ശരി അത്തിനേക്കുറിച്ച് അന്ന് ഇ.എം.എസ് പറഞ്ഞത് തെറ്റായിരുന്നോ ? ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് പിണറായി മുൻപ് പറഞ്ഞതോ, ഇപ്പോൾ ഗോവിന്ദൻ പറയുന്നതോ ? അന്ന് അതും ഇന്ന് ഇതും ആണു ശരിയെന്നു പറഞ്ഞു തടിതപ്പാം. പക്ഷേ അണികളില്‍ പൊട്ടന്‍മാര്‍ കുറഞ്ഞുവരികയാണെന്നോര്‍ക്കണം - ഗോവിന്ദന്‍ മാഷും ലീഗിന്‍റെ വര്‍ഗീയതയും പിന്നെ പിണറായിയും - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മുസ്ലിംലീഗ് വര്‍ഗീയ കക്ഷിയല്ല എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാഷിന്‍റെ പ്രസ്താവന കേട്ട് എത്ര ശ്രമിച്ചിട്ടും ഞെട്ടിത്തെറിക്കുന്നില്ല. പ്രതീക്ഷിച്ച എന്തോ ഒന്നു കേട്ടപോലെ.

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും മാറ്റുന്ന പ്രശ്നത്തിലുള്ള ലീഗിന്‍റെ മലക്കം മറിച്ചില്‍ കണ്ടപ്പോഴേ ഉറപ്പിച്ചതാണ് ഇതു ചാന്‍സിലര്‍ പ്രശ്നം മാത്രമല്ലെന്ന്. ഏറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്ന ലീഗ് - സി.പി.എം ചങ്ങാത്തത്തിന്‍റെ ബാക്കി പത്രമായിവേണം ഗോവിന്ദന്‍ മാഷിന്‍റെ പുതിയ ഉള്‍വിളിയെ കാണാന്‍.


ലീഗ് വര്‍ഗീയ കക്ഷിയെന്ന വിലയിരുത്തല്‍ നടത്തിയത് സി.പി.എം ആണ്. പണ്ട് പിണറായി വിജയന്‍ പലതവണ ലീഗിനെ വര്‍ഗീയകക്ഷിയെന്നു പറ‍ഞ്ഞാക്ഷേപിച്ചതാണ്. അതുകുറെ ഏറെപേര്‍ മറന്നു കാണും. ഓര്‍ക്കുന്നവരുമുണ്ട്.


മുസ്ലിം സമുദായത്തിലെ തീവ്രവാദ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതില്‍ ലീഗിന് സാരമായ പങ്കുണ്ടെന്നുപോലും ഇതുവരെ സി.പി.എം സമ്മതിച്ചിരുന്നില്ല. തീവ്രവാദികളുമായി ചങ്ങാത്തം കൂടുന്നു, എസ്.ഡി.പി.ഐയുമായി ചങ്ങാത്തം കൂടുന്നു തുടങ്ങിയ ആരോപണങ്ങള്‍കൊണ്ടവരെ ശരിപ്പെടുത്തുകയും ചെയ്തുപോന്നു.

publive-image

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗും എസ്.ഡി.പി.ഐയും തമ്മിലുണ്ടാകാമായിരുന്ന സീറ്റ് അഡ്ജസ്റ്റ്മെന്‍റ് പൊളിച്ചത് മാധ്യമങ്ങളാണെങ്കിലും പിന്നില്‍ സി.പി.എം ആയിരുന്നു.

അയോധ്യ പള്ളി ഇടിച്ചുകളഞ്ഞ ശേഷം ലീഗ് ഒന്നു ക്ഷീണിച്ചപ്പോള്‍ കോണ്‍ഗ്രസ് ലീഗിന്‍റെ വര്‍ഗീയത മാറ്റാന്‍ ഒന്നു നോക്കിയതാണ്. അന്ന് ഇന്ത്യന്‍ യൂണിയന്‍ മൈനോരിറ്റി ലീഗ് എന്ന പേരുവരെ പി.കെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും കണ്ടെത്തുകയും ചെയ്തു. അന്നത് വേണ്ടിവന്നില്ല. (ഇനി അതു വേണ്ടിവരുമായിരിക്കാം. മോഡിയല്ലേ ആള്‍).


