ലാം ശരിവച്ചിട്ടേയുള്ളു. കോണ്‍ഗ്രസിന് സഭയില്‍ വല്ലതുമൊക്കെ പറയാനുള്ള വക ഉണ്ടായതും അങ്ങിനെയാണ്. ആര്യയുടെ കത്ത് സഭയില്‍ തിളക്കില്ല. പുറത്ത് കത്തും. സഭയില്‍ മന്ത്രി സേവ് യൂണിവേഴ്സിറ്റിക്കാരെ പരിഹസിച്ചപ്പോള്‍ അവരോട് ചോദിച്ച് പ്രസംഗമെഴുതി വായിക്കുന്ന ഒരു കോണ്‍ഗ്രസുകാരനും കമാ എന്നൊരക്ഷരം മിണ്ടിയില്ല.

സഭയില്‍ ഇല്ലാത്തവരെക്കുറിച്ചു സംസാരിക്കരുതെന്ന് ചട്ടമുണ്ട്. സേവ് യുണിവേഴ്സിറ്റിക്കാര്‍ ഉന്നയിച്ചവയില്‍ ഏതാണ് ചീറ്റിപ്പോയതെന്നെങ്കിലും ചോദിക്കാമായിരുന്നു. അതാണു കോണ്‍ഗ്രസ്. അതാണു യു.ഡി.എഫ്. കൂടെ നില്‍ക്കുന്നവന്‍റെ പാലം വലിച്ചുകളയും. കുതുകാലും പാലംവലിയുമില്ലാതെ എന്തു കോണ്‍ഗ്രസ്, എന്തു യു.ഡി.എഫ്.

Advertisment