കേരളത്തിൽ ഏറ്റവും കൃത്യതയോടെ പ്രതികരിക്കുന്ന ആൾ ആരെന്നു ചോദിച്ചാൽ സംശയിക്കാതെ പറയാവുന്ന ഉത്തരമാണ് നടൻ മമ്മൂട്ടി. സ്വർണം പോലെ അളന്ന് തൂക്കിയ വാക്കുകൾ. ഒരക്ഷരം അങ്ങോട്ടുമില്ല , ഇങ്ങോട്ടുമില്ല. അതിനാൽ തന്നെ മമ്മൂട്ടി പ്രതികരിക്കുകയെന്നതും വിരളമായിരിക്കും.
അതിനാൽ തന്നെ ഒരു വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചാൽ എല്ലാവരും അത് ശ്രദ്ധിക്കുന്നത് സ്വാഭാവികം മാത്രം. കഴിഞ്ഞ ദിവസം ഒരു വിഷയത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം ഉത്കണ്ഠ ഉളവാക്കുന്നതാണ്.
വിഷയം ശ്രീനാഥ് ഭാസിയാണ്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്ക് സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത് ശരിയായില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. ആർക്കും തൊഴിൽ നിഷേധിക്കാൻ പാടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് കഞ്ഞികുടി മുട്ടിക്കരുത് എന്ന്. കേൾക്കുമ്പോൾ വളരെ ശരിയായി തോന്നും.
ഇതിന്റെ പിന്നാമ്പുറ കഥകൾ മമ്മൂട്ടിക്ക് അറിയാഞ്ഞിട്ടല്ല. ശ്രീനാഥ് ഭാസി അനവധി നിർമ്മാതാക്കളുടെ കഞ്ഞി കുടി മുട്ടിച്ചിരിക്കുകയാണ്. പല സിനിമകളും അയാൾ തീർത്ത് കൊടുക്കാനുണ്ട്. സിനിമ ചെയ്ത് തീർത്താൽ മാത്രമേ റിലീസ് ചെയ്യാൻ പറ്റു. റിലീസ് ചെയ്താലേ മുടക്കു മുതൽ തിരികെ കിട്ടു. ശ്രീനാഥ് ഭാസി പല സിനിമകളും പാതിവഴിയിൽ ആക്കി വച്ചിരിക്കുകയാണ്. അയാൾക്ക് സിനിമയിൽ അച്ചടക്കമില്ല. അപ്പോൾ ആര് ആരുടെ കഞ്ഞി കുടി ആണ് മുട്ടിച്ചിരിക്കുന്നത് ? ഇത് മമ്മൂട്ടിക്ക് അറിയാഞ്ഞിട്ടാണോ ?
എന്തെങ്കിലും അസുഖമോ അപകടമോ വന്നതാണെങ്കിൽ ന്യായമുണ്ട്. ശ്രീനാഥ് ഭാസി മയക്കുമരുന്നിന് അടിമയാണ് എന്നാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്.
അതയാളുടെ മോശം പെരുമാറ്റങ്ങളിൽ നിഴലിക്കുന്നുണ്ട്. അത് പരിശോധിക്കാനാണ് പോലീസ് അയാളുടെ ശരീര സാമ്പിളുകൾ എടുത്തിട്ടുള്ളത്. ഇതിന് മുൻപ് രണ്ട് പ്രാവശ്യം അയാൾക്ക് മുന്നറിയിപ്പ് നൽകിയതാണ്.
ഇപ്പോൾ അയാൾക്കെതിരെ അവതാരിക പരാതി നൽകിയതിനു പിന്നാലെ പോലീസ് കേസ് എടുത്തപ്പോഴാണ് വിലക്ക് ഏർപ്പെടുത്തിയത്. അതും വിലക്ക് എന്ന് പറയാൻ പറ്റില്ല.
ചെയ്ത് തീർക്കാൻ ഉള്ള പടങ്ങൾ തീർത്ത് കൊടുത്തതിനുശേഷം പുതിയ പടം ചെയ്യാം എന്നാണ് ശ്രീനാഥ് ഭാസിയോട് പറഞ്ഞിരിക്കുന്നത്. ഒരു നല്ല നടപ്പ് മാത്രം.
