Advertisment

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥർ മകളുടെ മുന്നിൽവച്ച് പിതാവിനെ മർദ്ദിച്ചു; ഒരു പ്രസ്ഥാനം കുട്ടിച്ചോറാക്കിയിട്ടും ധാർഷ്ഠ്യത്തിനൊരു കുറവുമില്ല; അന്നമൂട്ടുന്ന കയ്യിൽത്തന്നെ ആഞ്ഞുകൊത്തണം...!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കെഎസ്ആര്‍ടിസി പൊതുജന സ്വത്താണ്. ജനങ്ങളുടെ നികുതിപ്പണമാണ്. കെടുകാര്യസ്ഥതയും ട്രേഡ് യൂണിയനിസവും കളിച്ച് ആ പ്രസ്ഥാനം തന്നെ ആരൊക്കെയോ ചേർന്ന് നശിപ്പിച്ചു. എന്നിട്ടിപ്പോൾ ശമ്പളമില്ലെന്ന നിലവിളിയാണ്. കൃത്യമായി ദൂരത്തിനു കണക്കുപറഞ്ഞു കാശുവാങ്ങുന്നവർക്ക് മാസാമാസം ഖജനാവിലെ പണം വാരിക്കോരി നൽകാൻ ഭരണകർത്താക്കളും തയ്യാറാണ്. കാരണം അവരുടെയൊക്കെ അനുചരരാണല്ലോ ഒരു ജോലിയും ചെയ്യാതെ ഇവരുടെയൊക്കെ യൂണിയനുകളുടെ തലപ്പത്തിരിക്കുന്നത്.

കാട്ടിലെ തടി തേവരുടെ ആന എന്ന അവസ്ഥയിലാണിപ്പോൾ. മാസാമാസം നഷ്ടം നികത്തി ഇതെന്തിനാണ് നടത്തികൊണ്ടുപോകുന്നത് ? ബുദ്ധിമാന്മാരും സംഘനാപാടവവുമുള്ള ട്രേഡ് യൂണിയൻ നേതാക്കളെ ഇതേൽപ്പിക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്‌താൽ പരിഹാരമാകുമെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ ഇനിയും അമാന്തിക്കുന്നത് ? കാരണം വ്യക്തമാണ് നേതാക്കൾ ട്രേഡ് യൂണിയൻ തലപ്പത്തിരുന്നു ചരടുവലി ക്കുന്നുണ്ടാകണം. കാരണം അവരുടെ വരുമാനസ്രോതസ്സ് കൂടാതെ രാഷ്ട്രീയ നിലനിൽപ്പും വലിയ വിഷയമാകാം.

പല സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി നിർമ്മിച്ചു വാടകയ്ക്ക് നൽകിയിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സുകളും കടകളുമുണ്ട്. അതിന്റെയൊക്കെ വരുമാനം എങ്ങോട്ടുപോകുന്നു ? അവർ നൽകിയിരിക്കുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റുകളും എന്തവസ്ഥയിലാണ് ? ജനങ്ങൾ അറിയേണ്ടതല്ലേ ഇതെല്ലം ?

മറ്റൊന്ന്, കാക്കി ശരീരത്തു കയറിയാൽ പിന്നെ പൊതുജനത്തിനെ ശത്രുവായിക്കാണുന്ന മാനസികാവസ്ഥ മാറിയേ തീരൂ. അല്ലാതെ ഇതൊന്നും ഗതിപിടിക്കില്ല.അതുപോലെ ന്യായമായി പ്രതികരിക്കുന്നവരെ സംയമനത്തോടെ കേൾക്കാനുള്ള സൗമനസ്യവും ഉദ്യോഗസ്ഥർക്കുണ്ടാകണം. നിയമസംരക്ഷണം ഉണ്ടെന്നുകരുതി ജനങ്ങളുടെ നെഞ്ചത്തു കയറുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല.

