Advertisment

അന്നും ഇന്നും എന്നും, ലോൺ ജപ്തിയുടെ പേരിൽ നടക്കുന്നത് പൊതുജനത്തെ വ്യാപകമായി അപമാനിക്കല്‍ തന്നെ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കൊല്ലത്തെ അഭിരാമിയുടെ ആത്മഹത്യയെത്തുടർന്ന് മന്ത്രിമാർ നടത്തിയിരിക്കുന്ന പ്രസ്താവനകൾ മൊത്തത്തിൽ ഉഡായിപ്പാണ്‌. റിസർവ് ബാങ്കിന്റെ സർഫാസി നിയമം മൂലമാണത്രേ കേരള ബാങ്കിന് വീടിനുമുന്നിൽ ജപ്തി നോട്ടീസ് സ്ഥാപിക്കേണ്ടിവന്നതെന്നാണ് മന്ത്രിമാരുടെ വരട്ടുവാദം.

ജപ്‌തിവിവരത്തിന് മുന്നറിയിപ്പും നോട്ടീസും നല്കണമെന്ന നിയമമാണുള്ളത്. വീടിനുമുന്നിലെ മരത്തിൽ നാടാകെ കാണത്തക്കവിധം ഒരു കുടുംബത്തെ ഒന്നാകെ അപമാനിക്കുന്നതരത്തിൽ ജപ്തി ബോർഡ് സ്ഥാപിക്കണമെന്ന് ഏതു സർഫാസി നിയമത്തിലാണ് പറഞ്ഞിട്ടുള്ളതെന്ന് മന്ത്രിപുംഗവന്മാർ ആ കുടുംബ ത്തോടും ജനങ്ങളോടും പറയണം. ഇത് പ്രാകൃതമായ നിയമമാണ്. റിസർവ് ബാങ്കിന്റെ ഒരു നിർദ്ദേശങ്ങ ളിലും ഇതില്ല. മന്ത്രിമാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.

ലോണെടുത്തതിന്റെ പേരിൽ മുഴുവൻ നാട്ടുകാരെയും അറിയിച്ചു വ്യക്തിയെയോ കുടുംബത്തെയോ അപമാനിക്കണമെന്ന് ഒരു നിയമത്തിലും പറയുന്നില്ല. ഇവിടെ വായ്പക്കാരനോ നോമിനിയോ അറിയാതെ യാണ് വീടിനുമുന്നിൽ ബോർഡ് വച്ചതെന്നതും ഓർക്കണം.

രാഷ്ട്രീയക്കാരുടെ പുരധിവാസകേന്ദ്രങ്ങളായി സഹകരണസ്ഥാപനങ്ങൾ മറിയത്തിന്റെ ഫലമാണ് ഈ നെറികെട്ട ജപ്തിഭീഷണി നടപടി.എന്നിട്ട് ഒരു ലജ്ജയുമില്ലാതെ കേന്ദ്രത്തിന്റെ മേൽ പഴിചാരുന്നു.

നമ്മളറിയണം അവിടെ എന്താണ് നടന്നതെന്ന് ?

റിസർവ് ബാങ്ക് പറഞ്ഞിട്ടാണോ ബാങ്കിന്റെ ബ്രാഞ്ച്, ഏരിയ മാനേജർമാർ നേരിട്ട് ആ വീടിനു മുന്നിലെ മാവിൽ വീട്ടുകാർക്കല്ല, നാട്ടുകാർക്കെല്ലാം കാണാവുന്ന തരത്തിൽ ജപ്തി ബോർഡ് സ്ഥാപിച്ചത് ?

ഏത് സർഫാസി നിയമപ്രകാരമാണ് അഭിരാമിയുടെ കിടപ്പുരോഗിയായ മുത്തച്ഛനെക്കൊണ്ട് രേഖകളിൽ ഒപ്പ് വെയ്പിച്ചത് ?

അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് മന്ത്രിമാരും കേരള ബാങ്ക് പ്രസിഡന്റും അറിയിച്ചെങ്കിലും ഇതുവരെയും എന്തുകൊണ്ട് ഒന്നുമുണ്ടായില്ല ?

റിസർവ് ബാങ്കിന്റെ സർഫാസി നിയമപ്രകാരമാണ് മാവിൽ ബോർഡ് സ്ഥാപിച്ചതെങ്കിൽ പിന്നെന്താണവോ അന്വേഷണവും നടപടിയും ഉണ്ടാകാൻ പോകുന്നത് ?

ആടിനെ പട്ടിയാക്കാനുള്ള വിദ്യ നമ്മുടെ നേതാക്കളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. പ്രായപൂർത്തിയായ ഒരു പെണ്കുട്ടിയുള്ള വീടിന് മുന്നിൽ പ്രാകൃതവും അപമാനകാരവുമായ തരത്തിൽ ജപ്തി ബോർഡ് വച്ചത് നിയമപരമാണോ എന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ വരെ ഭിന്നാഭിപ്രായമാണ് എന്ന വിവരം നേതാ ക്കൾക്കറിയുമോ ? എങ്കിൽ ആരാണ് ആ ബോർഡ് വയ്ക്കാൻ അവരെ നിർബന്ധിച്ചത് ?