മലയാള സിനിമാ സെറ്റിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഷൈൻ ടോം ചാക്കോ എന്ന നടനെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയിരുന്നു. അതോടൊപ്പം മലയാള സിനിമയിലെ പ്രമുഖരായ രണ്ട് യുവ നടൻമാരുടെ പേരും ഉയർന്ന് വന്നിരുന്നു.
പ്രസ്തുത യുവനടൻമാർ രണ്ട് പേരും മലയാള സിനിമയിലെ രണ്ട് പ്രമുഖരുടെ മക്കളായതു കൊണ്ട് അന്ന് ഷൈൻ ടോം ചാക്കോ രക്ഷപെട്ടു. മയക്കുമരുന്നിന് അടിമയായ ശ്രീനാഥ് ഭാസിക്കനുകൂലമായി മമ്മൂട്ടി പ്രതികരിച്ചതാണ് സമൂഹത്തെ ഞെട്ടിച്ചിരിക്കുന്നത്.മമ്മൂട്ടി എന്തായാലും മയക്കുമരുന്നെന്നല്ല മദ്യത്തെപ്പോലുംഅനുകൂലിക്കുന്ന നിലപാടുള്ള ഒരാളല്ല. അത് മലയാളികൾക്കറിയാം. ഒരു തിന്മകളുടെയും പിന്നിൽ മമ്മൂട്ടിയുടെ പേരുയർന്നിട്ടില്ല. അതിനാലാണ് മമ്മൂട്ടിയുടെ ഈ അഭിപ്രായം പ്രത്യേകം പരിശോധിക്കപ്പെടുന്നത്.
ഇതിനൊപ്പം കൂട്ടി വായിക്കാൻ മമ്മൂട്ടിയുടെ തന്നെ ചില മുൻ നിലപാടുകളുമുണ്ട്.
മഹാനടനായ തിലകനെ അമ്മയിൽ നിന്ന് പുറത്താക്കി കഞ്ഞികുടി മുട്ടിച്ചു പടിയടച്ച് പിണ്ഡം വച്ചപ്പോൾ മമ്മൂട്ടി എവിടെ ആയിരുന്നു. ? അന്ന് തിലകന് തൊഴിൽ നിഷേധിക്കാൻ ഇയാൾ ഉൾപ്പെടെ എല്ലാ തമ്പ്രാക്കൻമാരും കൂട്ടുനിന്നില്ലേ ?
അദ്ദേഹത്തിന്റെ അവസാന കാലം എങ്ങിനെ ആയിരുന്നുവെന്ന് എല്ലാവർക്കും അറിവുള്ളതല്ലേ ? തിലകൻ മയക്കുമരുന്ന് ഉപയോഗിക്കുകയോ സിനിമ തീർക്കാതിരിക്കുകയോ ചെയ്തില്ലല്ലോ? അന്ന് മമ്മൂട്ടിയുടെ നീതിബോധം എവിടെ ആയിരുന്നു ? തിലകൻ 'അമ്മയിൽ അംഗമായിരുന്നു.
അമ്മയിൽ അംഗമല്ലാത്ത ശ്രീനാഥ് ഭാസി എന്നൊരു വ്യക്തിക്ക് വേണ്ടിയാണ് മമ്മൂട്ടി ഇത്തരത്തിൽ പ്രതികരിച്ചത്. അതുകൊണ്ടാണ് ഈ പ്രതികരണത്തെ എല്ലാവരും ഉത്കണ്ഠയോടെ കാണുന്നത്.
സമൂഹത്തിലെ തിന്മകൾക്കെതിരെ ശക്തമായി നിലപാട് എടുക്കേണ്ട വ്യക്തികൾ ഇങ്ങിനെ പ്രതികരിക്കുമ്പോൾ ഭയമുളവാകുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ മമ്മൂട്ടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
മമ്മൂട്ടിയല്ല ആര് പറഞ്ഞാലും ഇത്തരക്കാർക്കെതിരെ വിലക്ക് തുടരും എന്നാണ് സുരേഷ് പറഞ്ഞത് . സുരേഷിനറിയാം മമ്മൂട്ടിയെ. മമ്മൂട്ടി അനവസരത്തിൽ അനാവശ്യ വിവാദത്തിൽ ചാടാനുള്ള കാരണവും സുരേഷിനറിയും.