20 കൊല്ലം മുൻപ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ പൂർണ്ണമായും നിർത്തലാക്കി റൂട്ടുകളെല്ലാം സ്വകാര്യവൽക്കരിച്ച ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളിൽ നടന്ന സംഭവവികാസങ്ങളും ഇന്നും അവിടെ നടക്കുന്ന പബ്ലിക് ട്രാൻസ്പോർട്ടിംഗ് സംവിധാനങ്ങളും പഠിക്കാൻ എന്തുകൊണ്ട് നമ്മുടെ സർക്കാരുകൾ തയ്യാറാകുന്നില്ല ?

ഞാൻ 20 ദിവസം മുൻപ് ഛത്തീസ്‌ഗഡിൽ പോയിരുന്നു. ഇന്നും അവിടെ സ്വകാര്യ ബസ്സുകളാണ് പൂർണ്ണമായും സർവീസ് നടത്തുന്നത്. ആർക്കും ഒരു പരാതിയുമില്ല. 22 വർഷങ്ങളായി ഈ രീതി വിജയകരമായി തുടരുന്നു.

ഇതിനു ധൈര്യപൂർവ്വം തുടക്കമിട്ടത് അന്നത്തെ മുഖ്യമന്ത്രി അജിത് ജോഗിയായിരുന്നു. പെൻഷനും ശമ്പളവും നൽകാനായി ഒരു സർക്കാർ സംവിധാനം മുഴുവൻ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അനുദിനം നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന അവിടുത്തെ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വാകാര്യവൽക്കരണത്തിനെതിരേ ട്രേഡ് യൂണിയനുകൾ രംഗത്തുവന്നു. തുടർന്ന് ഹൈക്കോടതി അനുവാദത്തോടെ മുഴുവൻ ബസ്സുകളും ഡിപ്പോയും ട്രേഡ് യൂണിയനുകൾക്കു കൈമാറി അദ്ദേഹം ഉത്തരവിട്ടു. ലാഭമോ നഷ്ടമോ എന്തായാലൂം യൂണിയനുകൾ ഉത്തരവാദികൾ എന്നതായിരുന്നു കണ്ടീഷൻ.

ആറു മാസം പോലും അവർക്കത് നടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഫലമോ ഇന്ന് അതായത് കഴിഞ്ഞ 22 വർഷമായി ഇന്ത്യയിലെ മദ്ധ്യപ്രദേശ്, ഛത്തീസ്‌ ഗഡ്‌ സംസ്ഥാനങ്ങളിൽ സർക്കാർ വക സ്റ്റേറ്റ് റോഡ് ട്രാൻ സ്‌പോർട്ട് കോർപ്പറേഷൻ നിലവിലേയില്ല. അത്ഭുതകരമായ വസ്തുത അവിടുത്തെ ജനങ്ങളോ സംഘടനകളോ മാറിവന്ന സർക്കാരുകളോ ഈ വെള്ളാനയെ മടക്കിക്കൊണ്ടുവരണമെന്ന നിലപാട് പിന്നീടിതുവരെ കൈക്കൊണ്ടിട്ടുമില്ല.

ഭരണക്കാരും പ്രതിപക്ഷവും ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പുനടത്താതെ പൊതുജനങ്ങളുടെ പണം തോന്നുംപടി നഷ്ടം നികത്താൻ നൽകുന്ന പ്രവണത ഒഴിവാക്കി ഒന്നുകിൽ കെഎസ്ആര്‍ടിസിയുടെ നടത്തിപ്പും ഉത്തരവാദിത്വവും അതിലെ ട്രേഡ് യൂണിയനുകളെ ഏൽപ്പിക്കുകയോ അതല്ലെങ്കിൽ ഈ പ്രസ്ഥാനം സ്വകാര്യവൽ ക്കരിക്കുകയോ ചെയ്യണം. പൊതുജനത്തോട് ചെയ്യുന്ന വലിയ ഒരൗദാര്യമാകും ഈ നടപടി. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ ഒരു പൊതുജന അഭിപ്രയ സർവ്വേ നടത്താവുന്നതുമാണ്.

Advertisment