ഹൈക്കോടതിവരെ സ്വമേധയാ അന്വേഷണം നടത്തുന്ന ഈ വിഷയത്തിൽ , ബാങ്ക് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും വായ്‌പ നൽകിയ പണം തിരിച്ചുചോദിക്കുന്നത് ബ്രഹ്മഹത്യയല്ലെന്നുമുള്ള കേരള ബാങ്ക് ചെയർമാന്റെ പ്രസ്താവന ലജ്ജാകരമെന്നു മാത്രമല്ല ക്രൂരവുമാണ്.

വായ്‌പ തിരിച്ചു ചോദിക്കുന്നത് കുറ്റമല്ല, നൽകില്ലെന്ന് ആരും പറഞ്ഞതുമില്ല. സാവകാശമാണ് ആ കുടുംബം ആവശ്യപ്പെട്ടത്. കോവിഡ് കാലത്ത് ഗൾഫിൽ തൊഴിൽ നഷ്ടപ്പെട്ടവരെ ഉദ്ധരിക്കുമെന്ന് ഘോരഘോരം പറഞ്ഞ നേതാക്കളും ഭരണകർത്താക്കളും എവിടെപ്പോയൊളിച്ചു.

അഭിരാമിയുടെ പിതാവിന് കോവിഡ് കാലത്ത് ഗൾഫിലെ തൊഴിൽ നഷ്ടപ്പെട്ടു മടങ്ങിയതാണ്. ഒരു സഹാ യവും അദ്ദേഹത്തിന് നല്കിയില്ലെന്നതോ പോകട്ടെ തൊഴിലാളിവർഗ്ഗ നേതാക്കളെന്ന് അവകാശപ്പെടുന്നവർ ആധിപത്യം പുലർത്തുന്ന സഹകരണ ബാങ്കിൽ നിന്ന് അപമാനവും അഭിമാനക്ഷതവുമാണ് ആ കുടുംബ ത്തിനുണ്ടായത്.

ഫലമോ SSLC യിൽ എല്ലാ വിഷയത്തിനും A + നേടിയ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനി യായിരുന്ന അഭിരാമി എന്ന 20 വയസ്സുകാരി പെൺകുട്ടി അപമാനഭാരം താങ്ങാനാകാതെ ആത്മഹത്യചെയ്തു. കേരള ബാങ്ക് ഭരിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥരും നേതാക്കളും ഒപ്പം ധനകാര്യ - സഹകരണ വകുപ്പ് മന്ത്രിമാ രുമാണ് ഇതിനുത്തരവാദികൾ.

ഇതാ എനിക്കുണ്ടായ മറ്റൊരുദാഹരണം...

ഞാൻ താമസിക്കുന്ന വീടിന് കഴിഞ്ഞ വർഷം വീട്ടുകരം അടച്ചില്ലെന്നു കാണിച്ച് തലവൂർ പഞ്ചായത്തിൽ (കൊല്ലം ജില്ല) നിന്നും ഒരു നോട്ടീസ് വന്നു. ആ അച്ചടിച്ച നോട്ടീസിൽ കരമടച്ചില്ലെങ്കിൽ എന്തുണ്ടാകുമെന്ന ചില മുന്നറിയിപ്പുകൾ (ഭീഷണികൾ) നൽകിയിരിക്കുന്നത് കണ്ടു ഞാൻ ഞെട്ടിപ്പോയി..

"400 രൂപ വീട്ടു കരം അടച്ചില്ലെങ്കിൽ എന്നെ പ്രോസിക്യൂട്ട് ചെയ്യും, റവന്യൂ റിക്കവറി നടത്തും, സ്ഥാവരജംഗമ വസ്തുക്കൾ ജപ്തിചെയ്യും, മേൽനടപടികൾ സ്വീകരിക്കും, വിചാരണ നടത്തും.. തുടങ്ങി കുറേയേറെയുണ്ട്.. എന്തായാലും എന്നെ തൂക്കി കൊല്ലും എന്നതിലില്ലായിരുന്നു അത്രയും ഭാഗ്യം.. നോക്കുക 400 രൂപ വീട്ടുകരം അടയ്ക്കാത്തതിനാണ് ഈ തിട്ടൂരം. ബ്രിട്ടീഷ് കാലം മുതൽ തുടരുന്ന രീതി തന്നെയാണ് ഇപ്പോഴും. എന്നാൽ ഞാൻ കൃത്യസമയത്തുതന്നെ വീട്ടു കരം അടച്ചിരുന്നു എന്നതാണ് രസകരമായ വസ്തുത..

