Advertisment

ശുചിത്വ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പാലക്കാട് ജില്ലയില്‍ പരിശോധന തുടങ്ങി. കരിമ്പ പഞ്ചായത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നവര്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം

New Update

publive-image

Advertisment

പാലക്കാട്: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നിയമിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധന ആരംഭിച്ചു. പരിശോധനയില്‍ പിരായിരി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളിയത് കണ്ടെത്തി. പൊതുവഴിയിലെ മാലിന്യങ്ങള്‍ എത്രയും പെട്ടന്ന് നീക്കം ചെയ്ത് വീണ്ടും അവിടെ മാലിന്യം നിക്ഷേപിക്കാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സ്‌ക്വാഡ് നിര്‍ദേശം നല്‍കി.

കരിമ്പ പഞ്ചായത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നവര്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കടകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡിസ്‌പോസിബിള്‍ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവ കര്‍ശനമായി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ജില്ലയില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് വിങ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ജില്ലാ ശുചിത്വമിഷന്‍ എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടീം ആണ് പരിശോധന നടത്തുന്നത്.

കൂടാതെ സ്‌ക്വാഡ് പരിശോധന നടത്തേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിലെ പോലീസ് ഉദ്യോഗസ്ഥനും സംഘത്തില്‍ ഉണ്ടായിരിക്കും.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ-ചട്ട ലംഘനങ്ങള്‍ കണ്ടെത്തല്‍, പരിശോധന നടത്തല്‍, കുറ്റം കണ്ടെത്തല്‍, അനധികൃതമായി ഉപയോഗിക്കുകയും വില്‍പന നടത്തുന്നതുമായ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ പിടിച്ചെടുക്കല്‍, പിഴ ഈടാക്കല്‍, നിയമ നടപടികള്‍ സ്വീകരിക്കല്‍ എന്നിവയാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍. ജില്ലാ ശുചിത്വമിഷന്‍ ഓഫീസുകളാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തന ആസ്ഥാനം. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത് പറഞ്ഞു.

Advertisment