1967 ല്‍ ഇ.എം.എസ് മന്ത്രിസഭയിലാണ് ലീഗ് (സി.എച്ച് മുഹമ്മദ് കോയ) വിദ്യാഭ്യാസ മന്ത്രിയാകുന്നത്. അതിനു മുമ്പ് കോണ്‍ഗ്രസ് പോലും ലീഗിനെ ഒരു രാഷ്ട്രീയ കക്ഷിയായി അംഗീകരിച്ചിരുന്നില്ല. ഇ.എം.എസ് ഗവണ്‍മെന്‍റ്  മലപ്പുറം ജില്ല അനുവദിച്ച് മുസ്ലിങ്ങളെയും ലീഗിനെയും സുഖിപ്പിക്കുകയും ചെയ്തു.


കെ.കെ നായര്‍ എന്ന ഒറ്റ എം.എല്‍.എയുടെ പിന്തുണക്കുവേണ്ടി പത്തനംതിട്ട ജില്ല അനുവദിച്ച കെ. കരുണാകരനാണ് പ്രീണനത്തില്‍ ഇ.എം.എസിനെ കടത്തിവെട്ടിയ നേതാവ്.

ഇ.എം.എസ് നേതൃത്വത്തിലാണ് ലീഗിനെ പിളര്‍ത്തി നാഷണല്‍ ലീഗിനെ സൃഷ്ടിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ് വിഷയമായി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഇ.എം.എസ് ശരിയത്ത് നിയമം വിവാദ വിഷയമാക്കി. ശരിയത്ത് ഉപേക്ഷിക്കണമെന്നായിരുന്നു ഇ.എം.എസ് വാദിച്ചത്.

publive-image

അന്ന് ഇ.എം.എസിന്‍റെ വായില്‍നിന്ന് വീഴുന്ന ആശയത്തില്‍ പിടിച്ചുകയറുന്ന പാര്‍ട്ടിയായിരുന്നല്ലോ സി.പി.എം. അനുയായികള്‍ ഏറ്റുപിടിച്ചു. ഏറെക്കാലം ലീഗിനെതിരെ സി.പി.എമ്മിനോടൊപ്പം നിന്ന കെ. മൊയ്തിന്‍കുട്ടി ഹാജി ഉള്‍പ്പെടെയുള്ള മഹാരഥന്‍മാര്‍ നടുങ്ങിപ്പോയി. ഇപ്പോഴത്തെ ലീഗ് നേതാവ് ഇ.ടി മുഹമമദ് ബഷീറുള്‍പ്പെടെ അന്ന് നാഷണല്‍ ലീഗിലാണ്.

സി.പി.എം ചങ്ങാത്തം ഉപേക്ഷിക്കുകയേ നാഷണല്‍ ലീഗിനു മാര്‍ഗമുണ്ടായിരുന്നുള്ളു. അവര്‍ ലീഗിലേക്കു മടങ്ങി. ഒരു കഷണം ഇപ്പുറത്തു കിടന്നു. അതാണിപ്പോഴത്തെ മന്ത്രി ദേവര്‍കോവിലിന്‍റെ പാര്‍ട്ടി.


ലീഗില്‍ തിരികെ എത്തിയവര്‍ പാണക്കാട്ടെ ആട്ടും തുപ്പും കൊണ്ട് മുറ്റത്തും ഇറയത്തും കിടന്നു ഇ.എം.എസിനെ പിരാകിക്കാണും. അതിനു ശേഷം കേരളം കണ്ട രാഷ്ട്രീയ പാര്‍ട്ടി കുതികാല്‍വെട്ട് വി.എസ് അച്യുതാനന്ദന്‍ നടത്തിയതാണ്.