അതുകൊണ്ടുതന്നെ ആ നോട്ടീസിന് ഞാൻ വില കൽപ്പിച്ചുമില്ല. എന്നാൽ രണ്ടുദിവസം കഴിഞ്ഞപ്പോൾ സമീപത്തുള്ള തൊഴിലുറപ്പ് ജോലിയിലെ സൂപ്പർവൈസറായ ഒരു വനിത വീട്ടിൽ വന്ന് വീട്ടുകരം അടയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. കരമടച്ചുവെന്ന് പറഞ്ഞെങ്കിലും അവർക്ക് വിശ്വാസമായില്ല.

ഇതാണ് നമ്മുടെ നാട്ടിലെ അപമാനിക്കൽ രീതി. പഞ്ചായത്ത് അധികൃതർ ഓഫീസിലിരുന്ന് മേൽകീഴ് നോക്കാതെ കൽപ്പനകൾ പുറപ്പെടുവിക്കുന്നു. നാടാകെ അത് പാട്ടാകുന്നു. ഒരു വ്യക്തിയെ അവർ ഞൊടിയിടകൊണ്ട് നാട്ടാർക്കുമുന്നിൽ ഡിഫാൾട്ടർ ആക്കിമാറ്റുന്നു. അപമാനിതനാക്കി നിർബന്ധിച്ചു പണമടപ്പിക്കുന്നു.

ഞാൻ കരമടച്ചോ എന്ന് പരിശോധിക്കാൻ അപ്പോഴുമവർ തയ്യറായില്ല. പിറ്റേ ദിവസം പഞ്ചായത്തിൽ നിന്നും ഒരു വനിതാ ഉദ്യോഗസ്ഥ വീട്ടിനുള്ളിൽ വന്ന് കസേരയിൽ ഇരുപ്പുറപ്പിച്ചശേഷം അതീവഗൗരവത്തോടെ കരമടച്ച രസീത് കാട്ടാൻ കല്പിക്കുകയായിരുന്നു. അവരുടെ ധാർഷ്യഭാവവും ശരീരഭാഷയും അത്ര മാന്യമായി തോന്നാതിരുന്നതുകൊണ്ട് രസീത് കാട്ടാൻ ഞാൻ തയ്യറായില്ല.

പിന്നീട് അവർ ഭീഷണിയുടെ സ്വരത്തിലായി, നടപടിയുണ്ടാകും, വീടിനു വെളിയിൽ നോട്ടീസ് പതിക്കും, പഞ്ചായത്തിലും ഗ്രാമസഭയിലും ഞങ്ങളുടെ പേരു വെളിപ്പെടുത്തും എന്നൊക്കെയായിരുന്നു ഭീഷണികൾ. ഒടുവിൽ അവരോട് അൽപ്പം പരുഷമായിത്ത ന്നെ ഇറങ്ങിപ്പോകാൻ പറയുകയായിരുന്നു.

ആ വനിതാ ഉദ്യോഗസ്ഥയുടെ ധിക്കാരപരമായ നടപടിക്കെതിരേ ഞാൻ കരമൊടുക്കിയ രസീതിന്റെ പകർപ്പുൾപ്പെടെ തലവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പരാതി നൽകാൻ പഞ്ചായത്തിൽ ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി എനിക്കെതിരേ തിരിഞ്ഞു. അതാണ് സർക്കാർ / അർദ്ധസർക്കാർ ജീവനക്കാരുടെ പൊതുവായ രീതി. പൊതുജനത്തിനെതിരേ അവർ ഒറ്റക്കെട്ടാകും. അവർക്ക് ശക്തമായ സംഘടനയുണ്ട്.പൊതുജനം സംഘടിതരല്ല എന്ന സത്യം രാഷ്ട്രീയ നേതാക്കളെപ്പോലെ അവർക്കുമറിയാം.

നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് ഞാൻ ശക്തമായ നിലപാടെടുത്തതോടെ അവർ പിന്തിരിഞ്ഞു. കരഞ്ഞുകൊണ്ട് ആ വനിതാ ഉദ്യോഗസ്ഥ മാപ്പു ചോദിക്കുകയും ചെയ്തു.

ഇതാണ് സാധാരണക്കാരോട് ഉദ്യോഗസ്ഥവിഭാഗം കാട്ടുന്ന നെറികേടുകൾ. സംശയമുണ്ടെങ്കിൽ ഇനി നിങ്ങൾ പഞ്ചായത്ത് - വില്ലേജ് ഓഫീസുകളിലോ സഹകരണ സ്ഥാപനങ്ങളിലോ പോകുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. അപ്പോഴറിയാം അവരുടെയൊക്കെ നമ്മോടുള്ള സമീപനങ്ങളുടെ രീതികൾ..

Advertisment