ഡി.ഐ.സി ഉണ്ടായപ്പോള്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിനെ മറിച്ചിടാന്‍ ഞങ്ങളുടെ പക്കല്‍ ഫിക്സഡ് ഡെപ്പോസിറ്റ് (കരുണാകരനൊപ്പമുള്ള എം.എല്‍.എമാര്‍) ഉണ്ടെന്ന് നിയമസഭയില്‍ വീമ്പിളക്കിയ വി.എസ് കാര്യത്തോടടുത്തപ്പോള്‍ കാലുമാറി. കരുണാകരനെ തള്ളിപ്പറഞ്ഞു. സി.പി.ഐക്കൊപ്പം കൂടി. അങ്ങിനെയാണ് പിണറായി ആഗ്രഹിച്ച ഡി.ഐ.സിയുടെ എല്‍.ഡി.എഫ് പ്രവേശനം ചീറ്റിപ്പോയത്.

പക്ഷേ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായ മന്ത്രിസഭ ആദ്യമായുണ്ടായത് ഇ.എം.എസിന്‍റെ ശരിയത്ത് പ്രയോഗത്തിലായിരുന്നു. കേരളത്തിലെ ഹിന്ദു പാര്‍ട്ടിയാണ് സി.പി.എം എന്ന് ഇ.എം.എസിനറിയാമായിരുന്നു. അവരെ തൃപ്തിപ്പെടുത്തി വോട്ടുനേടുകയായിരുന്നു ഇ.എം.എസിന്‍റെ ലക്ഷ്യം. (കിറ്റ് കൊടുത്താല്‍ വോട്ടു കുത്തുന്നത്ര വളര്‍ന്നിരുന്നില്ല നമ്മുടെ പൊതു സമൂഹത്തിന്‍റെ ബൗദ്ധിക നിലവാരം അന്ന്).


ഇനി ഗോവിന്ദന്‍ മാഷിലേക്ക്. അദ്ദേഹമാണ് സി.പി.എമ്മിലെ നിലവിലെ താത്വികാചാര്യന്‍. പാര്‍ട്ടി ക്ലാസെടുപ്പൊക്കെ അദ്ദേഹത്തിന്‍റെ ചുമതലയാണ്. എന്തിനും മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക വീക്ഷണം അദ്ദേഹം അവതരിപ്പിക്കും. അദ്ദേഹം കഴിഞ്ഞേയുള്ളു മന്ത്രി പി. രാജീവിന്‍റെ സ്ഥാനം, സൈദ്ധാന്തിക കളരിയില്‍.


ശരി അത്തിനോടുള്ള സി.പി.എം സമീപനത്തില്‍ മാറ്റമുണ്ടോ ? അന്ന് ഇ.എം.എസ് പറഞ്ഞത് തെറ്റായിരുന്നോ ?

അന്ന് അതായിരുന്നു ശരി. ഇന്നു ഇതാണു ശരി. മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രം എന്നു മാര്‍ക്സ് പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞു അണികളെ തൃപ്തിപ്പെടുത്താം. പക്ഷേ സത്യസന്ധമായി പറയാമോ ? 10 വര്‍ഷം കഴിഞ്ഞാല്‍ മുമ്പത്തെ തെറ്റുകളെ തള്ളിപ്പറയുകയാണല്ലോ നമ്മുടെ രീതി.

സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി ലീഗിനെക്കുറിച്ചു പറഞ്ഞതോ ! ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് !

അന്നത്തെ രാഷ്ട്രീയത്തെ ശാസ്ത്രീയമായി വിലയിരുത്തിയപ്പോള്‍ പ്രായോഗികവും സൈദ്ധാന്തികവുമായ സമരത്തില്‍ ശരിയായ രാഷ്ട്രീയ ലൈന്‍ ഉള്‍ക്കൊള്ളുമ്പോള്‍ ലെനിനിന്‍റെ സംഘടനാ രീതി അനുസരിച്ച് അന്ന് അതും ഇന്ന് ഇതും ആണു ശരിയെന്നു പറഞ്ഞു തടിതപ്പാം. പക്ഷെ അണികളില്‍ പൊട്ടന്‍മാര്‍ കുറഞ്ഞുവരികയാണെന്നോര്‍ക്കണം.

Advertisment